കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ജീവിതത്തിലേക്ക് തിരികെ നടക്കാൻ അദ്ദേഹം നടത്തിയിരുന്ന തട്ടുകട വീണ്ടും തുറന്നു. ചിറ്റൂരിൽ ജയബാലകൃഷ്ണൻ കച്ചവടം നടത്തിയിരുന്ന അതേ സ്ഥലത്ത് തന്നെയാണ് ഭാര്യ ബിന്ദുവും മക്കളായ ഭദ്രകീർത്തിയും സഹോദരനും ചേർന്ന് ഇന്ന് വൈകുന്നേരത്തോടെ തട്ടുകടയുടെ പ്രവർത്തനം പുനരാരംഭിച്ചത്.
കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്ന തട്ടുകട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച ആഡംബര കാറിടിച്ച് ജയബാലകൃഷ്ണൻ കൊല്ലപ്പെട്ടത്.
അതേസമയം, കേസിൽ പ്രതിയായ 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജയബാലകൃഷ്ണന്റെ മക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രതിയുടെ പിതാവ് ജുഡീഷ്യറിയിലെ ഉന്നത പദവി വഹിക്കുന്നയാളായതിനാൽ ഔദ്യോഗിക അധികാരം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും അതിനാൽ ജാമ്യം റദ്ദാക്കണമെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം. ഈ ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.
അപകടമുണ്ടാക്കിയ വാഹനമോടിച്ച 17-കാരന്റെ പിതാവും കേസിലെ പ്രതിയുമായ ജഡ്ജി വീണ്ടും കോടതിയിലെത്തി കേസുകൾ പരിഗണിച്ചു തുടങ്ങി. അപകടത്തിന് പിന്നാലെ കോടതി നടപടികളിൽ നിന്ന് വിട്ടുനിന്നിരുന്ന ഇദ്ദേഹം, ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്.