നഗോയ: 2026 ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ ഐച്ചി-നഗോയയില്‍ എത്തിയ ഇന്ത്യന്‍ കായികതാരങ്ങള്‍ പെരുവഴിയില്‍... കോസ്റ്റ സെറീന എന്ന ഇറ്റാലിയന്‍ വിനോദസഞ്ചാര കപ്പലില്‍ താമസമൊരുക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.
എന്നാല്‍, നഗോയയില്‍ എത്തി 12 മണിക്കൂര്‍ കഴിഞ്ഞിട്ടും ഇന്ത്യന്‍ താരങ്ങള്‍ക്കു താമസസൗകര്യം ലഭിച്ചില്ലെന്ന പരാതി ഉയര്‍ന്നു. കോസ്റ്റ സെറീന കപ്പലില്‍ ഏകദേശം 4000 ആളുകള്‍ക്കാണ് താമസിക്കാവുന്നത്.
വെള്ളം മാത്രം നല്കി
ഇന്ത്യയുടെ തുഴച്ചില്‍, ഷൂട്ടിംഗ് ടീം അംഗങ്ങളാണ് താമസസൗകര്യം ലഭിക്കാന്‍ വൈകിയതിന്റെ പേരില്‍ 12 മണിക്കൂറിലധികം പെരുവഴിയിലായത്. സംഘടകര്‍ വെള്ളം മാത്രമേ നല്കിയുള്ളൂ എന്ന ആക്ഷേപവും ഇതിനിടെ ഉയര്‍ന്നു.
ചെന്നൈ, ന്യൂഡല്‍ഹി വിമാനത്താവളങ്ങളില്‍നിന്ന് ബാങ്കോക്ക് വഴിയാണ് ഇന്ത്യന്‍ ടീം നഗോയയില്‍ എത്തിയത്. ഇന്നലെ രാവിലെ എട്ടുമണിയോടെ ഗെയിംസ് നഗരത്തില്‍ എത്തി. 12 മണിക്കൂറില്‍ അധികം നീണ്ട യാത്രയ്ക്കുശേഷം കോസ്റ്റ സെറീനയ്ക്കു മുന്നില്‍ എത്തിയെങ്കിലും താമസസൗകര്യം ലഭിച്ചില്ല. ഇന്ത്യന്‍ തുഴച്ചില്‍ സംഘത്തില്‍ 17 പുരുഷന്മാരും അഞ്ചു സ്ത്രീകളും എട്ട് ഒഫീഷ്യല്‍സും അടക്കം 30 അംഗങ്ങളാണുള്ളത്.
തറയില്‍ ഉറക്കം
ഇന്ത്യന്‍ താരങ്ങള്‍ക്കു മാത്രമല്ല, വിയറ്റ്നാം, ചൈന, കൊറിയ, തായ്ലന്ഡ് താരങ്ങള്‍ക്കും താമസസൗകര്യം ലഭിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നു. വിശ്രമിക്കാനുള്ള സൗകര്യം ലഭിക്കാതിരുന്നതോടെ താരങ്ങള്‍ തറയില്‍ കിടന്നുറങ്ങി.
ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന താരങ്ങളുടെയും ഒഫീഷ്യല്‍സിന്റെയും അംഗസംഖ്യ ക്രമാതീതമായി വര്‍ധിച്ചതാണ് സംഘാടകരെ പ്രതിസന്ധിയിലാക്കിയത്.
തടികൊണ്ടു നിര്‍മിച്ച താത്കാലിക കണ്ടെയ്നര്‍ സ്റ്റൈലിലുള്ള താമസസൗകര്യവും അധികൃതര്‍ ഒരുക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞ ആഴ്ചയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ആയിരക്കണക്കിനു താരങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നു.
താമസസൗകര്യ പ്രശ്നം ക്രമാതീതമായി ഉയരുന്നതിനിടെയായിരുന്നു ചൊവ്വാഴ്ച നഗോയ തീരത്ത് കോസ്റ്റ സെറീന കപ്പല്‍ എത്തിയത്. എന്നിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്ന വാര്‍ത്തയാണ് നഗോയയില്നിന്നു പുറത്തുവരുന്നതെന്നതാണ് ശ്രദ്ധേയം.