കൊച്ചി: പൊലിസ് കസ്റ്റഡിയില്‍ നിന്ന് പ്രതി രക്ഷപ്പെട്ടു. ബംഗ്ലാദേശ് സ്വദേശി ഹദിയുള്ള ഖാനാണ് പാലാരിവട്ടം പൊലിസിന്റെ കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടത്. കൃത്യമായി രേഖകളില്ലാതെ താമസിച്ചതിന് പിടികൂടി പൊലിസ് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ ബുധനാഴ്ച രാത്രി 8.15 ഓടെയായിരുന്നു സംഭവം.
വിരലടയാളമെടുക്കുന്നതിനിടെ ശുചിമുറിയില്‍ പോകണമെന്ന് ആവശ്യപ്പെട്ട ഇയാള്‍ ശുചിമുറിയില്‍ കയറി. ഏറെ നേരം കഴിഞ്ഞിട്ടും ഹദിയുള്ള തിരിച്ചിറങ്ങാതായതോടെ പൊലിസ് നടത്തിയ പരിശോധനയില്‍ ശുചിമുറിയുടെ ജനല്‍പ്പാളി ഇളക്കിമാറ്റി ഇയാള്‍ രക്ഷപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. പ്രതിക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
ഹദിയുള്ള അടക്കം അനധികൃതമായി താമസിച്ചിരുന്ന ആറ് ബംഗ്ലാദേശ് സ്വദേശികളെയാണ് പൊലിസ് പിടികൂടിയത്. മുഹമ്മദ് ഇബ്രാഹിം (29), സക്കീര്‍ ഖാന് (50), മുഹമ്മദ് ആരിഫ് (29), മുഹമ്മദ് ഉനുസ് ഖാന് (41), ഭാര്യ ജോഷ്വാ ബീഗം (30) എന്നിരാണ് പിടിയിലായ മറ്റുള്ളവര്‍. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇന്ത്യക്കാരെന്ന വ്യാജേന വെണ്ണല സവിത റോഡില്‍ ഷാജഹാന്റെ വീട്ടില്‍ വാടകക്ക് താമസിക്കുകയായിരുന്നു ഇവര്‍. ആക്രി ശേഖരിക്കുന്ന ജോലി ചെയ്തു വരികയായിരുന്നു. ഇവരുടെ ഫോണുകളടക്കം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.