പഴയങ്ങാടി: അടിപിടിക്കേസിലെ പ്രതി വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ. കണ്ണപുരത്ത് കഴിഞ്ഞമാസം നടന്ന അടിപിടിക്കേസിലെ പ്രതിയായ കലിക്കോട്ട് വളപ്പിൽ മനോജ് കുമാറിനെ (51) ആണ് വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കെ. കണ്ണപുരം പാലത്തിനു സമീപം ഇദ്ദേഹം താമസിച്ചിരുന്ന മുറിയിലാണ് ഇന്നലെ രാവിലെ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടത്. കഴിഞ്ഞ മാസം 20 ന് പ്രദേശത്തുണ്ടായ ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് മനോജ് കുമാറിനെയും സുഹൃത്തുക്കളെയും കണ്ണപുരം പൊലിസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ജയിൽ മോചിതനായി പുറത്തിറങ്ങി മണിക്കൂറുകൾക്കകമാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജയിലിൽ നിന്നു പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയുള്ള മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണപുരം യോഗശാലയ്ക്കു സമീപം പരേതരായ ഭാസ്കരൻ-നാരായണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സന്തോഷ്, പരേതനായ രവീന്ദ്രൻ. കണ്ണപുരം പൊലിസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി കണ്ണപുരം സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു. അസ്വാഭാവിക മരണത്തിന് കണ്ണപുരം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.