തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുള്ള തുകയുടെ ഏറിയ പങ്കും വിതരണം ചെയ്തുകഴിഞ്ഞതായി കൃഷിമന്ത്രി ടി.സിദ്ദീഖ് അറിയിച്ചു. പിആർഎസ് ഉൾപ്പെടെയുള്ള നടപടികൾ മുന്നോട്ടുപോയിട്ടുണ്ടെന്നും അടുത്ത നെല്ല് സംഭരണത്തിനായുള്ള കൂടിയാലോചനകൾ സർക്കാർ ആരംഭിച്ചുകഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ഓണക്കാലത്ത് ഹോർട്ടികോർപ്പ് ഉൾപ്പടെയുള്ള സംവിധാനങ്ങളിലൂടെ 20,65,500 കിലോഗ്രാം കാർഷികോത്പന്നങ്ങൾ, ഏകദേശം 14.25 കോടി മൂല്യമുള്ളത്, സംഭരിച്ചു വിപണിയിലെത്തിച്ചതായി മന്ത്രി അറിയിച്ചു. ഓണവിപണി പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ ഏകോപിപ്പിച്ചതിനാൽ ഉത്പന്നങ്ങൾ നൽകിയ കർഷകർക്ക് അന്നുതന്നെയോ പിറ്റേന്നു രാവിലെയോ പണം നൽകാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.
നിലവിലെ കൃഷിനാശത്തിന്റെ പശ്ചാത്തലത്തിൽ 110 കോടി അടിയന്തര സഹായം അനുവദിക്കണമെന്നും കേന്ദ്രസംഘത്തെ ഉടൻ കേരളത്തിലേക്ക് അയക്കണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിന്റെ നടപടികൾക്കായി കാത്തിരിക്കുന്നതിനൊപ്പം സംസ്ഥാന സർക്കാർ സ്വന്തം നിലയിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടനാട്ടിൽ പ്രളയത്തിൽ മോട്ടോറുകൾ, മോട്ടോർ ഷെഡുകൾ, അവയുടെ തറകൾ ഉൾപ്പെടെയുള്ള കാർഷിക അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നഷ്ടത്തിന് സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ കെഎസ് ഡിഎംഎയുമായും ദുരന്തനിവാരണ വകുപ്പുമായും ഏകോപിപ്പിച്ച് സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കമ്യൂണിറ്റി അസറ്റ് ഡെവലപ്മെന്റുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പ്രയോജനപ്പെടുത്തി സഹായം ലഭ്യമാക്കുന്നതിനുള്ള സാധ്യതകളും പരിശോധിച്ചുവരികയാണ്.