കോന്നി: മഴക്കാലപൂർവ പ്രതിരോധ പ്രവർത്തനങ്ങൾ കോന്നി മേഖലയിൽ പ്രഹസനം. ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ചുമതലയിലാണ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ടത്. എന്നാൽ ഇത് നടത്തുന്നതിൽ രണ്ട് വകുപ്പുകളും വേണ്ടത്ര ശ്രദ്ധ നൽകുന്നില്ല.
കിണറുകൾ ശുചീകരിക്കാൻ ആവശ്യമായ ബ്ലീച്ചിങ് പൗഡറുകളും മറ്റും വാർഡുകളിലെ കുടുംബശ്രീ അംഗങ്ങളെ ഏല്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ മാസത്തിലൊരിക്കൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തണമെന്ന നിർദേശവും പാലിക്കുന്നില്ല. ഇത്തരം പ്രദേശങ്ങൾ മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്.
ക്യാമറകൾ നിശ്ചലം
കക്കൂസ് മാലിന്യം ഉൾപ്പെടെ നിക്ഷേപിക്കുന്നതുമൂലം അച്ഛൻകോവിലാറ്റിലെ വെള്ളവും ഉയർന്ന അളവിൽ രോഗാണു വാഹിയായി.ഹോട്ടൽ മാലിന്യങ്ങൾ, തട്ടുകടകൾ, കോഴിക്കടകൾ എന്നിവിടങ്ങളിലെ മാലിന്യങ്ങൾ ചാക്കുകളിലും, കവറുകളിലുമാക്കി രാത്രികാലങ്ങളിൽ പഞ്ചായത്തുകടവ് പാലത്തിൽ നിന്ന് ആറ്റിലേക്ക് വലിച്ചെറിയുന്നു.
നിരവധി കുടിവെള്ളപദ്ധതികളിലേക്കുള്ള കിണറുകൾ ആറ്റു തീരത്തോടുചേർന്നുണ്ട്.രാത്രികാലങ്ങളിലെ മാലിന്യ നിക്ഷേപകരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാനാണ് പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി പഞ്ചായത്തുകടവ് പാലം, നാരായണപുരം ചന്ത, കോന്നി ടൗൺ പ്രദേശങ്ങൾ എന്നിവിടങ്ങളിലായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. എന്നാൽഇതെല്ലാം പ്രവർത്തനരഹിതമാണ്. വിവിധ വാർഡുകളിൽ ഇതിനകം പല രോഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മാലിന്യപ്രശ്നം അതിരൂക്ഷം
മാലിന്യ നിർമാർജനത്തിന് പല നടപടികളും പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടപ്പാകുന്നില്ല. നാരായണപുരം ചന്തയിൽ മാലിന്യ നിർമാർജനത്തിനായി ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഇൻസിനിറ്റർ പ്രവർത്തനരഹിതമായിട്ട് വർഷങ്ങളായി.പുതിയത് സ്ഥാപിക്കാനോ പകരം സംവിധാനം ഏർപ്പെടുത്താനോ കഴിഞ്ഞിട്ടില്ല.
ഇവിടുത്തെ ബയോഗ്യാസ് പ്ലാന്റിന്റെ അവസ്ഥയും പരിതാപകരമാണ്.
രണ്ട് പ്ലാന്റുകളുടെയും പരിസരം മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്.