തൃശൂർ: വാടാനപ്പള്ളിയിൽ വോട്ടർമാർക്ക് വിതരണം ചെയ്യാൻ ബിജെപി കിറ്റുകൾ സൂക്ഷിച്ചു എന്നാരോപിച്ച് നടന്ന പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും മറുപടിയുമായി ബിജെപി നേതാവും നടനുമായ ദേവൻ. ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും തോൽക്കുമെന്ന് ഉറപ്പായപ്പോൾ എതിരാളികൾ കെട്ടിച്ചമച്ച പച്ചനുണയാണിതെന്നും അദ്ദേഹം പ്രതികരിച്ചു.
താൻ സുഹൃത്തിന്റെ വീട്ടിൽ ചായ കുടിച്ചിരിക്കുമ്പോഴാണ് പുറത്ത് ബഹളം കേട്ടത്. കിറ്റ് വിതരണം ചെയ്തു എന്നത് നൂറ് ശതമാനം അടിസ്ഥാനമില്ലാത്ത കാര്യമാണ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയമാണ് ഇത്തരം നുണക്കഥകൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
കിറ്റുകൾ ഉണ്ടെന്ന് ആരോപിക്കപ്പെട്ട ഗോഡൗണിന്റെ മുകളിലെ മുറിയിൽ ദേവന്റെ സാന്നിധ്യം കണ്ടതാണ് വലിയ പ്രതിഷേധത്തിന് വഴിതെളിച്ചത്. കോൺഗ്രസ് പ്രവർത്തകർ ഗോഡൗൺ ഉപരോധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് ചാമ്പ്യൻ ട്രേഡേഴ്സ് ഉടമയെയും കിറ്റുകൾ ഓർഡർ ചെയ്തതെന്ന് കരുതുന്ന വാടാനപ്പള്ളി സ്വദേശി സുധീഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കിറ്റുകൾ സീൽ ചെയ്ത് നീക്കം ചെയ്തു.