വീടുകളുടെ പൂമാല എന്നാണ് അഗ്രഹാരം എന്ന പദത്തിന് അര്‍ഥം. ബ്രാഹ്മണര്‍ താമസിക്കുന്ന വീടുകളുടെ കൂട്ടമാണ് അഗ്രഹാരം. കേരളത്തില്‍ പാലക്കാടിനു പുറമേ, തമിഴ്നാട്ടിലെ തഞ്ചാവൂരിലും കര്‍ണാടകത്തിലെ ചില സ്ഥലങ്ങളിലും അഗ്രഹാരങ്ങള്‍ ഏറെ കാണാം.
‘ഇന്ദ്രനീലം ചൂടി അഗ്രഹാരം തേടി
പുഷ്യരാഗത്തേരില്‍ വന്നു നവരാത്രി..
ഇന്നു പൂമ്പരാഗം ചാര്‍ത്തിനിന്നു ശുഭരാത്രി...’
യൂസഫലി കേച്ചേരിയുടെ പ്രസിദ്ധമായ പാട്ടുവരികള്ക്കും എത്രയോ മുന്‍പ് ദക്ഷിണേന്ത്യന്‍ മനസുകള്‍ അഗ്രഹാരങ്ങളുടെ അനുപമമായ അന്തരീക്ഷങ്ങളെ പ്രണയിച്ചുതുടങ്ങിയിരുന്നു. കേരളത്തിന് അഗ്രഹാരങ്ങളുടെ പൈതൃകചാരുത പകര്‍ന്നതില്‍ കല്പാത്തിയോടും പാലക്കാടിനോടുമാണു വലിയ കടപ്പാട്.
തലപ്പൊക്കമുള്ള ആധുനിക നിര്‍മിതികള്‍ എല്ലായിടത്തും ആധുനികതയുടെ അടയാളമിടുന്ന എറണാകുളം ജില്ലയ്ക്കുമുണ്ട് ഒരു അഗ്രഹാരപ്പെരുമ. നൂറ്റാണ്ടിന്റെ നിറദീപശോഭയില് പെരിയാര്‍ തീരത്തു കാലടിയില്‍ ആദിശങ്കരന്റെ ജന്മഗൃഹത്തോടു കിന്നാരം പറഞ്ഞു നില്ക്കുന്ന അഗ്രഹാരം.
ശങ്കരചൈതന്യം
ശ്രീശങ്കരാചാര്യരുടെ ജന്മഗൃഹവും ജന്മഭൂമിക്ഷേത്രവും കാലടിയിലാണെന്നതിന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത് നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. തുടര്‍ന്നു പെരിയാര്‍ തീരത്തെ ഈ പൈതൃകകേന്ദ്രത്തോടനുബന്ധിച്ചുള്ള ക്ഷേത്രങ്ങളില്‍ പൂജകള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും ബ്രാഹ്മണസമുദായത്തില്നിന്നുള്ളവരെ കൊണ്ടുവന്നു പാര്‍പ്പിക്കാനാണ് അഗ്രഹാരം സജ്ജമാക്കിയത്. ശങ്കര ജന്മഭൂമി ക്ഷേത്രത്തിന്റെ ചുമതലയിലുള്ള ശൃംഗേരി മഠത്തിലെ സ്വാമിമാര്‍ അന്നത്തെ ഭരണാധികാരികളോടു പ്രത്യേകമായി ആവശ്യപ്പെട്ടതനുസരിച്ച് അനുവദിച്ച 25 ഏക്കറില്‍ അങ്ങനെ നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് അഗ്രഹാരമൊരുങ്ങി.
അന്നു 18 കുടുംബങ്ങള്‍
തമിഴ്, തെലുങ്ക്, കന്നഡ സംസ്കാരമുള്ള ബ്രാഹ്മണകുടുംബങ്ങളാണു കാലടി അഗ്രഹാരത്തിലെ താമസക്കാര്‍. ആരംഭകാലത്ത് പതിനെട്ടു കുടുംബങ്ങള്‍ ഇവിടെയുണ്ടായിരുന്നു. ക്ഷേത്രാചാരങ്ങളുടെ ചുമതലക്കാരായിരുന്ന ഇവര്‍ കുടുംബസമേതം താമസിച്ചു.
അരിപ്പൊടികൊണ്ട് കോലമെഴുതിയ മുറ്റങ്ങളും വേദമന്ത്ര മുഖരിതമായ പ്രഭാതങ്ങളും സന്ധ്യാദീപങ്ങള്‍ നിറഞ്ഞ സായാഹ്നങ്ങളുമൊക്കെ കാലടിക്കാര്‍ക്ക് അഗ്രഹാരാന്തരീക്ഷത്തില് സുപരിചിതമായി.
സവിശേഷം ഈ ഗ്രാമം
അഗ്രഹാരം ഉള്‍പ്പെടുന്ന നിശ്ചിത പ്രദേശത്ത ‘ഗ്രാമം’ എന്നാണു താമസക്കാര്‍ വിളിക്കുന്നത്. ഇരുവശങ്ങളിലും ഓടു മേഞ്ഞ കെട്ടിടങ്ങള്‍ക്കു നടുവിലൂടെ വിശാലമായ വഴി. അവിടം കളികളും പാട്ടുകളുമൊക്കെയായി കുട്ടികള്‍ കൈയടക്കും. തൊട്ടുരുമ്മിനില്ക്കുന്ന വീടുകളിലെ താമസക്കാരെല്ലാം ഒരു കുടുംബം പോലെ. പൊതുവായി മൂന്നു കിണറുകളാണ് ഇവർക്കുള്ളത്.
നവരാത്രി പോലുള്ള ആഘോഷനാളുകളില്‍ അഗ്രഹാരത്തിലേക്ക് സമീപവാസികളുമെത്തും. ദീപാലംകൃതമായ അഗ്രഹാരവും പരിസരങ്ങളും കാണാന്‍ നല്ല ചന്തം. ബൊമ്മക്കൊലുവുണ്ടാക്കി പൂജിക്കുന്നതും മധുരം പങ്കുവയ്ക്കുന്നതും നവരാത്രിയുടെ സൗന്ദര്യമാണ്. നവരാത്രിക്ക് വീടുകളില്‍ സുമംഗലീപൂജ പ്രധാന ചടങ്ങാണ്. സുമംഗലികള്‍ക്കു ദക്ഷിണയായി വെറ്റില കൊടുക്കുന്നത് അഗ്രഹാരത്തിലെ ആചാരങ്ങളിലുണ്ട്.
വിനായക ചതുര്‍ഥിക്ക് മോദകമാണു വീടുകളിലെ പ്രധാന വിഭവം. ശ്രീകൃഷ്ണ ജയന്തിക്കുമുണ്ട് സവിശേഷമായ ആഘോഷം. പൊരി, മലര്, നെയ്യപ്പം, മധുരത്തിലും ഉപ്പിലുമുള്ള ചീട എന്നിവയെല്ലാം ആ ദിവസങ്ങളില്‍ രുചിപ്രേമികളെ സംതൃപ്തരാക്കും.
കുട്ടികളെ വേദമന്ത്രങ്ങള്‍ പഠിപ്പിക്കാന്‍ വിവിധ കാലഘട്ടങ്ങളില്‍ ശാസ്ത്രികള്‍ ഉണ്ടായിരുന്നു. പ്രത്യേകമായ ഈണത്തില്‍ കുട്ടികള്‍ ഒരുമിച്ചുചൊല്ലുന്ന മന്ത്രങ്ങൾ ശൃംഗേരി മഠത്തിലെത്തുന്ന തീര്‍ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും വേറിട്ട അനുഭവമാണ്. ശങ്കര ജയന്തിദിനത്തില്‍ നടക്കുന്ന രഥഘോഷയാത്രയിലുമുണ്ട് അഗ്രഹാര മഹിമ.
കാലടി അഗ്രഹാരത്തിലെ താമസക്കാര്‍ മൂന്നു കുടുംബങ്ങളായി ഇന്നു ചുരുങ്ങി. പലരും വിവിധ കാലഘട്ടങ്ങളില്‍ സ്വന്തമായി വീടു നിര്‍മിച്ചും താമസം മാറ്റിയും അഗ്രഹാരം വിട്ടു. മാറിയ ജീവിതശൈലിയും വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളിലെ മാറ്റങ്ങളും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാന്‍ അവരെ പ്രേരിപ്പിച്ചതായി അഗ്രഹാരത്തില്‍ ഇപ്പോഴുള്ള രാജേശ്വരി പാട്ടി പറയുന്നു.
എണ്ണം കുറഞ്ഞു നിശബ്ദമെങ്കിലും, പൈതൃകമഹിമയുടെ ശോഭ തെല്ലും ചോരാതെ, ശ്രീശങ്കരാചാര്യരുടെ ‘കാലടി’ പതിഞ്ഞ മണ്ണിന് അഗ്രഹാരം എന്നും അനുഗ്രഹംതന്നെ.