തിരുവനന്തപുരം: പ്രഫ. എൻ. കൃഷ്ണപിള്ളയുടെ ക്ലാസിലിരിക്കാത്ത ശിഷ്യനാണ് താനെന്ന് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. കൃഷ്ണപിള്ളയുടെ 110-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ സംഘടിപ്പിച്ച കലോത്സവത്തിന്റെസമാപനത്തോടനുബന്ധിച്ച ജന്മവാർഷികദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം.
കൃഷ്ണപിള്ള സാറിൽ നിന്ന് ഏറെ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ നാടകങ്ങൾ വായിക്കാനും നാടകാവതരണങ്ങൾ ആസ്വദിക്കാനും അവസരം ലഭിച്ചു. കൃഷ്ണപിള്ളയുടെ ഓർമകൾ നിറഞ്ഞുനിൽക്കുന്ന ഫൗണ്ടേഷനിലെത്തുന്നത് തനിക്ക് ഏറെ സന്തോഷകരമായ അനുഭവമാണെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. എഴുമറ്റൂർ രാജരാജവർമ സ്വാഗതം പറഞ്ഞു. ഡോ. എം.എൻ. രാജൻ എൻ. കൃഷ്ണപിള്ള അനുസ്മരണ പ്രഭാഷണം നടത്തി. എൻ. കൃഷ്ണപിള്ള നാടകവേദിയുടെ 19-ാം വാർഷികാഘോഷം രഘൂത്തമൻ ഉദ്ഘാടനം ചെയ് തു. രാധാകൃഷ്ണൻ ശ്രീമന്ദിരം, എസ്. രാധാകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.
ബിജു പുലിപ്പാറ സ്മരണാഞ്ജലി ആലപിച്ചു. ഇന്ദിരാഭായിയും ശ്രീജിയും ചേർന്ന് ഭദ്രദീപം തെളിച്ചു. അനന്തപുരം രവി സംവിധാനം ചെയ്ത "ചെങ്കോലും മരവുരിയും' നാടക അവതരണവും നടത്തി.