നെടുങ്കണ്ടം: യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ കെട്ടിടങ്ങളുടെ ക്രമവത്കരണം ഫീസ് ഈടാക്കാതെ നടപ്പിലാക്കുമെന്ന് യുഡിഎഫ് സംസ്ഥാന കണ്‍വീനറും മുൻ റവന്യു മന്ത്രിയുമായ അടൂര്‍ പ്രകാശ് എംപി.
ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സേനാപതി വേണുവിന്റെ തെരഞ്ഞെടുപ്പു കണ്വന്ഷന് നെടുങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒന്നാം പിണറായി സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും ഭൂവിഷയത്തില്‍ കര്‍ഷകരെ വരിഞ്ഞുമുറുക്കുന്ന കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. നിര്‍മാണ നിരോധനം ഹൈറേഞ്ച് മേഖലയില്‍ പൂര്‍ണമായിത്തന്നെ നടപ്പിലാക്കി. കൂടുതല്‍ പ്രദേശങ്ങള്‍ വനമേഖകളായി പ്രഖ്യാപിച്ച് കുടിയൊഴിപ്പിക്കുന്നതിനുള്ള നീക്കം ഈ സര്‍ക്കാര്‍ നടത്തി.
ബഫര്‍ സോണ്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. പ്രക്ഷോഭങ്ങള്‍ ശക്തമായതിനെത്തുടര്‍ന്നാണ് കനത്ത ഫീസ് ഈടാക്കി കെട്ടിടങ്ങളുടെ ക്രമവത്കരണം നടത്താന്‍ ഈ സര്‍ക്കാര്‍ തയാറായത്. ഇതു കര്‍ഷകരെ കൊള്ളയടിക്കുന്ന സമീപനമാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 48,000 പട്ടയങ്ങള്‍ നല്‍കുകയും ആരോഗ്യ മേഖലയില്‍ ഇടുക്കിയില്‍ ഉള്‍പ്പെടെ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഇതിന്റെ പിതൃത്വം എല്‍ഡിഎഫ് ഏറ്റെടുക്കുകയാണെന്നും അടൂര്‍ പ്രകാശ് കുറ്റപ്പെടുത്തി.
ഈ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു തൊട്ടുമുമ്പ് പട്ടംകോളനിയില്പോലും നിര്‍മാണത്തിന് ജില്ലാ കളക്ടറുടെ അനുമതി വേണമെന്ന നിബന്ധന ഏര്‍പ്പെടുത്തി ഇടതുസര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ നിയോജകമണ്ഡലം ചെയര്മാന് എം.ജെ. കുര്യന് അധ്യക്ഷത വഹിച്ചു.
സ്ഥാനാര്‍ഥി അഡ്വ. സേനാപതി വേണു, നേതാക്കളായ നോബിള്‍ ജോസഫ്, പി.എം. അബ്ബാസ്, ഇബ്രാഹിംകുട്ടി കല്ലാര്‍, എം.എന്‍. ഗോപി, തോമസ് രാജന്, ജോസ് പൊട്ടംപ്ലാക്കല്‍, ജി. മുരളീധരന്, സി.എസ്. യശോധരന്, ബെന്നി തുണ്ടത്തില്‍, പി.എസ്. യൂനസ്, മുകേഷ് മോഹന്‍, ആര്. ബാലന്‍പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.