പത്തനംതിട്ട: അടൂർ പൊലിസ് സ്റ്റേഷൻ അതിക്രമക്കേസിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ എട്ട് പേർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജില്ലാ കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. പൊലിസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്ത് പൊലിസ് കേസെടുത്തത്.
ജൂലൈ 11ന് യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്ത് അടൂർ സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പൊലിസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് അന്ന് കേസെടുത്തിരുന്നെങ്കിലും തുടർനടപടികളുണ്ടായിരുന്നില്ല. എഫ്ഐആറിൽ പ്രതികളെ കണ്ടാൽ അറിയാവുന്നവർ എന്നുമാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
പിന്നീട് വിവരാവകാശ നിയമപ്രകാരം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുകൊണ്ടുവന്നതോടെയാണ് സംഭവം വിവാദമായത്. പൊലിസ് സ്റ്റേഷനിൽ യാതൊരുവിധ അതിക്രമവും നടത്തിയിട്ടില്ലെന്നാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ വാദം. പരാതിക്കാരി എന്ന നിലയിൽ പ്രതിയെ തിരിച്ചറിയാനാണ് സ്റ്റേഷനിലെത്തിയതെന്നും അവർ വ്യക്തമാക്കിയിരുന്നു.
സ്റ്റേഷന് അകത്തോ പുറത്തോ അക്രമസംഭവങ്ങൾ ഉണ്ടായിട്ടില്ല. പൊലിസ് ആവശ്യപ്പെട്ടതനുസരിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുക മാത്രമാണ് ചെയ്തതെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. സെല്ലിനുള്ളിൽ കയറുകയോ പ്രതിയെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും സെല്ലിന് പുറത്തുനിന്ന് സുഖമാണോ ചേട്ടാ എന്ന് മാത്രമാണ് ചോദിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.