Sports
ചെന്നൈ: ട്വന്റി 20 ലോകകപ്പിൽ സൂപ്പർ എട്ടിൽ കടന്ന് ന്യൂസിലൻഡ്. ഇന്ന് നടന്ന മത്സരത്തിൽ കാനഡയെ എട്ട് വിക്കറ്റിന് തകർത്തൊടെയാണ് ന്യൂസിലൻഡ് സൂപ്പർ എട്ടിൽ കടന്നത്.
കാനഡ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 15.1 ഓവറിൽ ലക്ഷ്യം മറികടന്നു. രചിൻ രവീന്ദ്രയുടെയും ഗ്ലെൻ ഫിലിപ്പ്സിന്റെയും തകർപ്പൻ അർധ സെഞ്ചുറികളുടെ മികവിലാണ് ന്യൂസിലൻഡ് വിജയലക്ഷ്യം മറികടന്നത്.
76 റൺസെടുത്ത ഗ്ലെൻ ഫിലിപ്പ്സാണ് ന്യൂസിലൻഡിന്റെ ടോപ്സ്കോറർ. നാല് ബൗണ്ടറിയും ആറ് സിക്സും ഫിലിപ്പ്സ് അടിച്ചെടുത്തിരുന്നു. രചിൻ 59 റൺസാണെടുത്തത്. ഫിൻ അലൻ 21 റൺസാണ് സ്കോർ ചെയ്തത്. കാനഡയ്ക്ക് വേണ്ടി ഡിലോൺ ഹെയ്ലിഗറും സാദ് ബിൻ സഫറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 173 റൺസെടുത്തത്. വെടിക്കെട്ട് സെഞ്ചുറി നേടിയ യുവ്രാജ് സമ്രയുടെ ബലത്തിലാണ് കാനഡ മികച്ച സ്കോർ പടുത്തുയർത്തിയത്. 110 റൺസാണ് യുവ്രാജ് എടുത്തത്. 65 പന്തിൽ 11 ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു യുവ്രാജിന്റെ ഇന്നിംഗ്സ്.
ടി20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡും 19 വയസുകാരനായ യുവ്രാജ് ഇതോടെ സ്വന്തമാക്കി. ക്യാപ്റ്റൻ ദിൽപ്രീത് ബജ്വ 36 റൺസെടുത്തു.
ന്യൂസിലൻഡിന് വേണ്ടി മാറ്റ് ഹെൻറി, ജേക്കബ് ഡഫി, കൈൽ ജാമീസൺ, ജെയിംസ് നീഷാം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ലണ്ടൻ: കാരാബാവോ കപ്പ് ഫുട്ബോളിൽ സെമിയിൽ കടന്ന് ആഴ്സണൽ. ക്വാർട്ടറിൽ ക്രിസ്റ്റൽ പാലസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ആഴ്സണൽ സെമിയിലെത്തിയത്.
നിശ്ചിത സമയം അവസാനിക്കുമ്പോൾ ഇരുടീമുകളും 1-1 ന് സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേയ്ക്ക് നീണ്ടത്.
തുടക്കം മുതൽ ആവേശഭരിതമായിരുന്ന മത്സരത്തിൽ 80-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ക്രിസ്റ്റൽ പാലസ് താരം മാക്സെൻസ് ലാക്രോയിക്സിന്റെ സെൽഫ് ഗോളിൽ ആഴ്സണൽ മുന്നിലെത്തുകയായിരുന്നു.
എന്നാൽ ഇഞ്ചുറി സമയത്ത് മാർക് ഗുയേഹി ക്രിസ്റ്റൽ പാലസിനെ ഒപ്പമെത്തിച്ചു. 90+5-ാം മിനിറ്റിലാണ് ഗുയേഹി ഗോൾ നേടിയത്. ഇഞ്ചുറി സമയം അവസാനിച്ചപ്പോൾ മത്സരം 1-1ന് സമനിലയിലായിരുന്നു.
തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ആഴ്സണൽ വിജയിക്കുകയായിരുന്നു. ആദ്യ അഞ്ച് കിക്കുകൾ ഇരു ടീമുകളും ലക്ഷ്യത്തിലെത്തിച്ചതോടെ സഡൻ ഡെത്തിലാണ് വിജയിയെ കണ്ടെത്തിയത്.
എട്ടാം കിക്കെടുത്ത ക്രിസ്റ്റൽ പാലസ് താരം മാക്സെൻസ് ലാക്രോയിസിന് പന്ത് വലയിലെത്തിക്കാനായില്ല. ഇതോടെ ആഴ്സണൽ ഷൂട്ടൗട്ട് 8-7 ന് വിജയിച്ച് സെമിയിലേയ്ക്ക് മുന്നേറി.
Sports
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ സെമിയിൽ. വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ തന്നെ ആയുഷ് ഷെട്ടിയെയാണ് ലക്ഷ്യ തോൽപ്പിച്ചത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ലക്ഷ്യയുടെ വിജയം. സ്കോർ 23-21,21-11. 52 മിനിറ്റാണ് മത്സരം നീണ്ടു നിന്നത്.
ഇന്ന് നടക്കുന്ന സെമിയിൽ തായ്വാന്റെ ടി.സി. ചൗവ് ആണ് ലക്ഷ്യയുടെ എതിരാളി. ഇന്ത്യൻ സമയം രാവില ഒമ്പതിനാണ് മത്സരം.