മെക്സികോ സിറ്റി: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം സ്ത്രീകളെ അടിച്ചമർത്തുന്നതിനെതിരേ ലോകവ്യാപകമായി മനുഷ്യാവകാശ സംഘടനകളും പൊതുസമൂഹവും പ്രതിഷേധങ്ങളുയർത്തുന്നുണ്ട്. താലിബാൻ ഭരണകൂടത്തിനുകീഴിൽ കടുത്ത നിയന്ത്രണങ്ങളും അവകാശ ലംഘനങ്ങളും നേരിടുന്ന സ്ത്രീകൾക്ക് അന്താരാഷ്ട്ര വേദിയിൽ പിന്തുണ പ്രഖ്യാപിച്ച് മിസ് യൂണിവേഴ്സ് ഫാത്തിമ ബോഷ് . നിലവിലെ സാഹചര്യത്തിൽ സ്വന്തം അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ പോലും സാധിക്കാത്ത അഫ്ഗാൻ വനിതകളുടെ അവസ്ഥ ലോകശ്രദ്ധയിൽ കൊണ്ടുവരികയും അവർക്കുവേണ്ടി ശക്തമായി നിലകൊള്ളുകയും ചെയ്യുമെന്നാണ് ഫാത്തിമയുടെ പ്രഖ്യാപനം. മെക്സിക്കൻ സ്വദേശിനിയായ ഫാത്തിമ ബോഷ് അന്താരാഷ്ട്ര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫാത്തിമ പങ്കുവച്ച പ്രധാന വിഷയങ്ങൾ:
അഫ്ഗാനിലെ താലിബാൻ ഭരണകൂടം സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുകയും സ്ത്രീകളെ ലൈംഗിക അടിമകളായി മാറ്റിയെന്നും ഫാത്തിമ ചൂണ്ടിക്കാണിച്ചു. വിദ്യാഭ്യാസം, ജോലി എന്നിവയ്ക്കുള്ള അവകാശങ്ങൾ നിഷേധിച്ചതിനു പുറമെ, പൊതുസ്ഥലങ്ങളിൽ സംസാരിക്കുന്നതിന് പോലും സ്ത്രീകൾക്ക് കടുത്ത വിലക്കുകളാണുള്ളത്. അഫ്ഗാനിലെ സ്ത്രീകൾക്ക് സ്വന്തമായി ശബ്ദമില്ല. ഭയമില്ലാതെ സംസാരിക്കാനോ, അവകാശങ്ങൾ ചോദിക്കാനോ അവർക്ക് സാധിക്കുന്നില്ല. മിസ് യൂണിവേഴ്സ് പദവിയിലൂടെ ലഭിച്ച ആഗോളവേദിയെ താൻ അവർക്കുവേണ്ടി സംസാരിക്കാൻ ഉപയോഗിക്കും. അവരുടെ നിശബ്ദതയ്ക്ക് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ താനൊരു ശബ്ദമാകുമെന്നും ഫാത്തിമ ബോഷ് പറഞ്ഞു.
അഫ്ഗാൻ വനിതകൾ നേരിടുന്ന പീഡനങ്ങൾ, കേവലം പ്രാദേശിക വിഷയമായി കാണരുതെന്നും, മറിച്ച് മനുഷ്യരാശി നേരിടുന്ന വലിയൊരു പ്രതിസന്ധിയാണെന്നും ഫാത്തിമ പറഞ്ഞു. ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര സമൂഹവും വിഷയത്തിൽ ശക്തമായി ഇടപെടണമെന്നും അഫ്ഗാൻ വനിതകളുടെ സ്വാതന്ത്ര്യത്തിനായി സമ്മർദം ചെലുത്തണമെന്നും ആവശ്യപ്പെട്ടു.
സൗന്ദര്യമത്സരങ്ങൾ വെറും ബാഹ്യസൗന്ദര്യ പ്രകടനവേദികളല്ലെന്നും, വലിയ മാറ്റങ്ങൾക്കും ആഗോളസമൂഹത്തെ നന്മയിലേക്കു നയിക്കാനുമുള്ള വേദികളാണെന്നു വിശ്വസിക്കുന്നതായും ഫാത്തിമ പറഞ്ഞു. തനിക്കു ലഭിച്ച പദവി, ലോകമെമ്പാടും ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി വിനിയോഗിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഫാത്തിമ ബോഷ് വ്യക്തമാക്കി.