ബെർലിൻ: ജർമനി 32 അഫ്ഗാൻ പൗരന്മാരെക്കൂടി നാടുകടത്തി. താലിബാനുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കൊലപാതകം, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തിയവരെയാണ് തിരിച്ചയച്ചതെന്ന് ജർമൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
2021ൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തതിനുശേഷം സുരക്ഷാകാരണങ്ങളാൽ താത്കാലികമായി നിർത്തിവച്ചിരുന്ന നാടുകടത്തൽ നടപടി 2024 ഓഗസ്റ്റ് 30നാണ് ജർമനി പുനരാരംഭിച്ചത്.
വർഷങ്ങൾക്കുശേഷം നടന്ന ഈ ആദ്യഘട്ടത്തിൽ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട 28 അഫ്ഗാൻ പൗരന്മാരെയാണ് ജർമനി ചാർട്ടർ വിമാനം വഴി തിരികെ അഫ്ഗാനിസ്ഥാനിലേക്കു നാടുകടത്തിയത്.
2024 മേയിൽ ജർമനിയിലെ മാൻഹൈം നഗരത്തിൽ ഒരു അഫ്ഗാൻ പൗരൻ നടത്തിയ കത്തിക്കുത്ത് ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തെത്തുടർന്ന് പൊതുജനരോഷമുയരുകയും രാജ്യസുരക്ഷ മുൻനിർത്തി ക്രിമിനൽ പശ്ചാത്തലമുള്ള അഭയാർഥികളെ തിരികെ അയയ്ക്കാൻ സർക്കാർ തീരുമാനിക്കുകയുമായിരുന്നു. 2025 ജൂലൈയിൽ ക്രിമിനൽ പശ്ചാത്തലമുള്ള 81 അഫ്ഗാൻ പുരുഷന്മാരെക്കൂടി ജർമനി നാടുകടത്തിയിരുന്നു.