ബെർലിൻ: ജർമനിയിൽ കൊടുംകുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വിദേശ പൗരന്മാർക്കെതിരേ കടുത്ത നടപടികളുമായി ഫെഡറൽ സർക്കാർ. ഗുരുതരമായ ലൈംഗികാതിക്രമങ്ങൾ, ലഹരിക്കടത്ത്, വധശ്രമം തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ട 13 അഫ്ഗാൻ പൗരന്മാരെ പ്രത്യേക ചാർട്ടർ വിമാനത്തിൽ കാബൂളിലേക്ക് നാടുകടത്തി.
കുറ്റവാളികളെയും രാജ്യസുരക്ഷയ്ക്ക് ഭീഷണിയായവരെയും പുറത്താക്കുന്ന നടപടികൾ കൂടുതൽ വിപുലീകരിക്കുമെന്നും ഇനിമുതൽ കാബൂളിലേക്ക് തുടർച്ചയായി ഡീപോർട്ടേഷൻ വിമാനങ്ങൾ സർവീസ് നടത്തുമെന്നും ഫെഡറൽ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിൻഡ് പ്രഖ്യാപിച്ചു.
നാടുകടത്തപ്പെട്ട 13 പേരിൽ 12 പേരും വിവിധ കുറ്റകൃത്യങ്ങൾക്ക് ജർമൻ ജയിലുകളിൽ തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്ന കൊടും കുറ്റവാളികളാണ്. ശിക്ഷാ കാലാവധി പൂർത്തിയായതിനെയും തുടർനടപടികളെയും തുടർന്നാണ് ഇവരെ തിരികെ സ്വന്തം രാജ്യത്തേക്ക് അയച്ചത്.
കുറ്റവാളികൾക്ക് നമ്മുടെ രാജ്യത്ത് സ്ഥാനമില്ല, അവർ രാജ്യം വിട്ടേ മതിയാകൂ. നാടുകടത്തൽ പ്രക്രിയയെ നമ്മുടെ നിയമവാഴ്ചയുടെ വിട്ടുവീഴ്ചയില്ലാത്ത ഭാഗമാക്കി മാറ്റുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
14 മാസത്തിനിടെ എട്ടാമത്തെ ചാർട്ടർ വിമാനം
കഴിഞ്ഞ 14 മാസത്തിനിടെ ജർമനിയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് തിരിക്കുന്ന എട്ടാമത്തെ വലിയ ചാർട്ടർ വിമാനമാണിത്. 2025 ജൂലൈ 18ന് 81 കുറ്റവാളികളുമായി ആദ്യ വിമാനം അയച്ചുകൊണ്ട് തുടങ്ങിയ നടപടികൾ ഈ വർഷം കൂടുതൽ വേഗത്തിലാക്കി.
2026 ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിലായി 45 പേരെയും ജൂൺ, ജൂലൈ മാസങ്ങളിൽ യഥാക്രമം 30, 31 പേരെയും നാടുകടത്തി. കഴിഞ്ഞ ഓഗസ്റ്റ് 25ന് 23 പേരെയും സെപ്റ്റംബർ ഒന്നിന് 22 പേരെയും തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അടുത്ത സംഘത്തെയും കയറ്റി അയച്ചത്.
11,400 പേർ രാജ്യം വിടേണ്ടവർ
ഔദ്യോഗിക കണക്കുകൾ പ്രകാരം 11,400 അഫ്ഗാൻ പൗരന്മാരാണ് നിലവിൽ നിയമപരമായി ജർമനി വിടേണ്ടവരുടെ പട്ടികയിലുള്ളത്. ഇതിൽ 9,600 പേർക്ക് മാനുഷിക പരിഗണനകൾ മുൻനിർത്തിയുള്ള താൽക്കാലിക ഇളവ് ലഭ്യമാണ്.
എന്നാൽ യാതൊരുവിധ സംരക്ഷണ പദവിയുമില്ലാത്ത ബാക്കി 1,800 പേരിൽ വലിയൊരു പങ്ക് ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരോ സുരക്ഷാ ഭീഷണിയുള്ളവരോ ആണെന്ന് ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നു.
ഇത്തരക്കാരെ മുൻഗണനാ ക്രമത്തിൽ വരും ആഴ്ചകളിലും നാടുകടത്താനാണ് സർക്കാരിന്റെ നീക്കം. ലൈപ്സിഗ്/ഹാലെ വിമാനത്താവളത്തിൽ നിന്നാണ് പുതിയ വിമാനവും യാത്ര തിരിച്ചത്.