ജാക്സൺ: യുഎസ് സെനറ്റ് തെരഞ്ഞെടുപ്പിൽ മിസിസിപ്പി സംസ്ഥാനത്ത് ചരിത്രവിജയം നേടി ഡെമോക്രാറ്റിക് സ്ഥാനാർഥി സ്കോട്ട് കോളം.
അടിമത്തപാരന്പര്യം പേറുന്ന ഈ സംസ്ഥാനത്തുനിന്ന് 152 വർഷത്തിനുശേഷമാണ് ഒരു ആഫ്രിക്കൻ വംശജൻ യുഎസ് സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രധാന ശക്തികേന്ദ്രമായ മിസിസിപ്പിയിൽ ഡെമോക്രാറ്റിക് പാർട്ടി സെനറ്റ് തെരഞ്ഞെടുപ്പിൽ ജയിക്കുന്നത് 44 വർഷത്തിനു ശേഷവും.
ഈ മാസം മൂന്നിനു നടന്ന തെരഞ്ഞെടുപ്പിലെ ഫലമാണ് ഇന്നലെ പുറത്തു വന്നത്. നിലവിലെ സെനറ്ററും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ സിൻഡി ഹൈഡെ സ്മിത്തിനെയാണു കോളം തോൽപ്പിച്ചത്.
ഇതോടെ നൂറംഗ യുഎസ് സെനറ്റിൽ പ്രസിഡന്റ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി പ്രാതിനിധ്യം 44 ആയി ചുരുങ്ങി; പ്രതിപക്ഷ ഡെമോക്രാറ്റുകളുടെ സംഖ്യ 55ഉം ആയി. അലാസ്ക സംസ്ഥാനത്തെ സെനറ്റ് തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാനുണ്ട്.
പൗരാവകാശ മുന്നേറ്റങ്ങളെ അടിച്ചമർത്തിയിരുന്ന മിസിസിപ്പിയിലെ ജയം ആഫ്രിക്കൻ വംശജരുടെ മധുരപ്രതികാരവുമായി. അവശ്യവസ്തുക്കളുടെ വിലവർധന ചൂണ്ടിക്കാട്ടിയാണ് കോളം പ്രചാരണം നടത്തിയത്. ഇറാൻ യുദ്ധമടക്കമുള്ള ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളിൽ മിസിസിപ്പി ജനത വഞ്ചന നേരിട്ടതായും കോളം ആരോപിച്ചിരുന്നു.