“ബാഹ്യലോകത്തിനു കണ്ണുകള്‍ എങ്ങനെയോ, അതുപോലെയാണ് ആന്തരികലോകത്തിന് ഉപവാസങ്ങള്‍.” രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വാക്കുകളാണിത്. അഹിംസയുടെയും സത്യഗ്രഹത്തിന്റെയും പരമമായ ആയുധമായിരുന്നു ഗാന്ധിജിക്ക് ഉപവാസം. അടിച്ചമര്‍ത്തുന്നവരുടെ മനഃസാക്ഷിയെ ഉണര്‍ത്താനുള്ള ധാര്‍മിക ആയുധവുമായിരുന്നു. അദ്ദേഹം 18 തവണ ഉപവാസം അനുഷ്ഠിച്ചിട്ടുണ്ട്.
നീതിക്കായി മറ്റു മാര്‍ഗങ്ങളെല്ലാം പരാജയപ്പെടുമ്പോള്‍ വാളിനു പകരമുള്ള അവസാന മാര്‍ഗമെന്ന നിലയിലേ നിരാഹാര സത്യഗ്രഹം ഉപയോഗിക്കാവൂ എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സ്വാര്ഥലക്ഷ്യങ്ങള്ക്കോ വിദ്വേഷം മൂലമോ അന്ധമായ അനുകരണമായോ അഹിംസാത്മകമായ ഉപവാസം നടത്താന്‍ പാടില്ലെന്ന് ഗാന്ധിജി നിഷ്കര്‍ഷിച്ചു. ഗാന്ധിജി പഠിപ്പിച്ച ഉപവാസ സത്യഗ്രഹം ഇന്നും ലോകത്തെ ഏറ്റവും ശക്തമായ സമരമുറയാണ്.
വാംഗ്ചുക് ഒറ്റയാനല്ല
വിദ്യാഭ്യാസ വിചക്ഷണനും സാമൂഹ്യ, പരിസ്ഥിതി പ്രവര്‍ത്തകനുമായ സോനം വാംഗ്ചുക് ഡല്‍ഹി ജന്തര്‍ മന്തറില്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് 21-ാം ദിവസത്തിലെത്തി. ആരോഗ്യനില വഷളായിട്ടും പിന്മാറാന് വാംഗ്ചുക് തയാറല്ല. നീറ്റ്-യുജി പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ച് വരെ നിരാഹാരം തുടരുമെന്നാണ് വാംഗ്ചുക് വ്യക്തമാക്കിയത്.
അതീവ ഗുരുതര സ്ഥിതി
ജൂണ്‍ 28ന് നിരാഹാര സമരം ആരംഭിച്ചതു മുതല്‍ വാംഗ്ചുകിന്റെ ശരീരഭാരം ഒമ്പതു കിലോ കുറഞ്ഞു. 59 വയസുള്ള വാംഗ്ചുകിന്റെ ഭാരം 56.55 കിലോഗ്രാമായി. രക്തസമ്മര്‍ദം 108/68 ആയി താഴ്ന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് 80 മില്ലിഗ്രാം ആയി. നിരാഹാരം തുടര്‍ന്നാല്‍ ആരോഗ്യം കൂടുതല്‍ വഷളാകുമെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്കി.
ശരീരത്തിലെ ഗ്ലൂക്കോസ് തീരുമ്പോള്‍ ശരീരം കൊഴുപ്പിനെ ഉപയോഗിക്കാന്‍ തുടങ്ങും. അതിനുശേഷം പേശികള്‍ നശിക്കാന്‍ തുടങ്ങുന്നു. ജലാംശം വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് അത് രണ്ടിലേക്കു കുറഞ്ഞു. യൂറിക് ആസിഡിന്റെ അളവു വളരെ ഉയര്‍ന്ന നിലയിലാണ്. പേശികള്‍ നശിക്കുന്നുന്നതിന്റെ സൂചനയാണിത്- വാംഗ്ചുകിനെ പരിശോധിക്കുന്ന ഡോ. സതീഷ് ലാംബ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
ഇടപെട്ട് ഹൈക്കോടതി
വാംഗ്ചുകിന്റെ ആരോഗ്യസ്ഥിതി ദിവസവും വൈദ്യശാസ്ത്രപരമായി നിരീക്ഷിക്കാന്‍ ഡല്‍ഹി ഹൈക്കോടതിക്കു നിര്‍ദേശിക്കേണ്ടിവന്നു. ഓരോ പൗരന്റെയും ജീവന് വിലപ്പെട്ടതാണ്. അതു സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്നു ചീഫ് ജസ്റ്റീസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായയും ജസ്റ്റീസ് തേജസ് കരിയയും അടങ്ങുന്ന ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ഏതു ചികിത്സയും കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കസേരയിൽ അള്ളിപ്പിടിച്ച് പ്രധാൻ
മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് 24 ലക്ഷം വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും നേരിട്ടു ബാധിച്ചു. ചുരുങ്ങിയത് 12 വിദ്യാര്‍ഥികള്‍ ജീവനൊടുക്കി. എന്നിട്ടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ്. മന്ത്രിയെ പുറത്താക്കാനോ രാജിയാവശ്യപ്പെടാനോ പ്രധാനമന്ത്രിയും തയാറല്ല. 2024ലെ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടും അതാവര്‍ത്തിക്കാതിരിക്കാന്‍ കഴിയാത്തതിന് മറ്റാരെയും പഴിചാരാന്‍ കേന്ദ്രസര്‍ക്കാരിനു കഴിയില്ല.
ചെറുജീവികളല്ല പാറ്റ
കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) സമരത്തെയും വാംഗ്ചുകിന്റെ നിരാഹാരത്തെയും മടിച്ചുമടിച്ചാണു പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണച്ചത്. നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്ക്കെതിരേ രാജ്യവ്യാപക പ്രക്ഷോഭത്തിനു പ്രതിപക്ഷ പാര്‍ട്ടികള്‍ വൈകിയപ്പോഴാണ് അമേരിക്കയിലായിരുന്ന അഭിജിത് ദിപ്കെയെന്ന ചെറുപ്പക്കാരന് സിജെപി തുടങ്ങിയത്. സമൂഹമാധ്യമങ്ങളിലൂടെ വിപ്ലവം സൃഷ്ടിച്ച സിജെപിയുടെ ഡല്‍ഹി സമരം ആര്‍ക്കും അവഗണിക്കാന്‍ കഴിയാത്ത നിലയിലേക്കു ശക്തി പ്രാപിച്ചു. രാഷ്ട്രീയ, സാമൂഹ്യ, കര്‍ഷക നേതാക്കളോടൊപ്പം നിരവധി വിദ്യാര്‍ഥികള്‍ സിജെപിയുടെ സമരത്തില്‍ പങ്കുചേരുന്നുണ്ട്.
വാംഗ്ചുകിന്റെ നിരാഹാര സമരത്തിന് ഇന്നലെയാണു മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടി പരസ്യപിന്തുണ അറിയിച്ചത്. കോണ്‍ഗ്രസ് നേതാവ് പവന് ഖേര ജന്തര്‍ മന്തറിലെ സമരപ്പന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചു. മോദി സര്‍ക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മയും പരീക്ഷാ സംവിധാനത്തിന്റെ തകര്‍ച്ചയും കണക്കിലെടുക്കുമ്പോള്‍ വാംഗ്ചുകിന്റെ സമരത്തോടു യോജിപ്പാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.
വിദ്യാര്‍ഥികളും കര്‍ഷകരും
നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വിദ്യാഭ്യാസമന്ത്രി പ്രധാന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന ഛാത്രോം കി ഗൂഞ്ച് (വിദ്യാര്‍ഥികളുടെ ശബ്ദം) സമരത്തിനായി രാഹുല്‍ ഗാന്ധി ഇന്നലെ ഡെറാഡൂണിലായിരുന്നു. വാംഗ്ചുക് അനുഭവിക്കുന്ന വേദനയും രോഷവും പങ്കുവയ്ക്കുന്നുവെന്നു വേണുഗോപാല്‍ പറഞ്ഞു. ഡല്‍ഹി കര്‍ഷകസമരത്തിന്റെ പ്രധാനി രാകേഷ് ടികായത്തും സമരസ്ഥലം സന്ദര്‍ശിച്ചു പിന്തുണ പ്രഖ്യാപിച്ചു.
ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, സമാജ്വാദി പാര്‍ട്ടി എംപി ഡിംപിള്‍ യാദവ്, എന്‍സിപി അധ്യക്ഷയും എംപിയുമായ സുപ്രിയ സുലെ, ഹരിയാനയിലെ ജെജെപി നേതാവ് ദുഷ്യന്ത് ചൗതാല തുടങ്ങിയവര്‍ കോണ്‍ഗ്രസ് നേതാവ് പവന് ഖേരയ്ക്കു പുറമെ ഇന്നലെ ജന്തര്‍ മന്തറിലെത്തി വാംഗ്ചുകിനെ സന്ദര്‍ശിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, സിപിഐയുടെ ഡി. രാജ അടക്കമുള്ള നേതാക്കളും മുമ്പേതന്നെ പന്തലിലെത്തി വാംഗ്ചുകിനെ പിന്തുണച്ചു.
രാമക്ഷേത്ര കൊള്ളയും നീറ്റും
തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം പ്രക്ഷുബ്ധമാക്കാന്‍ വാംഗ്ചുകിന്റെ നിരാഹാരവും സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ചും മതിയാകും. കോടിക്കണക്കിനു ഹൈന്ദവ വിശ്വാസികളെ ഞെട്ടിച്ച അയോധ്യ രാമക്ഷേത്രത്തിലെ വഴിപാടു കൊള്ളയും പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ വലിയ പ്രതിഷേധത്തിനു കാരണമാകും.
മണ്ഡല പുനര്‍നിര്‍ണയം അടക്കമുള്ള വിവാദ ഭരണഘടനാ ഭേദഗതികള്‍ കൊണ്ടുവന്നേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. പ്രതിപക്ഷ പാര്‍ട്ടികളെ പിളര്‍ത്തി വലിയതോതില്‍ എംപിമാരുടെ കൂറുമാറ്റം തുടരുമ്പോഴും വിവാദ ഭരണഘടനാ ഭേദഗതികള്‍ പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലോക്സഭയില്‍ ഉറപ്പാകാത്തതാണു തടസം.
ചര്‍ച്ചയും സമവായവും പ്രധാനം
വിവാദ എഫ്സിആര്‍എ ഭേദഗതി ബില്‍ ഇത്തവണ പാസാക്കാനുള്ള നീക്കം ദുരുപദിഷ്ടമാണ്. കഴിഞ്ഞ ജനുവരിയില്‍ അവതരിപ്പിച്ച ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ഭേദഗതി ബില്‍- 226, കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടു തത്കാലം മരവിപ്പിച്ചിരുന്നു. ന്യൂനപക്ഷങ്ങളെ വരുതിയിലാക്കാനുള്ള ഡെമോക്ലീസിന്റെ വാള് ആയി എഫ്സിആര്‍എ എന്ന നിയമം കേന്ദ്രം ഉപയോഗിക്കുന്നുവെന്നതാണു പ്രധാന ആശങ്ക.
സര്‍വകക്ഷി യോഗം വിളിച്ചു സമവായം ഉണ്ടാക്കിയശേഷം വിവാദ നിയമനിര്‍മാണങ്ങള്‍ നടത്തുകയാണ് അഭികാമ്യം. വീഴ്ചകള്‍ക്കും തെറ്റുകള്‍ക്കും സര്‍ക്കാരിലെ ഉന്നതര്‍ ഉത്തരവാദിത്വം ഏറ്റെടുക്കാതിരുന്നാല്‍ അതു ജനാധിപത്യ ഭരണത്തിന്റെ തകര്‍ച്ചയാകും.
അഗര്‍വാളിനെ മറക്കരുത്
മഗ്സെസെ അടക്കം 15 അവാര്‍ഡുകള്‍ നേടിയ വാംഗ്ചുകിന്റെ നിരാഹാര സമരം മൂന്നാഴ്ചയായിട്ടും ചര്‍ച്ചയ്ക്കുപോലും കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. ജമ്മു കാഷ്മീരിലെ ലെയില്‍ ജനിച്ച് ലഡാക്കിന്റെ പരിസ്ഥിതി, വിദ്യാഭ്യാസ മികവിനായി പ്രവര്‍ത്തിക്കുന്ന വാംഗ്ചുകിന്റെ സംഭാവനകള്‍ രാജ്യത്തിനു വിലപ്പെട്ടതാണ്.
നിരാഹാര സമരം നടത്തി മരണത്തിനു കീഴടങ്ങേണ്ടി വന്നവരുടെ ഓര്‍മകള്‍ രാജ്യസ്നേഹികളെ വേദനിപ്പിക്കും. ഗംഗാനദിയെ സംരക്ഷിക്കാനായി 111 ദിവസം നീണ്ട നിരാഹാര സമരത്തിനൊടുവില്‍ പ്രഫ. ജി.ഡി. അഗര്‍വാള്‍ മരണത്തിനു കീഴടങ്ങിയത് 2018ലാണ്. കാന്‍പുര്‍ ഐഐടി പ്രഫസറായിരുന്ന ഇദ്ദേഹം സന്യാസിയും പരിസ്ഥിതി പ്രവര്‍ത്തകനുമായി മാറിയ ശേഷമാണ് 87-ാം വയസില്‍ മൂന്നര മാസത്തിലേറെ നിരാഹാരസമരം നടത്തി ജീവൻ വെടിഞ്ഞത്. നിരാഹാര സമരങ്ങളെക്കുറിച്ചു പറയുമ്പോള്‍ ഓര്‍മിക്കേണ്ട മറ്റൊരു പേര് ധീരരക്തസാക്ഷി ഭഗത് സിംഗിന്റേതാണ്.