വിവാഹാലോചനകളിൽ പുരുഷന്മാർ വെയ്ക്കുന്ന മാനദണ്ഡങ്ങളെയും മാതൃകാപരമായ വധുവിനെ കുറിച്ചുള്ള സങ്കൽപ്പങ്ങളെയും ചൊല്ലി സോഷ്യൽ മീഡിയയിൽ പുതിയൊരു ചർച്ച നടക്കുന്നു.
പ്രായം നാൽപ്പതുകളിലെത്തിയ പുരുഷന്മാർ തങ്ങളേക്കാൾ വളരെയധികം പ്രായം കുറഞ്ഞ സ്ത്രീകളെ മാത്രം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതിന് പിന്നിലെ യഥാർഥ കാരണവും, ഇതിലടങ്ങിയിരിക്കുന്ന ശാസ്ത്രീയപരമായ തെറ്റിദ്ധാരണകളും തുറന്നുകാട്ടി ഒരു പ്രമുഖ മാച്ച് മേക്കർ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
തന്റെ അടുക്കൽ വിവാഹാലോചനയുമായി എത്തുന്ന 40 വയസിന് മുകളിലുള്ള മിക്ക പുരുഷന്മാരും ഇരുപതുകളിലോ മുപ്പതുകളുടെ തുടക്കത്തിലോ ഉള്ള യുവതികളെ മാത്രം വധുവായി വേണമെന്ന് ആവശ്യപ്പെടാറുണ്ടെന്ന് അവർ ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കുന്നു.
ആരോഗ്യകരമായ കുട്ടികൾ ഉണ്ടാകണം എന്ന ഒരൊറ്റ കാരണമാണ് ഇവർക്കെല്ലാം പറയാനുള്ളത്. അടുത്തിടെ വിദേശത്ത് നിന്ന് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി പ്രമുഖ സാങ്കേതിക കമ്പനിയിൽ ഉയർന്ന പദവി വഹിക്കുന്ന നാൽപ്പത്തിരണ്ടുകാരനായ ഒരു എഞ്ചിനീയർ തന്നെ സമീപിച്ച അനുഭവമാണ് അവർ പങ്കുവെച്ചത്.
28 വയസുള്ള യുവതിയെ കണ്ടെത്താൻ ആവശ്യപ്പെട്ട ഇയാളോട്, കുട്ടികളുടെ ആരോഗ്യത്തിൽ അച്ഛന്റെ പ്രായത്തിനും വലിയ പങ്കുണ്ടെന്ന് ഓർമ്മിപ്പിച്ചപ്പോൾ "60 വയസുവരെ പുരുഷന്മാർക്ക് കുട്ടികളുണ്ടാകാം, സിനിമാതാരങ്ങളെ നോക്കൂ" എന്നായിരുന്നു ഇയാളുടെ മറുപടി.
എന്നാൽ പ്രായമാകുന്തോറും പുരുഷന്മാരിലെ ബീജത്തിന്റെ ഗുണനിലവാരം കുറയുമെന്നും ഇത് ഭാവി തലമുറയുടെ ആരോഗ്യത്തെ ബാധിക്കാമെന്നുമുള്ള യാഥാർഥ്യം പലരും മറക്കുകയാണെന്ന് മാച്ച് മേക്കർ ചൂണ്ടിക്കാട്ടുന്നു.
പുരുഷന്മാർ സ്വന്തം കരിയർ കെട്ടിപ്പടുക്കാൻ വർഷങ്ങൾ ചെലവഴിച്ച ശേഷം, കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നതിനും കുട്ടികളെ പ്രസവിക്കുന്നതിനുമുള്ള പൂർണ ഉത്തരവാദിത്തം തങ്ങളേക്കാൾ പ്രായം കുറഞ്ഞ സ്ത്രീകളുടെ തലയിൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല.
പങ്കാളിയുടെ ശരീരത്തെയും പ്രായത്തെയും കുറിച്ച് വലിയ നിബന്ധനകൾ വെയ്ക്കുന്നതിന് മുൻപ്, പുരുഷന്മാർ സ്വന്തം ആരോഗ്യവും പ്രത്യുൽപാദന ശേഷിയും പരിശോധിച്ച് ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നും സ്വന്തം പ്രായത്തിന് അനുയോജ്യമായ പങ്കാളികളെ കണ്ടെത്താൻ ശ്രമിക്കണമെന്നും അവർ ഉപദേശിക്കുന്നു. ഈ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള അഭിപ്രായപ്രകടനങ്ങളാണ് ഉയർന്നുവരുന്നത്.
കുട്ടികൾക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ അതിന്റെ മുഴുവൻ കുറ്റവും സ്ത്രീകളുടെ മേൽ കെട്ടിവെക്കുന്ന സമൂഹത്തിന്റെ രീതി മാറ്റണമെന്നും, പ്രായമാകുമ്പോൾ പുരുഷന്മാരിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ തുറന്നുപറയാൻ പലരും മടിക്കുകയാണെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു.
കേവലം സാമ്പത്തിക ഭദ്രത മാത്രം വെച്ച് പ്രായം കുറഞ്ഞ പങ്കാളികളെ സ്വന്തമാക്കാമെന്നത് ചിലരുടെ അനാവശ്യമായ അവകാശവാദബോധമാണെന്നും വിമർശനമുയരുന്നുണ്ട്.