തിരുവനന്തപുരം: വിദ്യാർഥികളിൽ കൃഷിയോടുള്ള താത്പര്യം വർധിപ്പിക്കുകയും കാർഷിക അറിവും സംസ്കാരവും പുതുതലമുറയിലേക്ക് പകരുകയുമെന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് ആവിഷ്കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘കതിര്’ കാർഷിക ക്ലബ്ബിന്റെ ഔദ്യോഗിക ലോഗോ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു.
പദ്ധതിയുടെ പ്രചാരണാർഥം സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിദ്യാർഥികളിൽനിന്ന് ക്ഷണിച്ച ലോഗോ ഡിസൈനുകളിൽനിന്നാണ് ഔദ്യോഗിക ലോഗോ തെരഞ്ഞെടുത്തത്. ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ നടത്തിയ വിധിനിർണയത്തിൽ കണ്ണൂർ അണിയാരം കാടാങ്കുനി യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി കെ. ധ്യാൻ കൃഷ്ണ വിജയിയായി.
വിജയിക്ക് പ്രഖ്യാപിച്ച 10,000 രൂപയുടെ കാഷ് അവാർഡ് ‘കതിര് ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ കൈമാറും.
ആദ്യഘട്ടത്തിൽ 500 സ്കൂളുകളിൽ നടപ്പാക്കുന്ന ‘കതിര് ’ കാർഷിക ക്ലബ് പദ്ധതി അടുത്ത അധ്യയന വർഷം സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ്, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ, മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറി എൻ.എസ്.കെ. ഉമേഷ്, കൃഷിവകുപ്പ് ഡയറക്്ടർ അർജുൻ പാണ്ഡ്യൻ, കൃഷി അഡിഷണൽ ഡയറക്ടർ രജനി മുരളീധരൻ തുടങ്ങിയവരും പങ്കെടുത്തു.