ഗ്ലാസ്ഗോ: 23-ാമത് കോമൺവെൽത്ത് ഗെയിംസിനു ഗ്ലാസ്ഗോയിൽ വർണാഭമായ സമാപനം. കോമൺവെൽത്ത് ഗെയിംസിന്റെ അടുത്ത സ്റ്റോപ്പ് അഹമ്മദാബാദിൽ.
2026 കോമൺവെൽത്ത് ഗെയിംസിന്റെ സമാപനത്തിൽ, അടുത്ത ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യ വസുധൈവ കുടുംബകം (ലോകം ഒരു കുടുംബം) തീമിലാണ് പരിപാടികൾ അവതരിപ്പിച്ചത്.
2030ൽ അഹമ്മദാബാദിലാണ് അടുത്ത കോമൺവെൽത്ത് ഗെയിംസ് അരങ്ങേറുക. കോമണ്വെല്ത്ത് സ്പോര്ട്സ് പ്രസിഡന്റ് ഡോണള്ഡ് റുക്കാരെയില്നിന്ന് ഇന്ത്യയുടെ ഒളിമ്പിക് മെഡല് ജേതാവായ നീരജ് ചോപ്ര ഗെയിംസ് പതാക ഏറ്റുവാങ്ങി. ഇനി അഹമ്മദാബാദിൽ കണ്ടുമുട്ടാം എന്ന ആശംസയുമായി കോമൺവെൽത്ത് ടീമുകൾ സ്വദേശങ്ങളിലേക്കു മടങ്ങി...
അഹമ്മദാബാദിലേക്കു സ്വാഗതമരുളി, ഗ്ലാസ്ഗോ സമാപന ചടങ്ങിൽ 20 മിനിറ്റ് ഇന്ത്യൻ സംഘം കലാപരിപാടികൾ അവതരിപ്പിച്ചു. ഗായകൻ ശങ്കര് മഹാദേവൻ, ബോളിവുഡ് നടിമാരായ രഷ്മിക മന്ദാന, മാനുഷി ചില്ലാർ എന്നിവരുടെ സംഗീത നൃത്തപരിപാടികൾ അരങ്ങേറി.കേരളത്തിന്റെ പ്രതീകമായ കഥകളിയും സ്റ്റേജിലെത്തി.
പതിനൊന്നു ദിവസം നീണ്ട 23-ാമത് ഗ്ലാസ്ഗോ കോമണ്വെല്ത്ത് ഗെയിംസിന്റെ സമാപന ചടങ്ങിൽ ജെയ്സ്മിൻ ലാംബോറിയയാണ് ഇന്ത്യൻ ദേശീയ പതാക വഹിച്ചത്.
വനിതകളുടെ 57 കിലോഗ്രാം വിഭാഗം ബോക്സിംഗില് സ്വര്ണം നേടിയ താരമാണ് ജെയ്സ്മിന് ലാംബോറിയ. 13 സ്വര്ണം, 17 വെള്ളി, ഒമ്പത് വെങ്കലം എന്നിങ്ങനെ 39 മെഡലുമായി ഇന്ത്യ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഓസ്ട്രേലിയയാണ് (70 സ്വർണം, 45 വെള്ളി, 56 വെങ്കലം) ഓവറോൾ ചാന്പ്യന്മാർ.