വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ആരാധകരുമായി വിശേഷങ്ങൾ പങ്കുവച്ച് നടി അഹാന കൃഷ്ണ. യുവ ഛായാഗ്രാഹകൻ നിമിഷ് രവിയുമായുള്ള വിവാഹത്തിന്റെ മുഴുവൻ വിശേഷങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിവാഹ ഡോക്യുമെന്ററി താരം പുറത്തുവിട്ടു. 'കോർ മെമ്മറി' എന്നാണ് വീഡിയോയ്ക്ക് പേരിട്ടിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബർ 13-നായിരുന്നു കോവളം താജ് റിസോർട്ടിൽ വച്ച് ഇരുവരുടെയും വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ സിനിമ മേഖലയിൽ നിന്ന് ദുൽഖർ സൽമാൻ, ഋഷഭ് ഷെട്ടി, മമിത ബൈജു, ചന്തു സലിംകുമാർ, ജേക്സ് ബിജോയ്, ഡൊമിനിക് അരുൺ തുടങ്ങിയ പ്രമുഖർ എത്തിയിരുന്നു.
വിവാഹത്തിന് മാസങ്ങൾക്ക് മുമ്പ് തുടങ്ങിയ തയാറെടുപ്പുകൾ കാണിച്ചുകൊണ്ടാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. ചടങ്ങിനായി അഹാന ഒരുക്കിയ സർപ്രൈസുകളുടെ പിന്നിലെ കൃത്യമായ പ്ലാനിംഗും ഇതിൽ വ്യക്തമാക്കുന്നുണ്ട്. വിവാഹവേദിയിലേക്ക് വള്ളത്തിൽ വന്നിറങ്ങുന്ന അഹാനയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ചുവപ്പും സ്വർണക്കസവോടുകൂടിയ ബോർഡറുള്ള പരമ്പരാഗത വിവാഹസാരിയിലും ട്രെഡീഷണൽ ആഭരണങ്ങളിലുമാണ് അഹാന വധുവായി എത്തിയത്. ഐവറി സ്യൂട്ടിലായിരുന്നു നിമിഷ് രവിയുടെ വിവാഹവേഷം. വിവാഹത്തിന്റെ ഓരോ നിമിഷങ്ങളും കോർത്തിണക്കിയുള്ള ഈ മനോഹരമായ വീഡിയോ ഇതിനോടകം ആരാധകർക്കിടയിൽ തരംഗമായിക്കഴിഞ്ഞു.