വാഷിംഗ്ടൺ ഡിസി: ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിറിയയെ നീക്കം ചെയ്തതായി അമേരിക്ക അറിയിച്ചു. 47 വർഷങ്ങൾക്കുശേഷമാണിത്. ആഗോള സന്പദ്വ്യവസ്ഥയിലേക്കു തിരിച്ചുവരാനും സ്വകാര്യനിക്ഷേപം ആകർഷിക്കാനും സിറിയയ്ക്കുണ്ടായിരുന്ന പ്രധാന തടസമാണ് ഇതോടെ ഇല്ലാതായത്.
സിറിയയിലെ അഹമ്മദ് അൽ ഷാര ഭരണകൂടത്തിന്റെ ഗുണപരമായ വശങ്ങൾ അംഗീകരിച്ചാണ് അമേരിക്കയുടെ നടപടിയെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. സിറിയയ്ക്ക് ഐശ്വര്യത്തിലേക്കുള്ള വഴിയാണ് തുറന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഹമ്മദ് അൽ ഷാരയുടെ ഹയാത് തഹ്റീർ അൽ ഷാം (എച്ച്ടിഎസ്) സായുധ സംഘത്തെ ആഗോള തീവ്രവാദ സംഘടയുടെ പട്ടികയിൽനിന്നും നീക്കം ചെയ്തിട്ടുണ്ട്.
2024 ഡിസംബറിലാണ് അൽ ഷാര നേതൃത്വം നല്കിയ എച്ച്ടിഎസും ഇതര വിമതരും ചേർന്ന് മുൻ പ്രസിഡന്റ് ബഷാർ അൽ അസദിനെ പുറത്താക്കിയത്.
അൽ ക്വയ്ദ ബന്ധമുള്ള എച്ച്ടിഎസും അൽ ഷാരയും നേരത്തേ അമേരിക്കയുടെ തീവ്രവാദ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ഉൾപ്പെടുത്തി അമേരിക്ക തയാറാക്കിയ പട്ടികയിൽ സിറിയ ഇടംപിടിച്ചത് 1979ലാണ്. ക്യൂബ, ഉത്തരകൊറിയ, ഇറാൻ എന്നീ രാജ്യങ്ങളാണ് ഇനി ഈ പട്ടികയിൽ അവശേഷിക്കുന്നത്. പട്ടികയിലെ രാജ്യങ്ങളുമായി ഇടപെടുന്നവർ കനത്ത അമേരിക്കൻ ഉപരോധം നേരിടേണ്ടിവരും.