അഹമ്മദാബാദിൽ ട്രാഫിക് പരിശോധനയ്ക്കിടെ യുവതിക്ക് നേരെ പോലീസ് ഉദ്യോഗസ്ഥൻ നടത്തിയ ക്രൂരമായ ശാരീരിക ആക്രമണം വലിയ ജനരോഷത്തിന് കാരണമായിരിക്കുകയാണ്.
പാല്ഡിയിലെ തിരക്കേറിയ അഞ്ജലി ക്രോസ്റോഡിൽ വെച്ചാണ് ബൻസാരി താക്കർ എന്ന യുവതിക്ക് പോലീസിൽ നിന്ന് ദുരനുഭവമുണ്ടായത്.
സാധാരണ നിലയിലുള്ള വാഹന പരിശോധനയ്ക്കായി യുവതിയെ തടഞ്ഞ ഉദ്യോഗസ്ഥൻ ലൈസൻസ് ആവശ്യപ്പെടുകയും, ഇതിന് മറുപടിയായി ഉദ്യോഗസ്ഥന്റെ തിരിച്ചറിയൽ രേഖ കാണിക്കാൻ യുവതി ആവശ്യപ്പെട്ടതുമാണ് സംഘർഷത്തിന് തുടക്കമിട്ടത്.
തർക്കത്തിനിടയിൽ ഉദ്യോഗസ്ഥന്റെ ഐഡി കാർഡ് താഴെ വീണതോടെ പ്രകോപിതനായ അയാൾ യുവതിയോട് അങ്ങേയറ്റം മര്യാദയില്ലാതെ പെരുമാറുകയായിരുന്നു.
യുവതിയുടെ പരാതിയനുസരിച്ച്, നിയന്ത്രണം വിട്ട പോലീസ് ഉദ്യോഗസ്ഥൻ അവരുടെ വാഹനം ചവിട്ടി തകർക്കാൻ ശ്രമിക്കുകയും കൈക്ക് പിടിച്ചു വലിക്കുകയും ചെയ്തു.
തുടർന്ന് യുവതിയുടെ മുഖത്തടിക്കുകയും കണ്ണിന് മുകളിലും ചെവിയിലും പരിക്കേൽപ്പിക്കുകയും ചെയ്തു. പരസ്യമായി അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത ഉദ്യോഗസ്ഥന്റെ നടപടി കണ്ടുനിന്നവർ മൊബൈലിൽ പകർത്തുകയായിരുന്നു.
ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസിന്റെ വിശ്വാസ്യതയെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർന്നു. സംഭവത്തിന് പിന്നാലെ നീതി തേടി പാല്ഡി പോലീസ് സ്റ്റേഷനെ സമീപിച്ച യുവതിക്ക് അവിടെയും കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നത്.
കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ച പോലീസ് ഉദ്യോഗസ്ഥർ, പരാതിയുമായി മുന്നോട്ട് പോയാൽ യുവതിക്കെതിരെ കള്ളക്കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
എന്നാൽ ഭീഷണികൾക്ക് വഴങ്ങാതെ യുവതി രേഖാമൂലം പരാതി നൽകുകയായിരുന്നു. വിഷയം രാഷ്ട്രീയ തലത്തിലും വലിയ ചർച്ചയായിട്ടുണ്ട്. വഡ്ഗാം എംഎൽഎ ജിഗ്നേഷ് മേവാനി സംഭവത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു.
സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലമാകുന്ന ഭരണകൂടം ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിൽ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നുമാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.