ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ എയ്ഡ്-ഡി-ക്യാമ്പ് പദവിയിലേക്ക് നിയമിക്കപ്പെടുന്ന ആദ്യത്തെ വനിതാ ഇന്ത്യൻ ആർമി ഓഫീസറായി മേജർ നവ്യ ഷെഖാവത്ത് ചരിത്രം സൃഷ്ടിച്ചു. മുൻപ് 2025-ൽ ഇന്ത്യൻ നാവികസേനയിലെ ലെഫ്റ്റനന്റ് കമാൻഡർ യശസ്വി സോളങ്കി ആദ്യമായി രാഷ്ട്രപതിയുടെ എഡിസി ആയി ചുമതലയേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥയായും കരസേനയിൽ നിന്നുള്ള ആദ്യ പ്രതിനിധിയായും മേജർ നവ്യ മാറുന്നത്.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ സിഡിഎസ് പരീക്ഷ പാസായ ശേഷം ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ നിന്നാണ് ഇവർ പരിശീലനം പൂർത്തിയാക്കിയത്. 2021-ൽ ആർമി സർവീസ് കോർപ്സിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ടു.
രാഷ്ട്രപതി ഭവനിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങുകൾ, മറ്റ് പരിപാടികൾ എന്നിവയിൽ രാഷ്ട്രപതിയെ സഹായിക്കുക, സൈനിക-ഔദ്യോഗിക പ്രോട്ടോകോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് എഡിസിയുടെ പ്രധാന ചുമതലകൾ. രാഷ്ട്രപതിക്ക് സാധാരണയായി അഞ്ച് എ.ഡി.സിമാരാണുള്ളത്. കരസേനയിൽ നിന്ന് മൂന്ന് പേരും നാവികസേന, വ്യോമസേന എന്നിവയിൽ നിന്ന് ഓരോരുത്തർ വീതവും. മികച്ച സേവന പശ്ചാത്തലവും അച്ചടക്കവും വൈദഗ്ധ്യവും തെളിയിക്കുന്ന യുവ ഉദ്യോഗസ്ഥരെയാണ് അതീവ പ്രാധാന്യമുള്ള ഈ തസ്തികയിലേക്ക് തെരഞ്ഞെടുക്കുന്നത്.