ന്യൂഡൽഹി: മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്നു ന്യൂയോർക്കിലേക്കും നെവാർക്കിലേക്കുമുള്ള നേരിട്ടുള്ള വിമാനസർവീസുകൾ എയർ ഇന്ത്യ പുനരാരംഭിച്ചു. ഇതോടെ യാത്രാസമയം 22 മണിക്കൂറിൽനിന്ന് 17 മണിക്കൂറായി കുറയും. ഏകദേശം അഞ്ചു മണിക്കൂർ യാത്രാലാഭമാണ് ഇതിലൂടെ ലഭിക്കുക.
പാക്കിസ്ഥാൻ വ്യോമപാത അടച്ചതും പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള വ്യോമപാത നിയന്ത്രണങ്ങളുമാണ് നേരിട്ടുള്ള സർവീസുകളെ ബാധിച്ചിരുന്നത്. ഇതേത്തുടർന്ന് റോമിൽ ഇന്ധനം നിറയ്ക്കുന്നതിനായി ഇന്ത്യൻ വിമാനങ്ങൾക്ക് സാങ്കേതിക ഇടത്താവളം ഏർപ്പെടുത്തേണ്ടിവന്നിരുന്നു. പശ്ചിമേഷ്യൻ വ്യോമപാതകളിലെ നിയന്ത്രണങ്ങൾ നീക്കിയതോടെയാണ് ഈ ഇടത്താവളം ഒഴിവാക്കി നേരിട്ടുള്ള സർവീസുകൾ പുനരാരംഭിച്ചത്.
ഡൽഹി, മുംബൈ എന്നിവിടങ്ങളിൽനിന്ന് ന്യൂയോർക്കിലെ ജെഎഫ്കെ വിമാനത്താവളത്തിലേക്ക് ദിവസേന ഓരോ സർവീസുണ്ടാകും. ഡൽഹി-നെവാർക്ക് റൂട്ടിൽ ആഴ്ചയിൽ നാലും മുംബൈ-നെവാർക്ക് റൂട്ടിൽ മൂന്നും സർവീസുകളാണ് നടത്തുക.
വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണം നേരത്തേ ജോർദാൻ, ഈജിപ്ത് വഴിയുള്ള ദൂരം കൂടിയ റൂട്ടുകളിലൂടെയായിരുന്നു വിമാനങ്ങൾ സഞ്ചരിച്ചിരുന്നത്. ഇത് ഇന്ധനച്ചെലവും യാത്രാസമയവും വർധിപ്പിച്ചിരുന്നു.