കോലഞ്ചേരി: യാക്കോബായ സഭയുടെ ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 13നും14നും സഭ ക്രമീകരിച്ചി ട്ടുള്ള വിശുദ്ധ മൂറോൻ കൂദാശയിലും യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിലും തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിലും സംബന്ധിക്കുന്നതിനായി ആകമാന സുറിയാനി ഓർത്തഡോക്സ് സഭാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ ശ്ലൈഹിക സന്ദർശനം ഇന്നാരംഭിക്കും.
രാവിലെ എട്ടിന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന ബാവായെ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് മാർ ജോസഫ് ബാവയും സഭയിലെ മെത്രാപ്പോലീത്താമാരും സഭാ ഭാരവാഹികളും സഭാ വർക്കിംഗ് കമ്മിറ്റി മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചേർന്നു സ്വീകരിക്കും. തുടർന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവായും സംഘവും സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിച്ചേരും.
ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന സെന്റ് അത്തനാസിയോസ് കത്തീഡ്രലിലെ ധൂപ പ്രാർഥനയ്ക്കുശേഷം സഭാ ആസ്ഥാനത്ത് വിശ്രമിക്കും. അഞ്ചു ദിവസത്തെ സന്ദർശനത്തിനു ശേഷം 16ന് ബെയ്റൂട്ടിലേയ്ക്കു മടങ്ങും.