പരവൂര്‍: കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനികളെന്ന സ്വപ്നവുമായി രംഗത്തുവന്ന എയര്‍കേരളയും അല്‍ഹിന്ദ് എയറും സര്‍വീസ് ആരംഭിക്കാന്‍ വൈകവേ സിയാല്‍ മാതൃകയില്‍ പ്രഖ്യാപിച്ച കോ-കേരളം ആദ്യം ആകാശത്തേക്ക് പറന്നുയരുമോ എന്ന ആകാംക്ഷയില്‍ വ്യോമയാന മേഖല.
2024-ല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിപത്രവും 2025ല്‍ അന്താരാഷ്ട്ര എയര്‍ലൈന്‍ കോഡും നേടിയെങ്കിലും വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്നതിലെ പ്രതിസന്ധിയാണ് എയര്‍ കേരളയ്ക്കും അല്‍ ഹിന്ദ് എയറിനും തടസമാകുന്നത്.
പാട്ടക്കമ്പനികള്‍ 12 മാസത്തെ വാടക മുന്‍കൂറായി ആവശ്യപ്പെടുന്നതും വ്യോമയാന മേഖലയിലെ ആഗോള പ്രതിസന്ധികളുമാണ് പ്രവര്‍ത്തനം തുടങ്ങുന്നത് നീളാന്‍ കാരണം. അതേസമയം 72 സീറ്റുകളുള്ള എടിആര്‍ വിമാനങ്ങളുമായി സര്‍വീസ് നടത്താനുള്ള ശ്രമങ്ങളുമായി എയര്‍ കേരള മുന്നോട്ടു പോകുന്നുണ്ട്.
ഇരു കമ്പനികളും കൊച്ചിയില്‍ ഓഫീസുകള്‍ തുറന്ന് ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും വരുമാനമില്ലാതെ പ്രവര്‍ത്തനം വൈകുന്നത് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്.
400 കോടി നിക്ഷേപത്തില്‍ കോ-കേരളം
സി.എന്‍. വിജയകൃഷ്ണന്റെ നേതൃത്വത്തില്‍ സിയാല്‍ മാതൃകയില്‍ രൂപീകരിക്കുന്ന കോ-കേരളം എയര്‍ലൈന്‍ സര്‍വീസ് ആരംഭിക്കാനുള്ള പ്രാരംഭ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ 200 സഹകരണ സംഘങ്ങള്‍ രണ്ടുകോടി രൂപ വീതം നിക്ഷേപിച്ച് 400 കോടി രൂപയുടെ മൂലധനത്തിലാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. ഇതിനായി സഹകരണ സംഘങ്ങളുടെ നിക്ഷേപം ഓഹരികളാക്കി മാറ്റാന്‍ സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ്.
കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ക്ക് പുറമെ കോയമ്പത്തൂര്‍, ബംഗളൂരു, മംഗളൂരു, മധുര എന്നീ നഗരങ്ങളെ ബന്ധിപ്പിച്ച് രണ്ട് വിമാനങ്ങള്‍ ഉപയോഗിച്ച് സ്ഥിരം സര്‍വീസ് നടത്താനാണ് പദ്ധതി.