സാൻ ഫ്രാൻസിസ്കോ : വിനോദസഞ്ചാര മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഹോം-സ്റ്റേ പ്ലാറ്റ്ഫോമായ എയർബിഎൻബി. യാത്രകൾ കണ്ടെത്താനും, താമസസ്ഥലങ്ങൾ താരതമ്യം ചെയ്യാനും, യാത്രാ പദ്ധതികൾ തയ്യാറാക്കാനും, ബുക്കിംഗുകൾ പൂർത്തിയാക്കാനും സഹായിക്കുന്ന ഒരു 'എഐ ട്രാവൽ ഏജന്റ് ' വികസിപ്പിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു.
2026 മൂന്നാം പാദത്തിലെ ഷെയർഹോൾഡർ ലെറ്ററിലാണ് 2027 ആദ്യ പകുതിയോടെ ഈ ഫീച്ചർ ഉപയോക്താക്കളിലേക്ക് എത്തിക്കുമെന്ന് എയർബിഎൻബി വ്യക്തമാക്കിയത്.
എന്താണ് എയർബിഎൻബിയുടെ എഐ ട്രാവൽ ഏജന്റ് ?
സാധാരണ ചാറ്റ്ബോട്ടുകൾ പോലെ വെറും ടെക്സ്റ്റ് മറുപടികൾ നൽകുന്നതിന് പകരം, കാഴ്ചയിൽ ആകർഷകമായ രീതിയിൽ വിവരങ്ങൾ ലഭ്യമാക്കുന്ന ടെക്നോളജിയാണ് എയർബിഎൻബി ഒരുക്കുന്നത്. ഉപയോക്താക്കൾ ചോദിക്കുന്നതിനനുസരിച്ച് മാപ്പുകൾ, റൂം ഫോട്ടോകൾ, താരതമ്യ പട്ടികകൾ, കലണ്ടറുകൾ എന്നിവ തത്സമയം സ്ക്രീനിൽ തെളിയുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം.
ടിക്കറ്റോ മുറിയോ ബുക്ക് ചെയ്യുന്നതിൽ മാത്രമല്ല, യാത്രയ്ക്കിടയിൽ ബുക്കിംഗിൽ മാറ്റം വരുത്താനും, റീഫണ്ട് ആവശ്യപ്പെടാനും, 24/7 കസ്റ്റമർ പിന്തുണ ഉറപ്പാക്കാനും ഈ എഐ ഏജന്റിന് സാധിക്കും. ഹോട്ടലുകൾ, സർവീസുകൾ, മറ്റ് അനുഭവങ്ങൾ എന്നിവയും എഐ ഏജന്റിലൂടെ പ്ലാൻ ചെയ്യാൻ ഭാവിയിൽ അവസരമുണ്ടാകും.
യാത്രകൾ പ്ലാൻ ചെയ്യുന്നത് ആളുകൾ ആസ്വദിക്കുന്ന പ്രക്രിയയാണെന്നും, കേവലം ടെക്സ്റ്റ് ചാറ്റുകൾക്ക് പകരം ചിത്രങ്ങളും മാപ്പുകളും നിറഞ്ഞ എഐ അനുഭവമാണ് അവർക്ക് ആവശ്യമെന്നും എയർബിഎൻബി സിഇഒ ബ്രയൻ ചെസ്കി വ്യക്തമാക്കി.
കമ്പനിയുടെ സാമ്പത്തിക റിപ്പോർട്ട് പ്രകാരം ഈ പാദത്തിൽ 4.87 ബില്യൺ ഡോളർ വരുമാനമാണ് എയർബിഎൻബി നേടിയത്. ഇത് മുൻവർഷത്തേക്കാൾ 19 ശതമാനം വളർച്ച രേഖപ്പെടുത്തി.