തിരുവനന്തപുരം: നാട്ടിലിറങ്ങി മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവനെടുക്കുന്ന അക്രമകാരികളായ വന്യജീവികളെ മയക്കുവെടിവച്ചു നാടു കടത്താന്‍ പദ്ധതി ഒരുങ്ങുന്നു. വന്യമൃഗങ്ങളെ ജനവാസമേഖലയില്‍ നിന്നും സുരക്ഷിതമായി എയര്‍ ലിഫ്റ്റ് ചെയ്യുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താനാണ് നീക്കം.
വന്യജീവികളെ വിദൂരസ്ഥലങ്ങളിൽനിന്നോ അപകടങ്ങളിൽ നിന്നോ രക്ഷപ്പെടുത്തുന്നതിനും ചികിത്സയ്ക്കായി മാറ്റുന്നതിനുമുള്ള അത്യാധുനിക വ്യോമയാന ഗതാഗത സംവിധാനമായ വന്യജീവി എയർ ലിഫ്റ്റ് സംവിധാനം വന്യജീവി ആക്രമണം രൂക്ഷമായ മലയോര മേഖലകളിൽ പ്രയോജനപ്പെടുത്താൻ ആലോചന. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പഠനത്തെ അടിസ്ഥാനമാക്കിയാണ് പദ്ധതി തയാറാക്കുന്നത്. ഇതു സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് നല്കാന് വനം മന്ത്രി ഷിബു ബേബിജോണ്‍ നിര്‍ദേശം നല്കി.
എയര്‍ ലിഫ്റ്റ് ചെയ്യുന്നതിനുള്ള സഹായം നല്‍കാമെന്ന് വ്യോമസേന അറിയിച്ചിട്ടുണ്ട്. ജനവാസമേഖലകളിലിറങ്ങുന്ന വന്യമൃഗങ്ങളെ മയക്കുവെടി വച്ചോ അല്ലാതെയോ പിടികൂടി പ്രത്യേക നെറ്റുകളിലോ കൂടുകളിലോ ആക്കി ഹെലികോപ്റ്ററുകളില്‍ കെട്ടിത്തൂക്കിയോ, വലിയ സൈനിക ഹെലികോപ്റ്ററുകള്ക്കുള്ളില് കയറ്റിയോ ഉള്‍ക്കാടുകളിലേക്കു സുരക്ഷിതമായി അതിവേഗം മാറ്റാമെന്നാണ് വനം വകുപ്പ് പദ്ധതി.
മൃഗത്തിന്റെ ഭാരം താങ്ങാൻ ശേഷിയുള്ളതും കാറ്റിൽ ഉലയാത്തതുമായ സ്ലിങ് നെറ്റുകളിലോ എയർ-വെന്റിലേഷൻ ഉള്ള കൂടുകളിലോ ക്രേറ്റുകളിലോ മൃഗത്തെ സുരക്ഷിതമായി നിർത്തിയോ കിടത്തിയോ ആണ് കടത്തുന്നത്. ചെറിയ ദൂരമാണെങ്കിൽ ഹെലികോപ്റ്റർ, ദീർഘദൂരമാണെങ്കിൽ കാർഗോ വിമാനം എന്നിവ ഉപയോഗിക്കും.
വലിയ വന്യമൃഗങ്ങളെ ഒരിക്കലും ബോധാവസ്ഥയിൽ ലിഫ്റ്റ് ചെയാറില്ല. ആദ്യം പരിശീലനം ലഭിച്ച വന്യജീവി വെറ്ററിനറി ഡോക്ടർ മയക്കുവെടി നൽകും. മൃഗം പൂർണമായും മയങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമാണ് ലിഫ്റ്റിങ് ആരംഭിക്കുന്നത്. ഈ സമയത്ത് ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം, ശരീര താപനില, ഓക്സിജന്റെ അളവ് എന്നിവ തുടർച്ചയായി നിരീക്ഷിക്കും.
വനമേഖലയ്ക്കു സമീപം താമസിക്കുന്നവരുടെ ജീവനുതന്നെ ഭീഷണിയായിരിക്കുകയാണ് കടുവകള്‍, പുലി, ആന, കാട്ടുപോത്ത് എന്നിവ. നാട്ടിലിറങ്ങുന്ന പ്രശ്നക്കാരായ ഈ വന്യജീവികളെ അനുയോജ്യമായ ആവാസ മേഖലകളിലേക്കു മാറ്റേണ്ടതുണ്ടെന്നാണ് വനം വകുപ്പിന്റെ നിലപാട്.
കാട്ടാന, കടുവ, പുലി, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളെ മയക്കുവെടി വച്ചോ കെണി വച്ചോ പിടിച്ച് റോഡ് മാര്‍ഗം ദീര്‍ഘദൂരം കൊണ്ടുപോകുന്നതിലെ അപകടങ്ങളും സമയനഷ്ടവും ഒഴിവാക്കാനാണ് വ്യോമ മാര്‍ഗം ഉപയോഗിക്കാന്‍ വനം വകുപ്പ് ആലോചിക്കുന്നത്. പാശ്ചാത്യ രാഷ്്ട്രങ്ങളില്‍ ഇത്തരം രീതികള്‍ കാലങ്ങളായി അനുവര്‍ത്തിക്കുന്നുണ്ട്. ഈ മാതൃക കേരളത്തിലും പിന്തുടരാനാണ് വനം വകുപ്പിന്റെ ആലോചന.