ചെറിയ, ഇടത്തരം വിമാനങ്ങള്‍ ഇറങ്ങുകയും ഉയരുകയും ചെയ്യുന്ന അമേരിക്കയിലെ നൂറു കണക്കിനു വിമാനത്താവളങ്ങളിലൊന്നാണ് വിസ്കാന്‍സന്‍ സംസ്ഥാനത്തെ വിനബേയ്ഗോ കൗണ്ടിയിലുള്ള വിറ്റ്മന്‍ എയര്‍പോര്‍ട്ട്. എല്ലാ വര്‍ഷവും ജൂലൈ അവസാന ആഴ്ചയില്‍ വിറ്റ്മനും അടുത്തുള്ള ചെറു വിമാനത്താവളങ്ങളും കാഴ്ചക്കാരെക്കൊണ്ടു നിറയും.
ആകാശം നിറയെ പട്ടങ്ങള്‍ പറക്കും പോലെ പല ഇനത്തിലും തരത്തിലും നിറത്തിലും വലിപ്പത്തിലുമുള്ള വിമാനങ്ങൾ. വാഹനങ്ങളില്‍ ഇടതടവില്ലാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിനു സന്ദര്‍ശകര്‍ എയര്ഷോ ആസ്വദിക്കാനെത്തും. ഇക്കൊല്ലത്തെ എയര്ഷോ ഇന്നേ ദിവസം സമാപിക്കുമ്പോൾ, 67,242 മാത്രം ജനസംഖ്യയുള്ള ഓഷ്കോഷ് പട്ടണത്തില്‍ ഏഴു ദിവസത്തിനുള്ളില്‍ പതിനായിരത്തിലേറെ ചെറുവിമാനങ്ങള്‍ ഇറങ്ങിക്കഴിഞ്ഞിട്ടുണ്ട്. വിമാനം പറത്തുന്നവരും കാണാന്‍ എത്തിയവരും കച്ചവട സംരംഭകരും പൊലീസും എല്ലാംകൂടി ഏഴര ലക്ഷത്തിലേറെ പേരാണ് തിങ്ങിക്കൂടിയത്.
94 രാജ്യങ്ങളില്‍നിന്നു പതിനായിരത്തിലേറെ വിമാനങ്ങള്‍ വന്നിറങ്ങിയ വിമാന എക്സിബിഷനും വ്യോമാഭ്യാസപ്രകടനങ്ങളും എക്സിബിഷനുമൊക്കെയായി 1600 ഇവന്റുകള്‍. റിപ്പോര്‍ട്ടു ചെയ്യാനെത്തിയത് ആയിരത്തോളം മാധ്യമപ്രവര്‍ത്തകർ. ലക്ഷക്കണക്കിനു സന്ദര്‍ശകരെ നിയന്ത്രിച്ചത് ആറായിരം സന്നദ്ധസേവകർ. ഓഷ്കോഷിനും സമീപ പട്ടണങ്ങള്‍ക്കും വര്‍ഷം 2400 കോടിയിലേറെ രൂപ വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന എയര്‍ഷോയുടെ തുടക്കം 73 വര്‍ഷം മുമ്പാണ്.
വിനോദ ആശ്യങ്ങള്ക്കുള്ള ചെറുവിമാനങ്ങള്‍ നിര്‍മിക്കുകയും രൂപകലപ്ന ചെയ്യുകയും ചെയ്തിരുന്ന പോള്‍ പൊബെറെസ്നി എന്ന മുന്‍ സൈനികന് ഇത്തരക്കാരായ കുറെ സുഹൃത്തുക്കളെ ചേര്‍ത്ത്, വിസ്കാന്സനിലെ മുവാക്കി കൗണ്ടിയിലെ ഹാലെസ് കോര്‍ണേഴ്സ് എന്ന ഗ്രാമത്തിലുള്ള വീട്ടിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. എക്സ്പെരിമെന്റല്‍ എയര്‍ക്രാഫ്റ്റ് അസോസിയേഷന് എന്ന ചെറിയ സംഘടനയിലെ അംഗങ്ങളുടെ വിമാനങ്ങള്‍ 1953 ല്‍ മുവാക്കി എയര്‍ പാജന്റ് എയര്‍ഷോയില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു തുടക്കം.
ആറു വർഷം കഴിഞ്ഞപ്പോൾ മുവാക്കി എയര്‍ പാജന്റിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്ര വിമാനങ്ങള്‍ വന്നതോടെ ഇലനോയിലെ റോക്ക്ഫോഡിലേക്കു വേദി മാറ്റി. റാക്ക്ഫോഡിലെ ചെറുവിമാനത്താവളത്തില്‍ കൊള്ളുന്നതിലപ്പുറം വിമാനങ്ങള്‍ പങ്കെടുത്തു തുടങ്ങിയതോടെയാണ് ഓഷ്കോഷിലേക്ക്, 1970ല്‍ എയര്ഷോ മാറ്റുന്നത്.
ഇഎഎ ആനുവല്‍ കണ്വന്ഷന് ആന്റ് ഫ്ളൈ ഇന്‍ എന്നറിയപ്പെട്ടിരുന്ന എയര്‍ഷോയുടെ പേര് 1998ല്‍ എയര്‍ വെഞ്ച്വര്‍ ഓഷ്കോഷ് എന്നു മാറ്റിയെങ്കിലും ഇപ്പോഴും ഓഷ്കോഷ് എയര്ഷോ അല്ലെങ്കില്‍ വെറും ഓഷ്കോഷ് എന്നുതന്നെയാണ് ഈ ഉത്സവത്തിന്റെ പേര്.
വാര്‍ഷിക വിമാനമേളയില് പങ്കെടുക്കുന്നതിലേറെയും എക്സ്പെരിമെന്റല്‍ സാങ്കേതിക നാമമുള്ള, വ്യക്തികള്‍ വീടുകളിൽ നിർമിച്ചെടുത്ത വിമാനങ്ങളാണ്. സെനിത്ത്, സോനെക്സ്, റൂത്തൻ, ഗ്ലാസെയര്, ലാങ്കെയര്, വാന്‍സ് ആര്‍വി, കിറ്റ് തുടങ്ങിയ ആയിരക്കണക്കിനു തരം വിമാനങ്ങളാണ് ഓഷ്ക്കോഷിന്റെ ആകാശത്ത് വന്നുനിറയുന്നത്.
പൈപ്പര്‍ കബ്, ഏറോണ്ക ചാമ്പ്, സ്റ്റിന്‍സണ്‍, വാക്കോ ബൈപ്ലെയിന്‍, ഡി ഹാവിലാന്‍ഡ് ടൈഗര്‍ മോത്ത് തുടങ്ങിയ പഴയകാല, വിന്റേജ് വിമാനങ്ങള്‍ ഇതിനു പുറമേയാണ്. എണ്‍പതും നൂറും വര്‍ഷം പഴക്കമുള്ള വിമാനങ്ങള്‍ എയര്ഷോ ദിനങ്ങളില്‍ സാധാരണമാണ്. രണ്ടാം ലോക മഹായുദ്ധകാലത്തെ സേനാവിമാനങ്ങളുടെ വന്‍നിരയും പതിവുകാരാണ്.
ഓഷ്കോഷിന്റെ പേരും പെരുമയും കൂടിയതോടെ അമേരിക്കന്‍ സേന ആധുനിക പോര്‍വിമാനങ്ങളും ഇപ്പോള്‍ ഷോയ്ക്ക് അയയ്ക്കുന്നുണ്ട്. സേനാവിമാനങ്ങളും വന്നതോടെ, വമ്പന്‍ യാത്രാ വിമാനങ്ങളും കൂടി പങ്കെടുത്തു തുടങ്ങിയിട്ടുണ്ട്. ബോയിംഗ് 737, ബോയിംഗ് 777, ബോയിംഗ് 787, ഡ്രീം ലൈനര്‍, എയര്‍ബസ് എ220, എയര്‍ബസ് എ320 നിയോ, എയര്‍ബസ് എ350, എംബയര്‍ ഇ ജെറ്റ്, എടിആര്‍ 72 തുടങ്ങിയവയും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പറന്നിറങ്ങിയിരുന്നു.
പഴയകാല വിമാനങ്ങള്‍ 995, വീടുകളില്‍ നിര്‍മിച്ചവ 910, സേനാവിമാനങ്ങൾ 361, ലൈറ്റ്, അള്‍ട്രാ ലൈറ്റ് വിമാനങ്ങൾ101, ഏറോബാറ്റിക് വിമാനങ്ങള്‍ 75, സീപ്ലെയിനുകള് 74, ഹെലികോപ്ടര്‍ 18, ബലൂണുകള്‍ 9 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ കൊല്ലത്തെ കണക്ക്. ഇന്നു സമാപിക്കുന്ന 2026 ഷോയുടെ കണക്കുകള്‍ അടുത്ത ദിവസമേ അറിയാനാകൂ.