വാഷിംഗ്ടൺ: ഒരു നിമിഷംകൊണ്ട് അമേരിക്കൻ ആകാശം നിശ്ചലമായി. പുറപ്പെടേണ്ട വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കപ്പെടുന്നു. ആകാശത്തുള്ള വിമാനങ്ങൾ സുരക്ഷിതമായി നിലത്തിറക്കുന്നു. അമേരിക്കയിൽ ഇന്നലെ നടന്നത് 2001 സെപ്റ്റംബർ11ലെ തനിയാവർത്തമെന്ന് പലരും ചിന്തിച്ചുകാണും. എന്നാൽ അതായിരുന്നില്ല കാരണം.
എയർ ട്രാഫിക് കൺട്രോൾ സംവിധാനങ്ങളിലുണ്ടായ ഗുരുതരമായ ആശയവിനിമയ തകരാറാണ് രാജ്യത്തെ മുൾമുനയിൽ നിർത്തിയത്. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ രാജ്യവ്യാപകമായി വിമാന സർവീസുകൾ താത്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. ഏകദേശം 15 ലക്ഷം യാത്രക്കാരെയാണ് പ്രതിസന്ധി ബാധിച്ചത്.
ചിക്കാഗോയിൽ തുടങ്ങി, രാജ്യത്തെയാകെ ബാധിച്ചു
വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.54നാണ് അമേരിക്കയിലുടനീളമുള്ള വിമാനത്താവളങ്ങളിൽനിന്നുള്ള പുറപ്പെടൽ സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. ചിക്കാഗോയിലെ വിമാനത്താവളങ്ങളിൽ ആരംഭിച്ച ആശയവിനിമയ തടസം രാജ്യത്തെ 22 എയർ റൂട്ട് ട്രാഫിക് കൺട്രോൾ സെന്ററുകളെ ബാധിച്ചു. ഇതോടെയാണ് നിയന്ത്രണം രാജ്യവ്യാപകമാക്കിയത്. തുടർന്ന് വിമാന സർവീസുകൾ കൂട്ടത്തോടെ തടസപ്പെട്ടു.
വിമാനങ്ങളും എയർ ട്രാഫിക് കൺട്രോൾ കേന്ദ്രങ്ങളും തമ്മിലുള്ള റഡാർ വിവരങ്ങളിലും റേഡിയോ ആശയവിനിമയത്തിലും സ്ഥിരതയില്ലാത്ത സാഹചര്യം രൂപപ്പെട്ടതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതോടെ വിമാനങ്ങളുടെ പറക്കൽ സുരക്ഷിതമായി നിയന്ത്രിക്കാൻ കഴിയുമോയെന്ന ആശങ്ക ഉയർന്നു. തുടർന്ന് വിമാനത്താവളങ്ങളിൽനിന്നുള്ള പുറപ്പെടൽ സർവീസുകൾ താത്കാലികമായി നിർത്തിവച്ചു. ആകാശത്തുണ്ടായിരുന്ന 3,500ലധികം വിമാനങ്ങൾക്ക് സുരക്ഷിതമായി ഇറക്കാൻ അനുമതി നൽകുകയായിരുന്നു.
നാലുമണിക്കൂർ 21 മിനിറ്റ് നീണ്ട അനിശ്ചിതത്വം
3.54ന് ഏർപ്പെടുത്തിയ രാജ്യവ്യാപക നിയന്ത്രണം രാത്രി 8.15ഓടെയാണ് പിൻവലിച്ചത്. നാലുമണിക്കൂർ 61 മിനിറ്റ് നീണ്ടുനിന്ന നിയന്ത്രണത്തിനുശേഷം വിമാന സർവീസുകൾ പുനരാരംഭിക്കാൻ അനുമതി ലഭിച്ചെങ്കിലും വ്യോമഗതാഗതം ഉടൻ സാധാരണ നിലയിലായില്ല. സാങ്കേതിക തകരാർ പരിഹരിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് നിയന്ത്രണം നീക്കിയത്. നിയന്ത്രണം പ്രഖ്യാപിക്കുമ്പോൾ ആകാശത്തുണ്ടായിരുന്ന 3,500ലേറെ വിമാനങ്ങൾക്ക് സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിലെത്തി ഇറങ്ങാൻ അനുമതി നൽകിയിരുന്നു.
എന്നാൽ വിലക്ക് നീക്കിയതോടെ എല്ലാ വിമാനങ്ങൾക്കും ഒരേസമയം പറന്നുയരാനാകുമായിരുന്നില്ല. മണിക്കൂറുകളോളം കാത്തുകിടന്ന വിമാനങ്ങൾ, യാത്രയ്ക്കായി കാത്തിരുന്ന യാത്രക്കാർ, വിമാനങ്ങൾ വഴിതിരിച്ചുവിട്ടതിനെത്തുടർന്നുണ്ടായ ക്രമീകരണങ്ങൾ എന്നിവ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. വിമാനങ്ങളും ജീവനക്കാരും വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയതും പ്രതിസന്ധി നീളാൻ കാരണമായി.
റദ്ദാക്കിയ സർവീസുകൾ പുനഃക്രമീകരിക്കുകയും ജീവനക്കാരെ ആവശ്യമായ സ്ഥലങ്ങളിലെത്തിക്കുകയും ചെയ്യേണ്ടിവന്നതും പ്രതിസന്ധിവർധിപ്പിച്ചു. അതിനാൽ നിയന്ത്രണം നീക്കിയ ശേഷവും കാലതാമസവും റദ്ദാക്കലുകളും തുടർന്നു. വിമാനഗതാഗതം പൂർണമായി സാധാരണ നിലയിലാകാൻ ദിവസങ്ങളെടുത്തേക്കാമെന്നായിരുന്നു അധികൃതരുടെ മുന്നറിയിപ്പ്.
15 ലക്ഷം യാത്രക്കാരെ ബാധിച്ചു
സാങ്കേതിക തകരാർ ഏകദേശം 15 ലക്ഷം യാത്രക്കാരുടെ യാത്രാപദ്ധതികളെയാണ് ബാധിച്ചത്. അമേരിക്കയിലെ ആഭ്യന്തര സർവീസുകൾക്കു പുറമേ കാനഡ, യൂറോപ്പ് തുടങ്ങിയ മേഖലകളിൽനിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകളെയും പ്രതിസന്ധി ബാധിച്ചു. നിരവധി യാത്രക്കാർക്ക് മണിക്കൂറുകളോളം വിമാനത്താവളങ്ങളിൽ കാത്തിരിക്കേണ്ടിവന്നത്.
കാലപ്പഴക്കം ചെന്ന ഉപകരണങ്ങൾ വില്ലനായോ
എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലെ കാലപ്പഴക്കം ചെന്ന റൂട്ടറുകളും സ്വിച്ചുകളും അമിതമായ ഡാറ്റാ പ്രവാഹവും തകരാറിന് കാരണമായെന്നാണ് യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി വ്യക്തമാക്കിയത്. അതേസമയം സൈബർ ആക്രമണമോ മറ്റേതെങ്കിലും സുരക്ഷാ ഭീഷണിയോ അല്ല സംഭവത്തിന് പിന്നിലെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്വെയ്ൻ മുള്ളിൻ സ്ഥിരീകരിച്ചു. 2023 ജനുവരിയിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ പ്രധാന കംപ്യൂട്ടർ സംവിധാനം തകരാറിലായതിന് ശേഷം യുഎസിൽ രാജ്യവ്യാപകമായി വിമാനങ്ങൾ നിർത്തിവയ്ക്കുന്നത് ഇതാദ്യമായാണ്.
9/11നുശേഷം വീണ്ടും വ്യോമഗതാഗത സ്തംഭനം
2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം അമേരിക്കൻ വ്യോമഗതാഗത മേഖലയിൽ രാജ്യവ്യാപകമായി വിമാനങ്ങളുടെ പുറപ്പെടൽ നിർത്തിവെക്കേണ്ടിവന്ന അപൂർവ സംഭവമാണിത്. 2023 ജനുവരി 11ന് എഫ്എഎയുടെ പൈലറ്റ് അറിയിപ്പ് സംവിധാനത്തിലുണ്ടായ തകരാറിനെത്തുടർന്നും രാജ്യവ്യാപകമായി വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ചിരുന്നു.
അന്ന് ഏകദേശം ഒന്നര മണിക്കൂറോളമാണ് നിയന്ത്രണം നീണ്ടത്. എന്നാൽ ഇത്തവണ ആശയവിനിമയ സംവിധാനങ്ങളിലുണ്ടായ തകരാർ നാലുമണിക്കൂറിലേറെ നീണ്ടുനിന്നു. സാങ്കേതിക സംവിധാനങ്ങളിലെ തകരാറുകൾ എത്രത്തോളം വലിയ പ്രതിസന്ധിക്ക് വഴിവെക്കുമെന്നതിന്റെ മറ്റൊരു ഉദാഹരണമായി അമേരിക്കയിലെ ഈ സംഭവം മാറി.