ഒറ്റപ്പാലം: പാലക്കാട് കുളപ്പുള്ളി പ്രധാനപാതയിൽ വാണിയംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ കലുങ്കിലും മരത്തിലുമിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. മൂന്നു പേർക്കു ഗുരുതരമായി പരിക്കേറ്റു. മനിശേരി പാന്തലിൽ വീട്ടിൽ അജയ് (വാസു-31), സൗത്ത് പനമണ്ണ കയറാട്ട് വീട്ടിൽ വൈശാഖ് (32) എന്നിവരാണു മരിച്ചത്.
ഇവരുടെ സുഹൃത്തുക്കളായ നിതിൻ, ഗോവിന്ദ്, ശ്രീജിത്ത് എന്നിവർക്കാണു ഗുരുതരമായി പരിക്കേറ്റത്. ശ്രീജിത്തിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മറ്റു രണ്ടുപേർ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കാറിന്റെ അമിതവേഗമാണ് അപകടകാരണമെന്നു പൊലിസ് പറഞ്ഞു. ഇന്നലെ പുലർച്ചെ 12.30ഓടെ തൃക്കൻകോടിനും മനിശേരിക്കുമിടയിൽവച്ചാണ് അപകടം. വാണിയംകുളം ഭാഗത്തുനിന്നുവന്ന കാർ കലുങ്കിൽ ഇടിച്ചശേഷം മുന്നോട്ടുനീങ്ങി മരത്തിൽ ഇടിച്ചാണുനിന്നത്. കാർ പൂർണമായും തകർന്നു.
ഷൊർണൂരിൽനിന്നു ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്. വൈശാഖാണു കാർ ഓടിച്ചിരുന്നത് എന്നാണു വിവരം.
ഷൊർണൂർ ഡിവൈഎസ്പിയും മോട്ടോർ വാഹനവകുപ്പ് അധികൃതരും സംഭവസ്ഥലത്തു പരിശോധന നടത്തി. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.