National
മുംബൈ: വിമാനാപകടത്തിൽ അജിത് പവാർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രമന്ത്രി കെ. റാം മോഹൻ നായിഡുവിന്റെ രാജി ആവശ്യപ്പെട്ട് രോഹിത് പവാർ. അന്വേഷണം പൂർത്തിയാകുന്നതുവരെ സിവിൽ ഏവിയേഷൻ മന്ത്രിയായ നായിഡുവിനെ മന്ത്രിസഭയിൽനിന്നു മാറ്റിനിർത്തുകയോ രാജിവയ്പിക്കുകയോ ചെയ്യണമെന്നാണ് എൻസിപി (എസ്പി) ജനറൽ സെക്രട്ടറിയും എംഎൽഎയുമായ രോഹിത് പവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ലിയാർജെറ്റ് 45 വിമാനത്തിന്റെ ഉടമസ്ഥതയിലുള്ള കന്പനിയായ വിഎസ്ആറിനെക്കുറിച്ചും നായിഡുവുമായുള്ള ബന്ധത്തെക്കുറിച്ചും ഗുരുതര ആരോപണങ്ങളാണ് ഉയർന്നുവന്നിട്ടുള്ളതെന്നും അജിത്തിന്റെ ബന്ധുകൂടിയായ രോഹിത് കത്തിൽ സൂചിപ്പിച്ചു.
സ്വതന്ത്രവും നീതിയുക്തവുമായ ഏജൻസി കേസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനുവരി 28 ന് പൂനയിലെ ബാരാമതി വിമാനത്താവളത്തിന് സമീപമാണ് അജിത് പവാറും മറ്റ് നാല് പേരും വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്.
National
മുംബൈ: വിമാനപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എൻസിപി നേതാക്കൾ രംഗത്ത്. ഇതുസംബന്ധിച്ച് എൻസിപി നേതാക്കളുടെ സംഘം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി.
മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു രാജിവയ്ക്കണമെന്നും വിമാനാപകടത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും എൻസിപി (എസ്പി) നേതാവ് രോഹിത് പവാർ ആവശ്യപ്പെട്ടു.
അജിത് പവാറിന്റെ അനന്തരവനാണ് രോഹിത് പവാർ. ചാർട്ടർ കമ്പനിയായ വിഎസ്ആർ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ ഇതുവരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച രോഹിത് വിമാനത്തിൽ അധിക ഇന്ധന ടാങ്കുകളുണ്ടായിരുന്നുവെന്ന ആരോപണം ആവർത്തിച്ചു.
അന്വേഷണത്തിന് ഉന്നതതല നിരീക്ഷണ സമിതി രൂപീകരിക്കണം. സമിതിയിൽ മുൻ ഉദ്യോഗസ്ഥർ, മുൻ ജഡ്ജിമാർ, ലോക്സഭാ പ്രതിപക്ഷ നേതാവ്, കുടുംബാംഗങ്ങൾ എന്നിവർ ഉൾപ്പെടണമെന്നും രോഹിത് ആവശ്യപ്പെട്ടു.
National
മുംബൈ: അജിത് പവാറിന്റെ മരണശേഷം ആദ്യമായി വിശദമായ എൻസിപി (അജിത്) പാർട്ടി യോഗം ഇന്ന് ചേരും. ഉപമുഖ്യമന്ത്രി സുനേത്ര പവാർ പങ്കെടുക്കും. എംഎൽഎമാരെ സുനേത്ര വ്യക്തിപരമായും കാണും.
പാർട്ടിയുടെ മുന്നോട്ടുള്ള നീക്കങ്ങൾ, ശരദ് പവാർ വിഭാഗവുമായുള്ള ലയനം എന്നിവ സംബന്ധിച്ച് ഓരോരുത്തരുടെയും മനസറിയുകയാണു ലക്ഷ്യം. പാർട്ടി എംഎൽഎമാരിൽ പലരും ശരദ് വിഭാഗവുമായി ലയിക്കണമെന്ന അഭിപ്രായമുള്ളവരാണ്. അതുവഴി അജിത് പവാറിന്റെ സ്വപ്നം യാഥാർഥ്യമാക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. എന്നാൽ മുതിർന്ന നേതാക്കളായ പ്രഫുൽ പട്ടേൽ ഉൾപ്പെടെയുള്ളവർ നിലവിലുള്ള സ്ഥിതി തുടർന്നാൽ മതിയെന്ന പക്ഷക്കാരാണ്.
ലയിച്ചാൽ പാർട്ടിക്കുമേൽ തങ്ങൾക്കുള്ള നിയന്ത്രണം നഷ്ടപ്പെടുമെന്നും ശരദ് പവാർ ഉൾപ്പെടെ പിടിമുറുക്കുമെന്നുമാണു പട്ടേൽ അടക്കമുള്ളവരുടെ ആശങ്ക. നേരത്തെ രണ്ട് എൻസിപി വിഭാഗങ്ങളും ലയിക്കുമെന്നും മഹാരാഷ്ട്രയുടെ ചുമതല അനന്തരവൻ അജിത് പവാറിനും ഡൽഹിയിലെ ചുമതല മകൾ സുപ്രിയ സുലെയ്ക്കും കൈമാറി ശരദ് പവാർ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്നും തീരുമാനിച്ചിരുന്നു.
ഫെബ്രുവരി 12ന് ലയനം നടക്കേണ്ടതായിരുന്നു. എന്നാൽ അജിത് പവാറിന്റെ അപ്രതീക്ഷിത മരണം പദ്ധതികളെല്ലാം തകിടം മറിച്ചിരിക്കുകയാണ്. ഇതോടെ രണ്ട് വിഭാഗങ്ങളും രണ്ട് വഴിക്ക് നീങ്ങുകയും ലയനം മാറ്റിവയ്ക്കുകയുമായിരുന്നു.
National
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിൽ സംശയമുണ്ടെന്ന് അനന്തരവൻ രോഹിത് പവാർ. ഒരു മുതിർന്ന നേതാവ് യാത്ര മനഃപൂർവം വൈകിപ്പിച്ചതിനാലാണ് ട്രെയിനിലെ യാത്ര മാറ്റി വിമാന മാർഗമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിന് തൊട്ട് മുമ്പുള്ള റേഡിയോ സിഗ്നലും പ്രധാന പൈലറ്റിന്റെ സംഭാഷണവും ലഭിക്കാത്തതിലും ദുരൂഹതയുണ്ടെന്നാണ് രോഹിത്തിന്റെ ആരോപണം. കഴിഞ്ഞ 28 ന് പൂനെയ്ക്ക് സമീപം ബാരാമതിയിലുണ്ടായ വിമാന അപകടത്തിലാണ് അജിത് പവാർ കൊല്ലപ്പെട്ടത്. ലാൻഡിങ്ങിനിടെ വിമാനം തകർന്നു വീണ് തീപിടിക്കുകയായിരുന്നു.
അപകടത്തിൽ പൈലറ്റുമാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന മറ്റ് നാലു പേരും കൊല്ലപ്പെട്ടിരുന്നു. കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തിയെങ്കിലും വൈകിയാണ് അവിടെ നിന്ന് പുറപ്പെട്ടത്. അപകടം നടക്കുന്നതിനു തൊട്ടു മുൻപ് ട്രാൻസ്പോണ്ടർ ഓഫായി. പൈലറ്റാണോ ഇത് ചെയ്തതെന്നു പരിശോധിക്കണം.
സഹ പൈലറ്റ് മെയ് ഡേ സന്ദേശം അയച്ചില്ല. വിമാനം പറത്താൻ ചുമതലയുണ്ടായിരുന്ന പൈലറ്റിനെ അവസാന നിമിഷം മാറ്റിയിരുന്നു. ഒരു പൈലറ്റ് ഗതാഗതകുരുക്കിൽ കുടുങ്ങിയത് കൊണ്ടെന്നായിരുന്നു വിശദീകരണം. എന്നാൽ രണ്ട് പൈലറ്റുമാരെയും മാറ്റിയതിൽ ദുരൂഹതയുണ്ടെന്നും രോഹിത് പവാർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
National
മുംബൈ: വിമാനാപകടത്തിൽ മരിച്ച മുതിർന്ന നേതാവ് അജിത് പവാറിന്റെ സ്വപ്നം യാഥാർഥ്യമാക്കാനൊരുങ്ങി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടികൾ. രണ്ട് എൻസിപികളും തമ്മിലുള്ള ലയനം അടുത്ത മാസം പകുതിയോടെ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണു റിപ്പോർട്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിച്ച ഇരുവിഭാഗവും ഒന്നിക്കാൻ തീരുമാനമായിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത്താണ് ലയനത്തിന് മുൻകൈ എടുത്തതെന്ന് നേതാക്കൾ പറയുന്നു.
ഡിസംബർ-ജനുവരി മാസങ്ങളിൽ പിതൃസഹോദരനും എൻസിപി (എസ്പി) അധ്യക്ഷനുമായ ശരദ് പവാറുമായി അജിത് പലവട്ടം കൂടിക്കാഴ്ച നടത്തിയിരുന്നു.
ലയനത്തിന് ഇരുവിഭാഗവും തീരുമാനമെടുക്കുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംയുക്ത പത്രസമ്മേളനത്തിലൂടെ ലയനം ഔദ്യോഗികമായി പ്രഖ്യാപിക്കാനായിരുന്നു ഇരുനേതാക്കളും തീരുമാനിച്ചിരുന്നത്.
ലയനത്തിന് അന്തിമരൂപം നൽകുന്നതിനായി ഇരുപക്ഷത്തെയും നേതാക്കൾ അടുത്തയാഴ്ച യോഗം ചേരുമെന്നാണ് വിവരം. അതേസമയം, അജിത് പവാർ പക്ഷത്തെ ചില നേതാക്കൾക്കു പെട്ടെന്നുള്ള ലയനത്തിൽ താത്പര്യമില്ലെന്നാണ് റിപ്പോർട്ട്. ശരദ് പവാർ പക്ഷത്തുള്ളവരാണ് പെട്ടെന്നുള്ള ലയനത്തിന് ആവശ്യമുയർത്തുന്നത്.
ഒന്നാകുന്ന എൻസിപിയെ നയിക്കാൻ ശരദ് പവാറിനെകൂടാതെ മൂന്ന് നേതാക്കളുടെ പേരുകൾ കേൾക്കുന്നുണ്ട്. അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ, സുപ്രിയ സുലെ, പ്രഫുൽ പട്ടേൽ എന്നിവരുടെ പേരുകളാണ് ഉയരുന്നത്.
രാജ്യസഭാ എംപിയായ സുനേത്ര പവാറിനെ പാർട്ടി അധ്യക്ഷയായും നിയമസഭാ കക്ഷി നേതാവായും നിയമിക്കണമെന്നാണ് എൻസിപിക്കുള്ളിലെ പൊതുവായ വികാരം. ഇതു നടന്നില്ലെങ്കിൽ, പ്രഫുൽ പട്ടേൽ നേതൃസ്ഥാനത്തേക്കു വരാനാണ് സാധ്യതയെന്നും റിപ്പോർട്ടുണ്ട്.
1999-ൽ കോൺഗ്രസിൽനിന്ന് വേർപിരിഞ്ഞാണ് ശരദ് പവാർ എൻസിപി സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ സഹോദരന്റെ മകൻ അജിത് പവാർ 2023 ജൂലൈയിൽ പാർട്ടി പിളർത്തി ഭരണകക്ഷിയായ മഹായുതിയിൽ ചേർന്ന് സർക്കാർ രൂപവത്കരിച്ചു. ശരദ് പവാറിന്റെ അടുത്ത അനുയായികളായ പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ, ദിലീപ് വൽസെ-പാട്ടീൽ എന്നിവരും അജിത്തിനൊപ്പം പാർട്ടി വിട്ടിരുന്നു.
അജിത് പവാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ എൻസിപി നേതാവ് അങ്കുഷ് കക്കഡെ, കഴിഞ്ഞ മാസം ശരദ് പവാറിന്റെ ജന്മദിനത്തിൽ (ഡിസംബർ 12) അദ്ദേഹത്തിന് ‘സമ്മാനമായി’ ഇരുവിഭാഗങ്ങളെയും ലയിപ്പിക്കാൻ അജിത് പവാർ ആഗ്രഹിച്ചിരുന്നെങ്കിലും അത് നടന്നില്ലെന്ന് സൂചിപ്പിച്ചിരുന്നു.
National
മുംബൈ: വിമാനാപകടത്തിൽ മരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മൃതദേഹം പൂർണ ബഹുമതികളോടെ സംസ്കരിച്ചു. അജിത് പവാറിന്റെ രാഷ്ട്രീയ ശക്തികേന്ദ്രവും ജന്മസ്ഥലവുമായ ബാരാമതിയിലാണ് ചടങ്ങുകൾ നടന്നത്.
രാവിലെ ഒൻപതിന് ബാരാമതിയിലെ വിദ്യാ പ്രത്ഷ്ഠാൻ മൈതാനത്താണ് അന്ത്യകർമങ്ങൾ നടന്നത്. അജിത് പവാർ അനുയായികളും എൻസിപി പ്രവർത്തകരുമായ ആയിരക്കണക്കിന് ആളുകളാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.
അഞ്ച് സ്ഥലങ്ങളിലൂടെ വിലാപയാത്ര പോകണമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ജനക്കൂട്ടത്തിന്റെ തിരക്കിനെ തുടർന്ന് അന്ത്യകർമങ്ങൾ വേഗത്തിലാക്കുകയായിരുന്നു.
ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര, മക്കളായ പാർഥ്, ജയ് എന്നിവർ അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി.
ശരദ് പവാർ, മകൾ സുപ്രിയ സുലെ, ശിവസേന മേധാവും മുൻ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ബോളിവുഡ് താരങ്ങൾ എന്നിവരും അന്ത്യകർമങ്ങളിൽ പങ്കെടുത്തു.
ബാരാമതി വിമാനത്താവളത്തിൽ ചാർട്ടേഡ് വിമാനമായ ലിയർജെറ്റ് 45 തകർന്നുവീണാണ് 66 വയസുകാരനായ അജിത് പവാർ ഉൾപ്പടെ നാലുപേർ മരിച്ചത്. ബാരാമതിയിലെ ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്ന് വിമാനത്തിൽ വരുന്നതിനിടെയാണ് അപകടമുണ്ടായത്.
National
മുബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സംസ്കാരം ഇന്ന് ബാരാമതിയിൽ നടക്കും. മഹാരാഷ്ട്ര ബാരാമതിയിലുണ്ടായ വിമാന അപകടത്തിലാണ് അജിത് പവാർ മരിച്ചത്. അജിത് പവാറടക്കം വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും തല്‍ക്ഷണം മരിച്ചു. പൈലറ്റിന് റണ്‍വേ കൃത്യമായി കാണാന്‍ കഴിയാതെ പോയതാണ് ദുരന്തത്തിനിടയാക്കിയതെന്നാണ് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു വ്യക്തമാക്കിയത്.
വിമാനാപകടത്തിൽ ഡിജിസിഎ അന്വേഷണം പുരോഗമിക്കുന്നു. വിമാനം വാടകയ്ക്ക് നൽകിയ വിഎസ്ആർ കമ്പനി ഓഫീസിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ബാരാമതിയിലെ അപകട സ്ഥലത്തും പരിശോധന തുടരുകയാണ്. ഇന്നലെ ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു.
National
ന്യൂഡൽഹി: പൊതുരംഗങ്ങളിൽ തിളങ്ങി നിൽക്കുന്പോൾ വിമാനാപകടത്തിൽ മരിച്ചത് നിരവധി പ്രമുഖരാണ്.
ഡോ. ഹോമി ജെ ഭാഭ (1966)
1966ൽ വിഖ്യാത ഇന്ത്യൻ ആണവ ശാസ്ത്രജ്ഞനായ ഡോ. ഹോമി ജഹാംഗീർ ഭാഭ വിമാനാപകടത്തിൽ മരിച്ചു. 1966 ജനുവരി 24ന് ഫ്രാൻസിലെ മോ ബ്ലായ്ക്കു സമീപമുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിലാണ് അന്തരിച്ചത്. ജനീവയിലേക്കു പോകുകയായിരുന്ന വിമാനം പർവതത്തിൽ ഇടിച്ചായിരുന്നു അപകടം. 56ാം വയസിലായിരുന്നു മരണം.
സഞ്ജയ് ഗാന്ധി (1980)
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഇളയ മകനും കോണ്‍ഗ്രസ് നേതാവുമായി സഞ്ജയ് ഗാന്ധി വിമാനാപകടത്തില്‍ മരിച്ചത് 1980 ജൂണ്‍ 23നാണ്. ഡൽഹിയിലായിരുന്നു സഞ്ജയിന്റെ വിമാനം തകര്‍ന്നുവീണത്. പ്രധാനമന്ത്രിയുടെ മകൻ എന്ന നിലയിൽ ഇന്ത്യൻ രാഷ്ട്രീയ ഭരണരംഗങ്ങളിൽ നിർണായക സ്വാധീനമുണ്ടായിരുന്ന വ്യക്തിയായിരുന്നു സഞ്ജയ് ഗാന്ധി.
വൈ.എസ്. രാജശേഖര റെഡ്ഢി (2009)
2009ൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഢി വിമാനാപകടത്തിൽ മരിച്ചതാണ് ഇന്ത്യയെ നടുക്കിയ മറ്റൊരു ദുരന്തം. വൈഎസ്ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന വൈ.എസ്. രാജശേഖര റെഡ്ഢി ആന്ധ്രയിൽ കോണ്‍ഗ്രസിലെ പകരംവയ്ക്കാനാവാത്ത നേതാവായിരുന്നു. നല്ലമല വനമേഖലയില്‍ മോശം കാലാവസ്ഥയെത്തുടര്‍ന്നായിരുന്നു അപകടം.
ജനറൽ ബിപിൻ റാവത്ത് (2021)
2021 ഡിസംബർ എട്ടിന് ഇന്ത്യൻ സൈന്യത്തിനുതന്നെ സംഭവിച്ച വലിയ നഷ്ടമായിരുന്നു ജനറൽ ബിപിൻ റാവത്തിന്റെ മരണം. ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയിരുന്നു അദ്ദേഹം. തമിഴ്നാട്ടിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് അദ്ദേഹവും ഭാര്യയും മറ്റ് 11 പേരും മരിച്ചത്.
വിജയ് രൂപാണി (2025)
2025 ജൂണ്‍ 12ന് അഹമ്മദാബാദ് വിമാനാപകടത്തിലാണു ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിക്കു ദാരുണാന്ത്യമുണ്ടായത്. 2016 മുതല്‍ 2021 വരെ രണ്ടു ടേമില്‍ രൂപാണി മുഖ്യമന്ത്രിയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരില്‍ ഒരാളൊഴികെ എല്ലാവരും മരിച്ചു. ഡിഎന്‍എ പരിശോധനയിലാണു രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.
ഡോര്‍ജീ ഖണ്ഡു(2011)
അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി ഡോര്‍ജീ ഖണ്ഡു 2011ലാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്. തൊട്ടടുത്ത ദിവസം 13,700 അടി ഉയരത്തിലാണ് ഖണ്ഡുവിന്റെ മൃതദേഹം കണ്ടെത്തിയത്. മോശം കാലാവസ്ഥയെത്തുടര്‍ന്നായിരുന്നു അപകടം. തവാംഗിൽനിന്നു വെസ്റ്റ് കാമെംഗ് ജില്ലയിലേക്കുള്ള യാത്രയാണ് അപകടത്തിൽ കലാശിച്ചത്.
ജി.എം.സി. ബാലയോഗി (2002)
ലോക്സഭാ സ്പീക്കറും ടിഡിപി നേതാവുമായിരുന്ന ജി.എം.സി. ബാലയോഗി ഹെലികോപ്റ്റര്‍ അപകടത്തിലാണു മരിച്ചത്. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയില്‍ 2002 മാര്‍ച്ച് മൂന്നിനായിരുന്നു അപകടം. മോശം കാലാവസ്ഥയായിരുന്നു അപകടകാരണം.
മാധവറാവു സിന്ധ്യ (2001)
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മാധവറാവു സിന്ധ്യ യുപിയിലെ മയിന്പുരിയിലുണ്ടായ വിമാനാപകടത്തിലാണു മരിച്ചത്. ഡല്‍ഹിയില്‍നിന്നു കാണ്‍പുരിലേക്കു പോയ വിമാനമാണു 2001 സെപ്റ്റംബര്‍ 30നു തകര്‍ന്നുവീണത്. എന്ജിന് തകരാറും മോശം കാലാവസ്ഥയും അപകടത്തിനു കാരണമായി. മാധവ് റാവ് സിന്ധ്യയുടെ മകനാണ് ഇപ്പോഴത്തെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
സിപ്രിയാൻ സാംഗ്മ (2004)
മേഘാലയ ഗ്രാമവികസന മന്ത്രി സിപ്രിയാൻ സാംഗ്മയുടെ പവൻഹാൻസ് ഹെലികോപ്റ്റർ 2004 സെപ്റ്റംബറിലാണു തകർന്നുവീണത്. ഗോഹട്ടിയിൽനിന്നു ഷില്ലോംഗിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ബാരാപാനി തടാകത്തിനു സമീപം അപകടമുണ്ടായത്.
ഒ.പി. ജിൻഡാൽ, സുരേന്ദർ സിംഗ് (2005)
2005ൽ യുപിയിലെ സഹാരൻപുരിലുണ്ടായ അപകടത്തിലാണ് ഹരിയാന മന്ത്രിമാരായ ഓം പ്രകാശ് ജിൻഡാലും സുരേന്ദർ സിംഗും മരിച്ചത്. ഡൽഹിയിൽനിന്ന് ചണ്ഡിഗഡിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.
സൗന്ദര്യ (2004)
2004ൽ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു നടി സൗന്ദര്യ വിമാനാപകടത്തിൽ മരിച്ചത്. സിനിമാരംഗത്തു തിളങ്ങിനിൽക്കുന്ന സമയത്താണ് ബിജെപിക്കുവേണ്ടി സൗന്ദര്യ പ്രചാരണത്തിന് ഇറങ്ങിയത്. പ്രചാരണത്തിനു പോകവേ കർണാടകയിൽ ചെറുവിമാനം തകർന്നായിരുന്നു സൗന്ദര്യയുടെ മരണം.
National
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ മരിച്ച അഞ്ച്പേരിൽ ഒരാൾ ക്യാപ്റ്റൻ ശാംഭവി പഥക്. ഡൽഹി ആസ്ഥാനമായുള്ള നോൺ-ഷെഡ്യൂൾഡ് എയർ ട്രാൻസ്പോർട്ട് ഓപ്പറേറ്ററായ, വിഎസ്ആർ വെഞ്ചേഴ്സിൽ ഫസ്റ്റ് ഓഫീസറായി സേവനമനുഷ്ടിക്കുകയായിരുന്നു ശാംഭവി പഥക്. ശാംഭവി പറത്തിയ ലിയർജെറ്റ് 45 എന്ന ചെറിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
എയർഫോഴ്സ് ബാൽ ഭാരതി സ്കൂളിൽ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശാംഭവി, ന്യൂസിലാൻഡ് ഇന്റർനാഷണൽ കൊമേഴ്ഷ്യൽ പൈലറ്റ് അക്കാദമിയിൽ നിന്ന് കൊമേഴ്ഷ്യൽ പൈലറ്റും ഫ്ലൈറ്റ് ക്രൂ പരിശീലനവും നേടി. മുംബൈ സർവകലാശാലയിൽ നിന്ന് എയറോനോട്ടിക്സ്, ഏവിയേഷൻ, എയ്റോസ്പേസ് സയൻസ് ആൻഡ് ടെക്നോളജി എന്നിവയിൽ ബിരുദം നേടി.
മധ്യപ്രദേശ് ഫ്ലൈയിംഗ് ക്ലബ്ബിൽ അസിസ്റ്റന്റ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടറായി ചുമതലയെറ്റ് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ റേറ്റിംഗ് നേടിയിരുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) നിന്ന് ഫ്രോസൺ എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസും (എടിപിഎൽ) ശാംഭവി നേടിയിരുന്നു.
സ്പൈസ് ജെറ്റ് ലിമിറ്റഡിൽ നിന്ന് ഏവിയേഷൻ സെക്യൂരിറ്റി, ജോർദാൻ എയർലൈനിൽ നിന്ന് ജെറ്റ് ഓറിയന്റെഷൻ പരിശീലനം, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) നിന്ന് കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ്, സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് ന്യൂസിലാൻഡിൽ നിന്ന് സിസിഎ കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.
അതേസമയം, ശാംഭവിയെ കൂടാതെ അജിത് പവാർ, പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ വിദിപ് ജാദവ്, പൈലറ്റ് സുമിത് കപൂർ, ഒരു ഫ്ലൈറ്റ് അറ്റന്റർ എന്നിവരും അപകടത്തിൽ മരിച്ചു.
National
ന്യൂഡൽഹി: അജിത് പവാറിന്റെ മരണത്തിനിടയാക്കിയ ബാരാമതി വിമാനാപകടത്തിന് കാരണം കാഴ്ച പരിധി കുറഞ്ഞതെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു.
ആദ്യ ലാൻഡിംഗിൽ റൺവേ കാണാനാകുന്നില്ലെന്ന് പൈലറ്റ് അറിയിച്ചു. രണ്ടാം ലാൻഡിംഗിൽ പ്രശ്നമില്ലെന്ന് അറിയിച്ചപ്പോൾ എടിസി ക്ലിയറൻസ് നൽകി. എന്നാൽ അപകടം സംഭവിക്കുകയായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
ഇന്ന് രാവിലെ 8.45ഓടെയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടത്. പവാറിനെ കൂടാതെ അദ്ദേഹത്തിന്റെ ഒരു പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ, ഒരു സഹായി, രണ്ട് പൈലറ്റുമാർ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.
മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനായി പോവുകയായിരുന്നു അജിത് പവാർ.
Kerala
കോൽക്കത്ത: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും മമതാ ആവശ്യപ്പെട്ടു.
"അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലും ദുഃഖവുമുണ്ടാക്കുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സഹയാത്രികരും ബാരാമതിയിൽ ഇന്ന് പുലർച്ചെയുണ്ടായ വിമാനദുരന്തത്തിൽ മരിച്ചു. കടുത്ത നഷ്ടബോധം തോന്നുന്നു. അജിത് പവാറിന്റെ കുടുംബത്തെയും അദ്ദേഹത്തിന്റെ പിതൃസഹോദരൻ ശരദ് പവാറിനെയും അജിത്തിന്റെ മുഴുവൻ സുഹൃത്തുക്കളെയും അനുയായികളെയും അനുശോചനം അറിയിക്കുന്നു. ഈ സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണം'.- മമത എക്സിലെ കുറിപ്പിൽ പറഞ്ഞു.
ഇന്ന് രാവിലെ വിമാനദുരന്തത്തിലാണ് അജിത് പവാർ ഉൾപ്പടെയുള്ളവർ മരിച്ചത്. മഹാരാഷ്ട്രയിലെ ബാരാമതിയിൽ പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
Kerala
തിരുവനന്തപുരം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിൽ അനുശോചിച്ച് നിയമസഭ. അജിത് പവാര്‍ മരിച്ചെന്ന വാര്‍ത്തക്ക് പിന്നാലെ നിയമസഭ സമ്മേളനം നിര്‍ത്തിവച്ച് അംഗങ്ങള്‍ മൗനം ആചരിച്ചു.
അതേസമയം, വിശ്വസനീയ ദുരന്ത വാര്‍ത്തയാണെന്ന് എൻസിപി ദേശീയ പ്രവര്‍ത്തക സമിതി അംഗമായ വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
ഞെട്ടിക്കുന്ന വാര്‍ത്തയാണെന്നും സഹോദരനെ നഷ്ടപ്പെട്ട ദുഖമാണ് തനിക്കെന്നും അജിത് പവാറിന്റെ മരണം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു.
ഇന്ന് രാവിലെ ഒമ്പതിനാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ സഞ്ചരിച്ച സ്വകാര്യ വിമാനം തകര്‍ന്ന് വീണത്. അപകടത്തിൽ അജിത് പവാറടക്കം അഞ്ചുപേരാണ് മരിച്ചത്.
വിമാനത്തിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനും സഹായിയും പൈലറ്റും മറ്റൊരു ജീവനക്കാരനുമാണ് മരിച്ചത്. വിമാനം പൂര്‍ണമായും കത്തി നശിച്ചു. അപകടത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
മുംബൈ: ബാരാമതിയുടെ നായകൻ എന്നാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അറിയപ്പെട്ടിരുന്നത്. എട്ടു തവണയാണ് അദ്ദേഹം ബാരാമതിയിൽനിന്നു ജയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ അന്ത്യവും രാഷ്ട്രീയ തട്ടകത്തിൽ തന്നെയായി എന്നതു യാദൃച്ഛികമായി.
അജിത് പവാർ കൂടുതൽ വേഗത്തിൽ തീരുമാനമെടുക്കുന്ന നേതാവായാണ് അറിയപ്പെടുന്നത്. മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രി, ധനകാര്യ മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം വികസന പദ്ധതികളും സാമ്പത്തിക വിഷയങ്ങളും കൈകാര്യം ചെയ്തതിലൂടെ ശ്രദ്ധ നേടി. ശക്തമായ ഭരണനിലപാടുകളും വ്യക്തമായ അധികാരപ്രയോഗവും അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൈലിയുടെ പ്രത്യേകതയായിരുന്നു.
ശരദ് പവാറിനെയും അജിത് പവാറിനെയും ചേർത്തേ മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രം വായിക്കാനാകൂ. ബന്ധുക്കൾ ആയിരുന്നിട്ടുകൂടി രാഷ്ട്രീയ ജീവിതത്തിൽ ശരദ് പവാറുമായി ഉടക്കിപ്പിരിഞ്ഞു. സ്വന്തം എൻസിപി രൂപപ്പെടുത്തിയ അദ്ദേഹം ബിജെപി മുന്നണിയുമായി കൈകോർത്ത് മഹാരാഷ്ട്ര ഭരണത്തിൽ ഇടംനേടി.
എട്ട് തവണ നിയമസഭാംഗം, അഞ്ച് തവണ ഉപ മുഖ്യമന്ത്രി, അഞ്ച് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ഒരു തവണ ലോക്സഭാംഗം എന്നീ നിലകളിലും അജിത് പവാർ പ്രവർത്തിച്ചിട്ടുണ്ട്.
1982ൽ പൂനയിലെ പഞ്ചസാര ഫാക്ടറി സഹകരണ ബോർഡ് അംഗമായി പൊതുജീവിതം ആരംഭിച്ച അജിത് പവാർ, 1991ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ബരാമതിയിൽ നിന്നാണ് ആദ്യമായി നിയമസഭാംഗമായത്. 1991ലെ സുധാകരറാവു നായിക് മന്ത്രിസഭയിൽ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായി.
2010ലെ അശോക് ചവാൻ മന്ത്രിസഭയിലാണ് ആദ്യമായി ഉപ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് പൃഥ്വിരാജ് ചവാൻ, ദേവേന്ദ്ര ഫഡ്നാവീസ്, ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിൻഡേ മന്ത്രിസഭകളിൽ വീണ്ടും ഉപ മുഖ്യമന്ത്രിയായി.
2019ൽ മഹാവികാസ് അഘാഡി സർക്കാരിൽ ഉപ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2022ൽ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ സ്ഥാനം രാജിവച്ചതോടെ 2022ൽ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
2023ൽ എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ശരദ് പവാർ രാജിവച്ചതോടെ വർക്കിംഗ് പ്രസിഡന്റുമാരായി ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയും പ്രഫുൽ പട്ടേലും തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയിൽ പദവിയൊന്നും ലഭിക്കാതിരുന്ന അജിത് പവാർ ഇതേക്കറിച്ച് ശരദ് പവാറിനോടു ചർച്ച ചെയ്തെങ്കിലും അവഗണിക്കപ്പെട്ടു.
2023 ജൂലൈ രണ്ടിന് എൻസിപി പിളർത്തിയ അജിത് പവാർ, ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന - ബിജെപി സർക്കാരിൽ ഉപ മുഖ്യമന്ത്രിയായി. എൻസിപിയിലെ 53 എംഎൽഎമാരിൽ 29 പേരെ ഒപ്പം നിർത്തിയാണ് അജിത് പവാർ അട്ടിമറി നടത്തിയത്. ഇവരിൽ എട്ടുപേർ മന്ത്രിമാരുമായി.
2024 ഫെബ്രുവരി ആറിന് അജിത് പവാർ നേതൃത്വം നൽകുന്ന വിഭാഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എന്ന പേരും പാർട്ടി ചിഹ്നമായ ക്ലോക്കും അജിത് പവാറിന് ഉപയോഗിക്കാമെന്ന് വിധി വന്നു.
2024 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി നയിച്ച മഹായുതി സഖ്യത്തിൽ നിന്ന് 59 ഇടങ്ങളിൽ മത്സരിച്ച അജിത് പവാറിന്റെ എൻസിപി 41 സീറ്റുകളിൽ വിജയിച്ചു. ബിജെപിക്കും എക്നാഥ് ഷിൻഡെ വിഭാഗം ശിവസേനയ്ക്കും പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിലെയും മഹാരാഷ്ട്ര നിയമസഭയിലേയും മൂന്നാമത്തെ വലിയ പാർട്ടിയായി അജിത് പവാർ നയിച്ച എൻസിപി മാറി.
National
ന്യൂഡൽഹി: പൊതുരംഗങ്ങളിൽ തിളങ്ങി നിൽക്കുന്പോൾ വിമാനാപകടത്തിൽ മരിച്ച പ്രമുഖർ ഇന്ത്യയിൽ പലരുണ്ട്.
ഡോ. ഹോമി ജെ ഭാഭ
1966ൽ ഇന്ത്യൻ ആണവ ശാസ്ത്രജ്ഞനായ ഡോ. ഹോമി ജെ ഭാഭ വിമാനാപകടത്തിൽ മരിച്ചു. 1966 ജനുവരി 24-ന് ഫ്രാൻസിലെ മോണ്ട് ബ്ലാങ്കിന് സമീപമുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിലാണ് അന്തരിച്ചത്. ജനീവയിലേക്കു പോവുകയായിരുന്ന വിമാനം പർവതത്തിൽ ഇടിച്ചാണ് ദുരന്തം സംഭവിച്ചത്. 56ാം വയസിലായിരുന്നു മരണം. ഈ മരണത്തിൽ വലിയ ദുരൂഹതകൾ ആരോപിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ ആണവപദ്ധതികൾക്ക് ഊടും പാവും പാകിയ അദ്ദേഹത്തെ മറ്റു ഇന്ത്യയുടെ വളർച്ചയിൽ അസൂയ പൂണ്ട ചിലർ കൊലപ്പെടുത്തിയതാണെന്നു വരെ ആരോപണങ്ങൾ ഉയർന്നിരുന്നു.
സഞ്ജയ് ഗാന്ധി(1979)
1979ൽ സഞ്ജയ് ഗാന്ധിയുടെ മരണമാണ് ഇങ്ങനെ രാജ്യത്തെ ഞെട്ടിച്ചതിൽ പ്രധാനം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകൻ എന്ന നിലയിൽ ഇന്ത്യൻ രാഷ്ട്രീയ ഭരണരംഗങ്ങളിൽ നിർണായക സ്വാധീനമുണ്ടായിരുന്ന വ്യക്തിയായിരുന്നു സഞ്ജയ് ഗാന്ധി. ഭാവിയിൽ ഇന്ത്യയുടെ ഭരണചക്രം സഞ്ജയ് ഗാന്ധിയുടെ കരങ്ങളിലെത്തുമെന്ന് അക്കാലത്തു പലരും കരുതിയിരുന്നു. എന്നാൽ, ഡൽഹിയിൽ സ്വകാര്യ വിമാനം തകർന്നുണ്ടായ അപകടത്തിൽ അദ്ദേഹത്തിനു ജീവൻ നഷ്ടമായി.
മാധവ് റാവ് സിന്ധ്യ (2001)
2001ൽ കോൺഗ്രസ് നേതാവ് മാധവ് റാവ് സിന്ധ്യയുടെ മരണം ഇതുപോലെതന്നെ രാജ്യത്തെ ഞെട്ടിച്ചു. ഉത്തർപ്രദേശിൽ ചാർട്ടേഡ് വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ മാധവ് റാവ് സിന്ധ്യ മരിച്ചപ്പോൾ ഇന്ത്യയ്ക്കു മികച്ച നേതാക്കളിൽ ഒരാളെയാണ് നഷ്ടമായത്. കോൺഗ്രസിനും വലിയ നഷ്ടമായിരുന്നു ഇത്. മാധവ് റാവ് സിന്ധ്യയുടെ മകനാണ് ഇപ്പോഴത്തെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
സൗന്ദര്യ(2004)
2004ൽ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു രാഷ്ട്രീയരംഗത്തെയും സിനിമാരംഗത്തെയും ഒരു പോലെ ഞെട്ടിച്ച മരണമായിരുന്നു നടി സൗന്ദര്യയുടെയേത്. സിനിമാരംഗത്തു നിറഞ്ഞു നിൽക്കുന്ന സമയത്താണ് ബിജെപിക്കു വേണ്ടി സൗന്ദര്യ പ്രചാരണരംഗത്ത് ഇറങ്ങിയത്. പ്രചാരണത്തിനായി പോകവേ കർണാടകയിൽ ചെറുവിമാനം തകർന്നായിരുന്നു സൗന്ദര്യയുടെ മരണം.
വൈ.എസ്. രാജശേഖര റെഡ്ഡി (2009)
2009ൽ വൈ.എസ്. രാജശേഖര റെഡ്ഡി വിമാനാപകടത്തിൽ മരിച്ചതാണ് ഇന്ത്യയെ നടുക്കിയ മറ്റൊരു ദുരന്തം. വൈഎസ്ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡി ആന്ധ്രയിൽ കോൺഗ്രസിലെ പകരംവയ്ക്കാനാവാത്ത നേതാവായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം ആന്ധ്രയിലെ കോൺഗ്രസിന് ഒരു കാലത്തും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയത്. അതോടെ പാർട്ടി ക്ഷയിച്ചു എന്നു തന്നെ പറയാം. അദ്ദേഹത്തിന്റെ മകൻ ജഗൻ മോഹൻ റെഡ്ഢി ഒടുവിൽ കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാർട്ടിയുണ്ടാക്കി ആന്ധ്രയുടെ മുഖ്യമന്ത്രിയായി.
ജനറൽ ബിപിൻ റാവത്ത് (2021)
2021ൽ ഇന്ത്യൻ സൈന്യത്തിനു തന്നെ സംഭവിച്ച വലിയ നഷ്ടമായിരുന്നു ജനറൽ ബിപിൻ റാവത്തിന്റെ മരണം. ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയിരുന്നു അദ്ദേഹം. തമിഴ്നാട്ടിലുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് അദ്ദേഹവും ഒപ്പമുണ്ടായിരുന്ന ലഫ്. ജനറൽ എൽ.എസ്. ലിദ്ദർ അടക്കം മറ്റ് സൈനികരും മരിച്ചത്.
രക്ഷപ്പെട്ട പ്രധാനമന്ത്രി
1977 നവംബർ നാലിന് പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായിയും സംഘവും സഞ്ചരിച്ചിരുന്ന വിമാനം മൂക്കുകുത്തി വീണിരുന്നു. ആസാമിലെ ജോർഹട്ടിലായിരുന്നു അപകടം. ഇന്ത്യൻ വ്യോമസേനയുടെ റഷ്യൻ നിർമിത വിമാനം അപ്രതീക്ഷിതമായി മൂക്കുകുത്തി നിലത്തേക്കു പതിക്കുകയായിരുന്നു. പൈലറ്റ്മാർ അടക്കം കോക്പിറ്റിലുണ്ടായിരുന്ന അഞ്ചു വൈമാനികരെയാണ് അന്നു രാജ്യത്തിനു നഷ്ടമായത്. പ്രധാനമന്ത്രി കാര്യമായ പരിക്ക് ഏല്ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ പ്രധാനമന്ത്രിയെ അടക്കം രക്ഷിക്കാൻ നോസ് ഡൈവിംഗിലൂടെ വൈമാനികർ സ്വന്തം ജീവൻ ബലികഴിച്ച് വിമാനം ക്രാഷ് ലാൻഡ് ചെയ്യിച്ചതാണോയെന്നു സംശയമുണ്ട്.
National
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പടെ ആറുപേർ കൊല്ലപ്പെട്ട വിമാനാപകടത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA).
ഇന്ന് രാവിലെ 8.45ന് അടിയന്തര ലാൻഡിംഗിനിടെയാണ് എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ ഉൾപ്പടെയുണ്ടായിരുന്നവർ സഞ്ചരിച്ച വിമാനം അപകടത്തിൽത്തിൽപ്പെട്ടത്. ബാരാമതി വിമാനത്താവളത്തിൽ ഇടിച്ചിറങ്ങിയ വിമാനം പൂർണമായും കത്തിനശിച്ചു.
അപകടസ്ഥലത്തുനിന്ന് ചിന്നിച്ചിതറിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. പ്രാദേശിക തെരഞ്ഞെടുപ്പിന് മുന്നോടിയായി റാലികളിൽ സംസാരിക്കാനാണ് അദ്ദേഹം ബാരാമതിയിലേക്ക് പുറപ്പെട്ടത്. പൈലറ്റും അജിത് പവാറും അംഗ രക്ഷകരും ഉൾപ്പെടെ മരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. സ്വകാര്യ ചാർട്ടേഡ് വിമാനത്തിലായിരുന്നു പവാർ സഞ്ചരിച്ചിരുന്നത്.
National
മുംബൈ: മഹാരാഷ്ട്രയിലെ ബരാമതിയിൽ ചെറു വിമാനം തകർന്ന് വീണ് അപകടം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ വിമാനത്തിലുണ്ട് എന്നാണ് റിപ്പോർട്ട്.
ആറു പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അടിയന്തര ലാൻഡിംഗിനിടെ വിമാനം അപകടത്തിൽപ്പെടുകയായിരുന്നു. അജിത് പവാർ ഉൾപ്പടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ വിമാനം പൂർണമായും തകർന്നുവെന്നാണ് വിവരം.
National
പൂന: പൂന ജില്ലാ പരിഷത് തെരഞ്ഞെടുപ്പിലും സഖ്യത്തിൽ മത്സരിക്കാൻ എൻസിപിയിലെ ശരദ് പവാർ, അജിത് പവാർ വിഭാഗങ്ങൾ തീരുമാനിച്ചു.
പൂന, പിംപ്രി-ചിഞ്ച്വാഡ് നഗരസഭകളിലും ഇരു വിഭാഗവും സഖ്യത്തിൽ മത്സരിച്ചിരുന്നു. 24 സീറ്റുകളാണ് ജില്ലാ പരിഷത്തിലുള്ളത്.
National
മലേഗാവ്: മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പ്രസ്താവനയുമായി എൻസിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ. എൻസിപി സ്ഥാനാർഥികൾ വിജയിച്ചില്ലെങ്കിൽ വിവിധ ഫണ്ടുകൾ അനുവദിക്കില്ലെന്നായിരുന്നു അജിത് പവാറിന്റെ വിവാദ പരാമർം.
വെള്ളിയാഴ്ച ബാരാമതി തഹ്സിലിലെ മലേഗാവിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ധനകാര്യമന്ത്രി കൂടിയായ അജിത്പവാർ. 18 സ്ഥാനാർഥികളാണ് ഇവിടെ അജിത്പവാർ പക്ഷം എൻസിപിക്കുള്ളത്.
കേന്ദ്രത്തിനും സംസ്ഥാനത്തിനും വിവിധ പദ്ധതികളുണ്ട്. നാം ഒരുമിച്ച് പ്രവർത്തിച്ചാൽ പദ്ധതികൾ പൂർത്തിയാക്കി മലേഗാവിന്റെ വികസനം ഉറപ്പാക്കാം. അതിനായി 18 സ്ഥാനാർഥികളെയും വിജയിപ്പിച്ചാൽ ഫണ്ടിന് ഒരു കുറവും ഉണ്ടാകില്ലെന്നും അജിത്പവാർ പറഞ്ഞു.
എന്നാൽ എൻസിപി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്തില്ലെങ്കിൽ വിവിധ ഫണ്ടുകൾ അനുവദിക്കില്ലെന്നും അജിത്പവാർ വ്യക്തമാക്കി. നിങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അധികാരമുണ്ട്, തനിക്ക് ഫണ്ട് അനുവദിക്കാനുള്ള അധികാരവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്ത് ചെയ്യണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാമെന്നും അജിത്പവാർ വോട്ടർമാരോട് പറഞ്ഞു. വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
National
പൂന: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മകന് പങ്കുണ്ടെന്നാരോപിക്കുന്ന 300 കോടിയുടെ ഭൂമിയിടപാടിൽ റവന്യു ഉദ്യോഗസ്ഥന് സസ്പെൻഷൻ. സംഭവം അന്വേഷിക്കാൻ സർക്കാർ ഉന്നതതല സമിതി രൂപവത്കരിച്ചു.
അഡീഷണൽ ചീഫ് സെക്രട്ടറി (റവന്യു) വികാസ് ഖാർഗെയാണ് സമിതിയുടെ അധ്യക്ഷൻ. ഭൂമിയിടപാട് പ്രഥമദൃഷ്ട്യാ ഗുരുതരമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. പൂനയിലെ മുൻധ്വയിലുള്ള 40 ഏക്കർ സർക്കാർ ഭൂമി അജിത് പവാറിന്റെ മകൻ പാർഥ് പവാറിന് പങ്കാളിത്തമുള്ള സ്വകാര്യ കമ്പനിക്ക് 300 കോടി രൂപയ്ക്കു വിറ്റെന്നാണ് ആരോപണം.
സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കിയാണ് ഇടപാടെന്നും ആരോപണമുണ്ട്. സംഭവത്തിൽ തഹസിൽദാർ സൂര്യകാന്ത് യെവാലെയെയാണു സസ്പെൻഡ് ചെയ്തത്. സർക്കാർ ഭൂമി സ്വകാര്യ സ്ഥാപനത്തിന് എങ്ങനെ വിറ്റെന്നും ഇളവ് നൽകിയിട്ടുണ്ടോയെന്നും ഉന്നതതല സമിതി അന്വേഷിക്കുമെന്ന് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ രവീന്ദ്ര ബിൻവാഡെ പറഞ്ഞു.
സർക്കാർ ഭൂമിയാണെങ്കിൽ സ്വകാര്യ കമ്പനിക്ക് വിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർക്കറ്റ് നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ് ഭൂമി കൈമാറ്റം നടന്നിരിക്കുന്നതെന്നും 21 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കിയെന്നും വിവരാവകാശ പ്രവർത്തകൻ വിജയ് കുംഭർ പറഞ്ഞു.
സംഭവത്തിൽ കോൺഗ്രസ് ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ടു. ഇടപാടുമായി ബന്ധപ്പെട്ട ഫയൽ സർക്കാർ വകുപ്പുകളിലൂടെ റോക്കറ്റ് വേഗത്തിലാണ് നീങ്ങിയതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വിജയ് വഡേട്ടിവാർ പറഞ്ഞു.
അപേക്ഷ ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ, വ്യവസായ ഡയറക്ടറേറ്റ് ഐടി പാർക്കിനും ഡാറ്റാ സെന്ററിനുമായി സ്വകാര്യ കമ്പനിക്ക് ഭൂമി കൈമാറാൻ അനുമതി നൽകുക മാത്രമല്ല, 21 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുകയും ചെയ്തു- അദ്ദേഹം ആരോപിച്ചു.