ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും മറ്റു നാലുപേരും കൊല്ലപ്പെട്ട ബാരാമതി വിമാനാപകടത്തെക്കുറിച്ച്, വിമാനാപകടങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നു.
അപകടസമയത്ത് വിമാനത്താവള പരിസരത്തെ കാഴ്ചപരിധി ആവശ്യമായതിലും താഴെയായിരുന്നുവെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തയാറാക്കിയ 22 പേരുള്ള റിപ്പോർട്ടിൽ പറയുന്നു.
വിമാനത്താവളത്തിലെ സൗകര്യങ്ങളുടെ അപര്യാപ്തതയും അപകടത്തിലേക്കു നയിച്ചു. റൺവേയിലെ മാർക്കുകൾ മാഞ്ഞുതുടങ്ങിയിരുന്നു, മണ്ണ് ഇളകിയ നിലയിലും. അപകടസമയത്തു കാഴ്ചപരിധി വെറും മൂന്നു കിലോമീറ്റര്‍ മാത്രമായിരുന്നു.
വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റുമാര്‍ പരിഭ്രാന്തിയോടെ സംസാരിക്കുന്നതു കോക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ പതിഞ്ഞതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
തീപിടിത്തത്തില്‍ വോയ്സ് റെക്കോര്‍ഡറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വീണ്ടെടുക്കുന്നതിനായി നിര്‍മാതാക്കളായ ഹണിവെല്ലിന്റെയും അമേരിക്കയിലെ നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡിന്റെയും സഹായം തേടി-റിപ്പോർട്ടിൽ പറയുന്നു.