ആലക്കോട്: അതിഥി തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് ആലക്കോട് ഗ്രാമപഞ്ചായത്തിൽ ഹമാരാ സാഥ് പരിപാടിക്ക് തുടക്കമായി. ആലക്കോട് ഗ്രാമപഞ്ചായത്ത്, തേർത്തല്ലി കുടുംബാരോഗ്യ കേന്ദ്രം എന്നിവ സംയുക്തമായാണു പദ്ധതി നടപ്പാക്കുന്നത്. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് മലമ്പനി, ഫൈലേറിയ, ചർമരോഗങ്ങൾ, ക്ഷയം തുടങ്ങിയവയും രക്തസമ്മർദം, പ്രമേഹം എന്നിവ പരിശോധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നു.
പരിശോധനയ്ക്കുശേഷം തൊഴിലാളികൾക്ക് പരിശോധന വിവരങ്ങൾ രേഖപ്പെടുത്തി ഹെൽത്ത് കാർഡ് നൽകുകയും ചെയ്യുന്നു. താമസസ്ഥലങ്ങളിൽ പ്രത്യേകം ക്യാമ്പുകൾ സംഘടിപ്പിച്ച് ആരോഗ്യ സംഘത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ അതിഥി തൊഴിലാളികളെയും പദ്ധതിയുടെ ഭാഗമായി പരിശോധന നടത്തും. ആലക്കോട് വ്യാപാരഭവനിൽ സംഘടിപ്പിച്ച ഹമാരാ സാഥ് പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ആലക്കോ ട് പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി നിർവഹിച്ചു.
പഞ്ചായത്തംഗം സി.ജി. ഗോപൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഇ.വി. സീമി വിഷയാവതരണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജേഷ് പ്രശാന്തിയിൽ, കെ. ശ്രീരാജ്, കെ. നിധീഷ്, മെൽബിൻ സെബാസ്റ്റ്യൻ, ബി. അഭിജിത്ത് എന്നിവർ പ്രസംഗിച്ചു.