ആലപ്പുഴ : തീരദേശപാത ഇരട്ടിപ്പിക്കൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ എംപി എ.എം.ആരിഫിന്റെ അവകാശവാദം പരിഹാസ്യമെന്ന് ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ്. പദ്ധതിക്കായി കെ.സി.വേണുഗോപാൽ എംപി നടത്തുന്ന ശ്രമങ്ങളെ വിലകുറച്ചു കാട്ടാൻ ഇടതു നേതാക്കൾ നടത്തുന്ന കുപ്രചരണങ്ങളെ ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
കെ.സി.വേണുഗോപാൽ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് തീരദേശ പാതയിലെ കായംകുളം മുതൽ ഹരിപ്പാട് വരെയുള്ള പാത ഇരട്ടിപ്പിക്കലിന് പുതുജീവൻ വച്ചത്. സ്ഥലമെടുപ്പ് സംബന്ധിച്ച കാലതാമസം മൂലം പദ്ധതി വൈകിയിരുന്നു. വേണുഗോപാൽ അന്നത്തെ യുപിഎ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയാണ് 2012 ൽ പൂർത്തീകരിച്ചത്.
പദ്ധതി പൂർത്തീകരണത്തിന് ആവശ്യമായ അധിക തുക അനുവദിപ്പിക്കുകയും ഇതിന്റെ തുടർച്ചയായി ഹരിപ്പാട് മുതൽ അമ്പലപ്പുഴ വരെയുള്ള പാതയ്ക്കായി 56.8 കോടി രൂപ സ്ഥലം ഏറ്റെടുക്കുന്നതിനായി അനുവദിപ്പിക്കുകയും ചെയ്തത് വേണുഗോപാൽ കേന്ദ്ര സഹമന്ത്രി എന്ന നിലയിൽ എടുത്ത പരിശ്രമ ഫലമായാണെന്നും ബാബുപ്രസാദ് വ്യക്തമാക്കി.