മുഹമ്മ: സഹോദയ സ്കൂൾസ് കോംപ്ലക്സ് ആലപ്പുഴയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ കായികമേളയുടെ ഭാഗമായുള്ള മത്സരങ്ങൾ മുഹമ്മ കെഇ കാർമൽ സെൻട്രൽ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. പത്ത് കായിക ഇനങ്ങളിലാണ് മത്സരം. ജില്ലയിലെ 52 സ്കൂളുകളിൽനിന്നായി 1500ലധികം വിദ്യാർഥികൾ കായിക മേളയിയിൽ മാറ്റുരക്കുന്നുണ്ട്.
ഡിസ്കസ് ത്രോ, ഷോട്ട്പുട്ട് മത്സരങ്ങളാണ് ഇന്നലെ നടന്നത്. 27ന് രാവിലെ 6.30ന് കായികമത്സരങ്ങൾ ആരംഭിക്കും. രാവിലെ 8.45ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം പി. പ്രസാദ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ സഹോദയ പ്രസിഡന്റ് സി.ആർ. ശ്രീജ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. വിദ്യാർഥികളുടെ വർണശബളമായ മാർച്ച് പാസ്റ്റോടുകൂടിയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുന്നത്.
സ്കൂൾ മാനേജർ ഫാ. ചാക്കോ ആക്കാത്തറ സിഎംഐ ദീപശിഖ തെളിക്കും. ഡോ.ആർ.എസ്. രേഖ, എ.എൽ. ഹസീന, പിടിഎ പ്രസിഡന്റ് സന്തോഷ് ഷണ്മുഖൻ, സ്കൂൾ പ്രിൻസിപ്പൽ ഫാ. സ്കറിയ എതിരേറ്റ് സിഎംഐ, സ്കൂൾ ബർസാർ ഫാ. സനു വലിയവീട് സിഎംഐ, വൈസ് പ്രിൻസിപ്പൽ ഷൈനി ജോസ് എന്നിവർ പ്രസംഗിക്കും. കായികമേളയുടെ സുഗമമായ പ്രവർത്തനത്തിനായി പിടിഎയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. മേള 28ന് സമാപിക്കും.