ആലപ്പുഴ: ജില്ലാ പൊലിസ് മേധാവിയുടെ അനുമതിയില്ലാതെ ഹരിപ്പാട് പൊലിസ് സ്റ്റേഷനിൽ തൃക്കാർത്തിക ആഘോഷം സംഘടിപ്പിച്ചതിൽ അന്വേഷണത്തിന് ആലപ്പുഴ എസ്പി . സഹപ്രവർത്തകയെ കടന്നുപിടിച്ച കേസിലെ പ്രതിയായ പൊലിസുകാരൻ ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തതും വിവാദമായിരുന്നു.
കായംകുളം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ സീനിയർ സിപിഒയും കോൺഗ്രസ് അനുകൂല പൊലിസ് സംഘടനാ നേതാവുമായ ചവറ മുകുന്ദപുരം സ്വദേശി നവാസാണ് (52) പരിപാടി ഉദ്ഘാടനം ചെയ്തത്.
പൊലിസ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ മതപരമായ ചടങ്ങുകളോ ദേവരൂപങ്ങളോ സ്ഥാപിക്കരുതെന്ന സുപ്രീം കോടതി നിർദേശം നിലനിൽക്കെയാണ് ഹരിപ്പാട് സ്റ്റേഷൻ വളപ്പിൽ ശിവന്റെയും പാർവതിയുടെയും ചിത്രങ്ങളും കട്ട്ഔട്ടുകളും സ്ഥാപിച്ച് ദീപാലങ്കാരം നടത്തിയത്. ജില്ലാ പൊലിസ് മേധാവി ഇതിന് അനുമതി നൽകിയിരുന്നില്ല. 2022-ന് ശേഷം നിർത്തിവെച്ചിരുന്ന ചടങ്ങ്, ഹരിപ്പാട് സിഐയുടെ നേതൃത്വത്തിൽ എസ്പിയുടെ നിർദേശം മറികടന്ന് വീണ്ടും നടത്തുകയായിരുന്നു.
ആഘോഷത്തിനായി ഹരിപ്പാട്, വീയപുരം സ്റ്റേഷനുകളിലെ 78 പൊലീസുകാരിൽ നിന്ന് 200 രൂപ വീതം പിരിച്ചെടുത്തതായും, പൊതുജനങ്ങളിൽ നിന്ന് പണപ്പിരിവ് നടത്തിയതായും പരാതിയുണ്ട്. നേരത്തെ പൂച്ചാക്കൽ പൊലിസ് സ്റ്റേഷനിൽ പൂജ നടത്തിയതിന് മുഴുവൻ ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുത്ത സംഭവം ചൂണ്ടിക്കാട്ടിയിട്ടും ഉദ്യോഗസ്ഥർ ആഘോഷവുമായി മുന്നോട്ട് പോവുകയായിരുന്നു. ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിലെ സ്റ്റേഷനിൽ നടന്ന ഈ സംഭവം സേനയ്ക്കുള്ളിലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.