ന്യൂയോർക്ക്: സോഷ്യൽ മീഡിയയിലൂടെ ഇന്ത്യയെയും ദേശീയ ചിഹ്നങ്ങളെയും നിരന്തരം അധിക്ഷേപിച്ചിരുന്ന പ്രവാസി മലയാളി ആൽബിച്ചൻ മുരിങ്ങയിൽ (ആൽബിൻ മാത്യു) അമേരിക്കയിൽ പിടിയിലായി.
കോട്ടയം പാലാ സ്വദേശിയായ ഇയാളെ അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റിയുടെ കീഴിലുള്ള ഐസിഇ (ICE) വിഭാഗമാണ് അറസ്റ്റ് ചെയ്തത്.
മതിയായ രേഖകളില്ലാതെ അനധികൃതമായി അമേരിക്കയിൽ താമസിച്ചതിനാണ് ഇയാൾ പിടിയിലായത്. ഫെബ്രുവരി 25 മുതൽ ഇയാൾ ജയിലിലാണ്.
ഇന്ത്യൻ ദേശീയ പതാകയെയും പ്രതിജ്ഞയെയും വികലമായ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രസംഗത്തിനും ഇയാൾക്കെതിരെ കേരളത്തിൽ നിരവധി കേസുകളുണ്ട്.
ബിജെപി നേതാവ് അനൂപിന്റെ പരാതിയിൽ ആലുവ പോലീസ് എടുത്ത കേസും ഇതിൽ ഉൾപ്പെടുന്നു. മുൻപ് പാലായിലും പൂഞ്ഞാറിലും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിട്ടുള്ള ഇയാൾ, 'ക്രിസ്ത്യൻ ലീഗ്' എന്ന പേരിൽ സംഘടന രൂപീകരിക്കാനും ശ്രമിച്ചിരുന്നു.
അമേരിക്കൻ അധികൃതർ ഇയാളെ വൈകാതെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ നാട്ടിലെത്തുന്ന മുറയ്ക്ക് കേരള പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കും.