Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alignment

മെട്രോ അലൈന്‍മെന്‍റില്‍ അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ ഇല്ല

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള കൊച്ചി മെട്രോ മൂന്നാംഘട്ട പാതയില്‍ അങ്കമാലി റെയില്‍വേ സ്റ്റേഷനെ ഒഴിവാക്കി.

അത്താണിയില്‍ നിന്ന് ദേശീയപാത വഴി മെട്രോപാത നിര്‍മിക്കുമ്പോള്‍ ഉണ്ടാകുന്ന അധിക ചെലവും സ്ഥലമേറ്റെടുക്കലിന്‍റെ ബുദ്ധിമുട്ടുകളും അടക്കമുള്ള തടസങ്ങള്‍ ഉന്നയിച്ചാണ് റെയില്‍വേ സ്റ്റേഷനെ ഒഴിവാക്കിയത്. അങ്കമാലി റെയില്‍വേ സ്റ്റേഷനെ ഒഴിവാക്കിയുള്ള മൂന്നാംഘട്ട വിശദ പദ്ധതിരേഖ കെഎംആര്‍എല്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചത്.

അങ്കമാലിയിലെയും സമീപ നഗരങ്ങളിലെയും പ്രദേശവാസികളും ജോലിക്കാരും വിദ്യാര്‍ഥികളും ഏറെ ആശ്രയിക്കുന്ന അങ്കമാലി റെയില്‍വേ സ്റ്റേഷനായി മെട്രോ ടെര്‍മിനല്‍ വേണമെന്ന ആവശ്യം ശക്തമായിരുന്നു. അങ്കമാലി മെട്രോ ആക്ഷന്‍ കൗണ്‍സില്‍ അടക്കം ഇതിനുവേണ്ടി ശക്തമായ സമ്മര്‍ദം ചെലുത്തുകയും മുഖ്യമന്ത്രിയ്ക്കടക്കം നിവേദനം നല്‍കുകയും ചെയ്തിരുന്നു.

സ്ഥലം എംഎല്‍എകൂടിയായ മന്ത്രി റോജി എം.ജോണ്‍ അടക്കം ആവശ്യം മുന്നോട്ടുവച്ചെങ്കിലും ആലുവയില്‍ നിന്നു നേരിട്ട് അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ വഴിയുള്ള അലൈന്‍മെന്‍റ് പ്രായോഗികല്ലെന്ന നിലപാടാണ് കെഎംആര്‍എല്‍ സ്വീകരിച്ചത്.

ആലുവയില്‍ നിന്നു കരിയാട്, വിമാനത്താവളം, നായത്തോട് വഴി അങ്കമാലിയിലേക്കുള്ള അലൈന്‍മെന്‍റ് പ്രകാരമാണ് ഡിപിആര്‍ തയാറാക്കിയിട്ടുള്ളത്. ഡിപിആറില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്.

തുടര്‍ന്ന് ഡിപിആര്‍ കേന്ദ്രനഗരമന്ത്രാലയത്തിനു സമര്‍പ്പിച്ച് അനുമതി നേടണം. സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും മെട്രോ റെയിലിനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ സാമ്പത്തിക സഹായം ലഭിക്കുക.

നിര്‍മാണ ചെലവ് വര്‍ധിക്കുന്നതും സ്ഥലം ഏറ്റെടുക്കലിലെ പ്രശ്‌നങ്ങളും അടക്കം സാധ്യതാ പഠനത്തില്‍ നിരവധി തടസങ്ങള്‍ കണ്ടെത്തിയതിനാലാണ് മെട്രോയെ അങ്കമാലി റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം ഡിപിആറില്‍ ഉള്‍പ്പെടുത്താതെ പോയതെന്ന് മന്ത്രി റോജി എം. ജോണ്‍ വ്യക്തമാക്കി.

ഭൂരിഭാഗം യാത്രക്കാര്‍ക്കും ഗുണകരമാകാത്ത വിധം മെട്രോ അലൈന്‍മെന്‍റ് തയാറാക്കിയത് ആര്‍ക്കു വേണ്ടിയാണെന്ന് വെളിപ്പെടുത്തണമെന്ന് അങ്കമാലി മെട്രോ ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് അടക്കം നിവേദനം നല്‍കിയ ആവശ്യം പരിഗണിക്കാതെ പോയതിന്റെ വിശദീകരണം കെഎംആര്‍എല്‍ അധികൃതര്‍ നല്‍കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. സെബി വര്‍ഗീസ് പറഞ്ഞു.

Latest News

Corehub Up