കൊച്ചി: ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ (എഐസിയു) ദേശീയ അസംബ്ലിയും അവാർഡ് വിതരണവും 22,23 തീയതികളിൽ ഡൽഹി ഡോൺ ബോസ്കോ നഗറിൽ നടക്കും.
വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ലത്തീൻ, സീറോമലബാർ, മലങ്കര സഭകളുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ദേശീയ പ്രസിഡന്റ് ഏലിയാസ് വാസ് അധ്യക്ഷത വഹിക്കും.
എഫ്സിആർഎ ബില്ലിലെ ക്രൈസ്തവരുടെ ആശങ്കയ്ക്കു പരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രിക്ക് നിവേദനം നൽകും. ഇതുസംബന്ധിച്ച പ്രമേയം ദേശീയ അസംബ്ലിയിൽ അവതരിപ്പിക്കും.
കേരളത്തിൽനിന്ന് പത്തു പ്രതിനിധികളെ അസംബ്ലിയിൽ പങ്കെടുപ്പിക്കാൻ സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. യോഗത്തിൽ സംസ്ഥാന ചെയർമാൻ അൽഫോൻസ് പേരേര അധ്യക്ഷത വഹിച്ചു.
സംസ്ഥാനനേതാക്കളായ സി.ജെ. ജെയിംസ്, ആന്റണി തൊമ്മാന, തോമസ് തേവരത്ത്, ബാബു അത്തിപ്പൊഴിയിൽ, സൈബി അക്കര, ഫ്രാൻസി ആന്റണി, ജോസ് ആന്റണി എന്നിവർ പ്രസംഗിച്ചു.