കോഴഞ്ചേരി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏഴാമത് പരിസ്ഥിതി ലോല മേഖലകളുടെ കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 വില്ലേജുകൾ ഉൾപ്പെട്ട ഗുരുതര സാഹചര്യം ചർച്ച ചെയ്യുന്നതിന് സർവകക്ഷിയോഗവും അടിയന്തര നിയമസഭ സമ്മേളനവും വിളിച്ചു ചേർക്കണമെന്ന് കേരള കോൺഗ്രസ് - എം ചെയർമാൻ ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു.
60 ദിവസങ്ങൾക്കകം വിജ്ഞാപനം സംബന്ധിച്ച് ആക്ഷേപങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കേണ്ടതാണ്. എന്നാൽ വിജ്ഞാപനം ഇറങ്ങിയിട്ട് 35 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. ഇനി 25 ദിവസങ്ങൾക്കുള്ളിൽ കേരളത്തിന്റെ നിർദേശങ്ങൾ സമർപ്പിക്കേണ്ടതുണ്ട്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം പരിഗണിച്ച് പരിസ്ഥിതി ലോല വില്ലേജുകളുടെ എണ്ണം 92 ആയി കുറയ്ക്കണമെന്ന നിർദേശമാണ് കേരളം കേന്ദ്രസർക്കാരിനു സമർപ്പിച്ചത്.
കേരളത്തിലെ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച നിജസ്ഥിതി ജനങ്ങളെ അറിയിക്കാൻ സർക്കാർ ധവളപത്രം ഇറക്കണം. എൽഡിഎഫ് ഉപനേതാവ് സംബന്ധിച്ച വിഷയം സിപിഎമ്മും സിപിഐയും ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തിയാല്‍ പരിഹരിക്കാനാകുന്നതേയുള്ളൂവെന്ന് ജോസ് അഭിപ്രായപ്പെട്ടു.