പ്രയാഗ്രാജ്: സ്കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന വിദ്യാർഥിനിയുടെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്നെന്നും കോടതി നിരീക്ഷിച്ചു. ഏകീകൃത യൂണിഫോം നിർബന്ധമാണെന്നും മതപരമായ ഇഷ്ടത്തിന്റെ പേരിൽ യൂണിഫോമിൽ മാറ്റം വരുത്താൻ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമാണെന്ന് തെളിയിക്കുന്ന മതിയായ തെളിവുകൾ ഹർജിക്കാരി ഹാജരാക്കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രയാഗ്രാജിലെ സ്വകാര്യ സ്കൂളിൽ പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനം തേടിയ വിദ്യാർഥിനിയാണ് അമ്മ മുഖേന കോടതിയെ സമീപിച്ചത്. ആറാം ക്ലാസ് മുതൽ ഹിജാബ് ധരിച്ചാണ് സ്കൂളിൽ എത്തിയിരുന്നത്.
യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കുന്നത് തുടരാൻ അനുവദിക്കണമെന്നും വിദ്യാർഥിനി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്കൂൾ മാനേജ്മെന്റ് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. ജസ്റ്റീസ് ജെ.ജെ.മുനീർ, ജസ്റ്റീസ് ഇന്ദ്രജീത് ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മുൻ ക്ലാസുകളിൽ സ്കൂൾ അധികൃതർ ഹിജാബ് ധരിക്കുന്നതിനെ എതിർത്തിരുന്നില്ലെന്ന കാരണത്താൽ അത് സ്ഥിരമായ അവകാശമായി ഉന്നയിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
പൊതുവായ യൂണിഫോം നടപ്പാക്കുന്നത് വിദ്യാർഥികളിൽ അച്ചടക്കവും തുല്യതയും വളർത്താനും സ്കൂളുകളിൽ മതനിരപേക്ഷ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുമെന്ന് കോടതി പറഞ്ഞു. ഹർജിക്കാരി പഠിച്ചിരുന്ന മുൻ ക്ലാസുകളിലെ ചിത്രങ്ങളും കോടതി പരിശോധിച്ചു. അതേ സമുദായത്തിൽപ്പെട്ട മറ്റു പെൺകുട്ടികളാരും ഹിജാബ് ധരിച്ചിരുന്നില്ലെന്ന കാര്യവും കോടതി നിരീക്ഷിച്ചു.