മാഡ്രിഡ്: സ്പാനിഷ് രണ്ടാം ഡിവിഷന് ഫുട്ബോള്‍ ക്ലബ്ബായ അല്‍മേരിയയെ സ്വന്തമാക്കി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അല്മെരിയയുടെ 25 ശതമാനം ഓഹരിയാണ് റൊണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള സിആർ7 സ്പോര്‍ട്സ് ഇന്‍വെസ്റ്റ്മെന്റ് കമ്പനി സ്വന്തമാക്കിയത്. എത്ര തുകയാണ് ഇതിനായി മുടക്കിയതെന്നു പുറത്തുവിട്ടിട്ടില്ല.
2025 മേയ് മുതല്‍ അല്‍മേരിയയെ സൗദി ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഈ മാസം അഞ്ചിന് 41 വയസ് പൂര്‍ത്തിയായ റൊണാള്‍ഡോ, ഒരു ഫുട്ബോള്‍ ക്ലബ് സ്വന്തമാക്കണമെന്ന ആഗ്രഹം നേരത്തേ പങ്കുവച്ചിരുന്നു എന്നതും ശ്രദ്ധേയം. നിലവില്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിക്കു വേണ്ടിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കുന്നത്. 2027 ജൂണ്‍ വരെ റൊണാള്‍ഡോയ്ക്ക് അല്‍ നസറുമായി കരാര്‍ ഉണ്ട്.
റൊണാള്‍ഡോ റിക്കാര്‍ഡ്
റിയാദ്: സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിയുടെ എക്കാലത്തെയും ടോപ് സ്കോറര്‍ എന്ന റിക്കാര്‍ഡ് ഇനി പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു സ്വന്തം. അല്‍ നജ്മ എഫ്സിക്ക് എതിരായ മത്സരത്തില്‍ 5-0ന് അല്‍ നസര്‍ ജയിച്ചപ്പോള്‍ ഒരു ഗോള്‍ റൊണാള്‍ഡോയുടെ വകയായിരുന്നു. ഇതോടെ അല്‍ നസര്‍ ജഴ്സിയില്‍ റൊണാള്‍ഡോയുടെ ഗോള്‍ സമ്പാദ്യം 121ല്‍ എത്തി. ഏഴാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആയിരുന്നു അല്‍ നജ്മയ്ക്ക് എതിരായ റൊണാള്‍ഡോയുടെ ഗോള്‍.
ഇതോടെ കരിയറില്‍ റൊണാള്‍ഡോയുടെ ആകെ ഗോള്‍ എണ്ണം 965ല്‍ എത്തി. 1000 കരിയര്‍ ഗോള്‍ എന്ന മാജിക്ക് നമ്പറിലേക്ക് 35 എണ്ണത്തിന്റെ അകലം മാത്രമാണ് സിആര്‍7ന് ഇനിയുള്ളത്.