കൊച്ചി: സിഎംഐ സഭയുടെ ഇയർ ഓഫ് മീഡിയ 2026 ആചരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ മീഡിയ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിലെ മികവിന് മൂന്നുപേർക്കാണ് പുരസ്കാരം.
സിനിമാ സംവിധാനം, തിരക്കഥ എന്നീ മേഖലകളിലെ അസാധാരണമായ സർഗാത്മകതയും പ്രഫഷണൽ മികവും പരിഗണിച്ചു സംവിധായകൻ ലിയോ തദ്ദേവൂസ്, സംഗീത സംവിധാനരംഗത്തെ മികച്ച സംഭാവനകൾക്ക് അൽഫോൻസ് ജോസഫ്, സാമൂഹിക പ്രതിബദ്ധതയുള്ള ധീരമായ പത്രപ്രവർത്തനത്തിനും എഴുത്തിനും ആന്റോ അക്കര എന്നിവർക്കാണു പുരസ്കാരം. ഫലകവും പ്രശസ്തിപത്രവും 25,000 രൂപയും ഉൾപ്പെടുന്ന പുരസ്കാരങ്ങൾ കാക്കനാട് സിഎംഐ ജനറലേറ്റിൽ നടക്കുന്ന നാഷണൽ മീഡിയ കോൺക്ലേവിൽ മന്ത്രി റോജി എം. ജോൺ സമ്മാനിക്കും.
സമൂഹത്തെ നവീകരിക്കുകയും വരുംതലമുറകളെ സ്വാധീനിക്കുകയും ചെയ്ത പ്രതിഭകൾക്കുള്ള ആദരവായാണ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നതെന്ന് സിഎംഐ സഭയുടെ വിദ്യാഭ്യാസ, മാധ്യമ വിഭാഗം കൗൺസിലർ ഫാ. ബിനോയ് ഇലവുങ്കൽ അറിയിച്ചു.