തുരുത്തി: വിവാഹത്തെയും കുടുംബത്തെയും സംബന്ധിച്ച ഗവേഷണ പഠന കേന്ദ്രമായ ഇന്ത്യയിലെ ജോണ്‍ പോള്‍ രണ്ടാമന് ഇന്‍സ്റ്റിറ്റ്യൂട്ടിന് പൊന്തിഫിക്കല്‍ പദവി ലഭിച്ചതിന്റെ രജത ജൂബിലിയും കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള അപ്പസ്തോലിക പ്രബോധനമായ സ്നേഹത്തിന്റെ ആനന്ദം പ്രസിദ്ധീകരിച്ചതിന്റെ ദശവത്സരാഘോഷവും പൂര്‍വ വിദ്യാര്‍ഥി സംഗമവും 31ന് രാവിലെ 9.30ന് തുരുത്തിയിലുള്ള കാനായില്‍ ആഘോഷിക്കും.
കെസിബിസി ഫാമിലി കമ്മീഷന് എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.ഡോ.ക്ലീറ്റസ് കതിര്‍പറമ്പില്‍ ഇന്ത്യയില്‍ കുടുംബ പ്രേഷിതരംഗത്തെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെക്കുറിച്ചും ബാംഗളൂര്‍ ധര്‍മ്മരാം വിദ്യക്ഷേത്രത്തിലെ പ്രൊഫസര്‍ ഫാ. ഡോ. ഷാജി കൊച്ചുതറ സ്നേഹത്തിന്റെ ആനന്ദം എന്ന പ്രബോധന രേഖ ഇന്ത്യയില്‍ എന്ന വിഷയത്തെക്കുറിച്ചും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഡോ.പി.സി. അനിയന്‍കുഞ്ഞ് മോഡറേറ്റര്‍ ആയിരിക്കും. ഏകദിന സെമിനാര്‍ റവ. ഡോ. സ്കറിയ കന്യാകോണില്‍ ഉദ്ഘാടനം ചെയ്യും. അധ്യാപക ,പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ ഇന്ത്യയിലെ ജോണ്‍ പോള്‍ രണ്ടാമന് പൊന്തിഫിക്കല്ഇന്സ്റ്റിറ്റ്യൂട്ടിന്റെ വൈസ് ചാന്‍സലറും ചങ്ങനാശേരി അതിരൂപത ആര്‍ച്ചുബിഷപ്പുമായ മാര്‍ തോമസ് തറയില്‍ സന്ദേശം നല്‍കും.
ചടങ്ങില്‍ ജോണ്‍ പോള്‍ രണ്ടാമന് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടര്‍ ഫാ. ഡോ. ജോസ് ആലഞ്ചേരിയെ ആദരിക്കും. പരിപാടികള്‍ക്ക് കാനാ ഡയറക്്ടര്‍ ഫാ. ഡോ. തോമസ് വള്ളിയാനിപ്പുറം, ജോണ്‍ പോള്‍ രണ്ടാമന് ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്റ് ഫാ. ഡോ. ടോം കൈനിക്കര, പ്രൊക്ക്യുറേറ്റര് ഫാ. ഐബിന്‍ പകലോമറ്റം, അക്കാദമിക് സെക്രട്ടറി സിസ്റ്റര്‍ സില്‍വിയ എംഎല്‍എഫ്, ഫാ. സജീവ് വര്‍ഗീസ്, ഫാ. അഭിലാഷ് സേവ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കും.