ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ അടിച്ചു പൂട്ടിയ കാന്റീൻ എത്രയും വേഗം തുറന്നു പ്രവർത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു.ഒരു വർഷത്തോളമായി ടെൻഡർ വിളിക്കാതെ നീട്ടിക്കൊണ്ടു പോകുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ ആശുപത്രി സൂപ്രണ്ടിനെ പൗരാവകാശ സംരക്ഷണ സമിതി പ്രവർത്തകർ ഉപരോധിച്ചു.
ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ആലുവ ജില്ലാ ആശുപത്രിയിൽ നല്ല രീതിയിൽ പ്രവർത്തിച്ചുവന്നിരുന്ന കാന്റീൻ അടച്ചു പൂട്ടിയിട്ട് ഒരു വർഷം പിന്നിട്ടു.
നിത്യേന ഒപി വിഭാഗത്തിൽ എത്തുന്ന രോഗികൾക്കും ഡയാലിസിസിനെത്തുന്നവർ , പ്രസവാനന്തര ചികിത്സകൾക്കായി എത്തുന്നവർ തുടങ്ങി എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകാരപ്രദമായിരുന്നതാണ് കാന്റീൻ. എന്നാൽ ടെൻഡർ കാലാവധി കഴിഞ്ഞ് നിലവിലുണ്ടായിരുന്ന കാന്റീൻ പൂട്ടിപ്പോയതോടെ ദുരിതത്തിലായി.
ഭക്ഷണം കഴിക്കുന്നതിന് ആശുപത്രിക്ക് പുറത്തുള്ള ഹോട്ടലുകളിൽ പോയി അമിതവില കൊടുത്ത് വാങ്ങി കഴിക്കേണ്ട അവസ്ഥയാണ് ഉള്ളത്. ഏതാനും സന്നദ്ധ സംഘടനകൾ പ്രഭാത ഭക്ഷണവും ഒഴിവു ദിവസങ്ങളിൽ ഉച്ച ഭക്ഷണവും കൊടുക്കുന്നതാണ് രോഗികൾക്ക് ആശ്വാസം.
രോഗികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൗരാവകാശ സംരക്ഷണ സമിതി ഇക്കാര്യത്തിൽ ഇടപെടുവാൻ തീരുമാനിച്ചതെന്ന് സെക്രട്ടറി സാബു പരിയാരത്ത് പറഞ്ഞു.
എത്രയും വേഗം കാന്റീൻ തുറന്നു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൗരാവകാശ സംരക്ഷണ സമിതി പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിക്കുകയും നിവേദനം നൽകുകയും ചെയ്തു .
നിവേദനത്തിന്റെ കോപ്പികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യ മന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ, ജില്ലാ കളക്ടർ എന്നിവർക്ക് നൽകിയതായി ഭാരവാഹികൾ അറിയിച്ചു.എത്രയും വേഗം അനുയോജ്യരായ ആളുകളെ കണ്ടെത്തി ടെൻഡർ നടപടികളിലൂടെ കാന്റീൻ തുറന്നു പ്രവർത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തുടർ സമരപരിപാടികൾ നടത്തുമെന്നും സമിതി അറിയിച്ചു.