ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിലൂടെ നടത്തിയ 'ആസ്ക് മീ എനിതിംഗ്' സംവാദത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബിജെപി നേതാവ് പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. "തീർച്ചയായും ക്യാപ്റ്റൻ അമരീന്ദർ സിംഗ്. അദ്ദേഹത്തിന് സൈനിക ചരിത്രത്തെക്കുറിച്ച് നല്ല അറിവുണ്ട്. എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്, ഹലോ അങ്കിൾ അമരീന്ദർ," എന്ന് രാഹുൽ പറഞ്ഞു.
താങ്കൾ 'ബാറ്റ്മാൻ' ആണോ എന്ന ചോദ്യത്തിന്, "ഞാനും ബാറ്റ്മാനും ഒരേ മുറിയിൽ ഒരുമിച്ച് നിൽക്കുന്നത് ഇതുവരെ ആരും കണ്ടിട്ടില്ല" എന്ന് രാഹുൽ തമാശയായി മറുപടി നൽകി. ശ്രീബുദ്ധൻ, ഗുരു നാനാക്, ശ്രീനാരായണ ഗുരു, മഹാത്മാ ഗാന്ധി, ബി.ആർ. അംബേദ്കർ തുടങ്ങി ഇന്ത്യൻ ഭരണഘടനയ്ക്ക് അടിത്തറയിട്ട ചിന്തകരുടെ ദർശനങ്ങളാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'ജെൻ സി' യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് ഇൻസ്റ്റാഗ്രാം പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സജീവമായി ഉപയോഗിക്കുകയാണ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടെയുള്ള മുൻനിര രാഷ്ട്രീയ നേതാക്കൾ. ദീർഘകാലം കോൺഗ്രസിലായിരുന്ന അമരീന്ദർ സിംഗ്, 2021-ൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും 2022-ൽ ബിജെപിയിൽ ചേരുകയുമായിരുന്നു.