ഒരേസമയം ലഹരിതരും, അതുപോലെ ജീവനുമെടുക്കും! അതേ, ആ കുഞ്ഞൻകൂൺ നിസാരക്കാരനല്ല. മനുഷ്യമനസിനെ ഭ്രമിപ്പിക്കുന്ന ലഹരിയും ജീവനെടുക്കാൻ ശേഷിയുള്ള മാരകവിഷവും ഒരേസമയം കൂണുകൾ എങ്ങനെ ഉത്പാദിക്കുന്നുവെന്നത് ഇപ്പോഴും അജ്ഞാതം! 'ഗാലെറിന ഇൻഡിക്ക' എന്നാണ് ഇതിന്റെ ശാസ്ത്രനാമം. അതേസമയം, 'ഡാർക്ക് മാജിക് മഷ്റും' എന്നാണ് ഫ്ലോറിഡ സർവകലാശാലയിലെ ഗവേഷകർ കുഞ്ഞൻകൂണിനെ വിശേഷിപ്പിക്കുന്നത്.
2025-ൽ ഫ്ളോറിഡയിലാണു ഗവേഷകർ കുഞ്ഞൻകൂണിനെ കണ്ടെത്തുന്നത്. മേഖലയിലെ തണ്ണീർത്തടങ്ങളിൽ പായൽപിടിച്ച പനയുടെ തടികളിലാണ് ഇവയെ ആദ്യമായി കാണുന്നത്. ആൻഡ്രു കുനിക് ആണു കൂൺവർഗവുമായി ബന്ധപ്പെട്ടു വിശദപഠനം നടത്തിയത്. അതേസമയം, ഇതിനോടു സാമ്യമുള്ള രണ്ടു കൂൺവർഗങ്ങളെയും ഗവേഷകൻ കണ്ടെത്തിയിട്ടുണ്ട്. ഗാലെറിന സ്പീഷീസ് 1, ഗാലെറിന സ്പീഷീസ് 2 എന്നിങ്ങനെ അവയ്ക്കു പേരും നൽകി.
ലഹരി പദാർഥമായ സൈലോസിബിൻ, കൂൺ വിഷബാധ മരണത്തിനു കാരണമാകുന്ന അമാടോക്സിൻ എന്നിങ്ങനെ രണ്ടു വ്യത്യസ്ത രാസവസ്തുക്കളാണു കുഞ്ഞൻകൂണിൽ അടങ്ങിയിട്ടുള്ളത്. ഇവയുമായി സാമ്യമുള്ള ചില കൂണുകളിൽ ഇത്തരം രാസവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇവ രണ്ടും ഒറ്റക്കൂണിൽ കണ്ടെത്തുന്നത് ആദ്യമാണെന്നു ഗവേഷകർ വെളിപ്പെടുത്തി. അന്താരാഷ്ട്ര ശാസ്ത്രമാസികയിലാണ് 'ഡാർക്ക് മാജിക് മഷ്റു'മായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന പഠനം പ്രസിദ്ധീകരിച്ചത്.
കൂണുകൾ എന്തിനാണ് സൈലോസിബിൻ ഉത്പാദിപ്പിക്കുന്നതെന്ന് ഇതുവരെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം, മറ്റു ജീവികൾക്കു ഭക്ഷണമാകുന്നതിൽനിന്നു രക്ഷനേടാനായിരിക്കാം അമാടോക്സിൻ ഉത്പാദിപ്പിക്കുന്നത്. ഇത്തരം കൂണുകളുടെ പാരിസ്ഥിതിക ധർമത്തെക്കുറിച്ചു വിശദമായ പഠനം ആവശ്യമാണെന്നും കുനിക് അഭിപ്രായപ്പെട്ടു. പൂർവികകുമിളുകൾ മറ്റു വർഗങ്ങളുമായി ഡിഎൻഎ കൈമാറ്റം ചെയ്തതുകൊണ്ടാണു രണ്ടു സംയുക്തങ്ങളും ഒരേസമയം ഉത്പാദിപ്പിക്കാനുള്ള ശേഷി കൈവരിച്ചതെന്നു ഗവേഷകർ അനുമാനിക്കുന്നു.