ഫ്ലോറിഡ: വിക്ഷേപണത്തിനു പിന്നാലെ സാങ്കേതിക തകരാർ നേരിട്ടതിനെത്തുടർന്ന് യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ (യുഎൽഎ) വൾക്കൻ റോക്കറ്റ് ദൗത്യം പരാജയപ്പെട്ടു.
ഇതോടെ റോക്കറ്റിലുണ്ടായിരുന്ന ആമസോണിന്റെ ലിയോ ഇന്റർനെറ്റ് ശൃംഖലയിലെ 40 ഉപഗ്രഹങ്ങളും നഷ്ടമായി. ഞായറാഴ്ച ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽനിന്ന് കുതിച്ചുയർന്ന റോക്കറ്റിന് പത്തുമിനിറ്റിനുള്ളിലാണ് തകരാർ സംഭവിച്ചത്.
യുഎസ് വിമാനനിർമാണ കന്പനിയായ ബോയിംഗിന്റെയും പ്രതിരോധ ഗവേഷണസ്ഥാപനമായ ലോക്ക്ഹീഡ് മാർട്ടിന്റെയും റോക്കറ്റ് പദ്ധതികൾ സംയോജിപ്പിച്ച് 2006ൽ രൂപവത്കരിച്ച യുഎൽഎയുടെ ചരിത്രത്തിലെ ആദ്യ സമ്പൂർണ ദൗത്യപരാജയമാണിത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.40നായിരുന്നു വിക്ഷേപണം. രണ്ടുദിവസത്തെ കാലതാമസത്തിനും കൗണ്ട്ഡൗൺ അവസാനിക്കാൻ 20 സെക്കൻഡ് മാത്രം ശേഷിക്കെ നേരിട്ട സാങ്കേതിക തടസങ്ങൾക്കും ശേഷമാണ് റോക്കറ്റ് കുതിച്ചുയർന്നത്.
പത്തുമിനിറ്റിനുശേഷം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കേണ്ട രണ്ടാംഘട്ടമായ സെന്റോറിന്റെ ജ്വലനത്തിനിടെയാണ് തകരാർ സംഭവിച്ചതെന്നാണു പ്രാഥമിക വിവരം.
ആമസോണിന്റെ സ്വപ്നപദ്ധതിക്കു തിരിച്ചടി
ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിനു ബദലായി ആമസോൺ വികസിപ്പിക്കുന്ന ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖലയാണ് ആമസോൺ ലിയോ. നേരത്തേ പ്രോജക്ട് കൈപ്പർ എന്നപേരിലാണു പദ്ധതി അറിയപ്പെട്ടിരുന്നത്.
ആഗോളതലത്തിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ 3,232ലേറെ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുകയാണ് ലക്ഷ്യം. എന്നാൽ ഇതുവരെ 14 വിക്ഷേപണങ്ങളിലായി 396 ഉപഗ്രഹങ്ങൾ മാത്രമാണു വിന്യസിക്കാനായത്. 11,000ത്തിലേറെ ഉപഗ്രഹങ്ങളുള്ള സ്റ്റാർലിങ്ക് ഈ രംഗത്ത് ഏറെ മുന്നിലാണ്.
വൾക്കൻ റോക്കറ്റിൽ ആമസോൺ കരാർ ചെയ്തിരുന്ന 38 വിക്ഷേപണങ്ങളിൽ ആദ്യത്തേതായിരുന്നു ഞായറാഴ്ചത്തേത്. ഈ റോക്കറ്റുകൾ ഉപയോഗിച്ച് 1,500ലേറെ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാനായിരുന്നു പദ്ധതി. പുതിയ പരാജയം തുടർവിക്ഷേപണങ്ങളെയും അനിശ്ചിതത്വത്തിലാക്കി.
അതേസമയം, ആമസോണിന്റെ അടുത്ത വിക്ഷേപണം ഈ മാസം 23ന് യൂറോപ്യൻ ഏരിയൻ 6 റോക്കറ്റ് ഉപയോഗിച്ചു നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. 36 ഉപഗ്രഹങ്ങളാണ് ഈ ദൗത്യത്തിൽ വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നത്.